കൊച്ചി : തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, 2025 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെയും ആദ്യ പകുതിയിലെയും സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. രണ്ടാം പാദത്തിൽ ബാങ്ക് 190 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു, അറ്റ പലിശ വരുമാനം 2024 സാമ്പത്തിക വർഷത്തിലെ 597 കോടി രൂപയിൽ നിന്ന് 540 കോടി രൂപയായി കുറഞ്ഞു. അതേ സമയം, ബാങ്ക് 8.6% അറ്റ പലിശ മാർജിൻ നിലനിർത്തി. സുരക്ഷിത വായ്പാ വിതരണം 92% വർധിച്ച് 5,631 കോടി രൂപയിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,937 കോടി രൂപയായിരുന്നു. സുരക്ഷിത അസറ്റ് പോർട്ട്ഫോളിയോ 2024 -25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 38% ആയി വളർന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 27% ആയിരുന്നു.
സ്വർണ വായ്പ ആദ്യ പകുതിയിൽ 59% വർദ്ധിച്ച് 3,742 കോടി രൂപയിലെത്തി. മുൻവർഷമിത് 2,352 കോടി രൂപയായിരുന്നു. കാസ നിക്ഷേപങ്ങൾ ശക്തമായ വളർച്ച കാഴ്ചവെച്ചു. 69.3% വർധിച്ച് 5,319 കോടി രൂപയായി. മുൻ സാമ്പത്തിക വർഷമിത് 3,142 കോടി രൂപയായിരുന്നു. കാസ അനുപാതം 18.04% ൽ നിന്ന് 24.6% വർധിച്ചു. 2024 ജൂണിൽ 61.9% ആയിരുന്ന പ്രൊവിഷൻ കവറേജ് റേഷ്യോ (PCR) 2024 സെപ്തംബർ വരെ 73.7% ആയി ഉയർത്തി. അറ്റനിഷ്ക്രിയ ആസ്തികളും മെച്ചപ്പെട്ടു. 2024 ജൂണിൽ 3.22% ആയിരുന്നത് 2024 സെപ്റ്റംബറിൽ 2.98% ആയി കുറഞ്ഞു. 23%-ന് മുകളിൽ ആരോഗ്യകരമായ മൂലധന പര്യാപ്തത അനുപാതവും ബാങ്ക് നിലനിർത്തി. 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇസാഫ് 5.68 ലക്ഷം പുതിയ ഉപഭോക്താക്കളെ കൂട്ടി ചേർത്തു. മൊത്തം 89.41 ലക്ഷം ഉപഭോക്താക്കളാണ് ബാങ്കിനുള്ളത്. ബാങ്കിന്റെ മൊത്ത ബിസിനസ് 17% വർധിച്ച് 40,829 കോടി രൂപയിലെത്തി. മൊത്തത്തിലുള്ള അഡ്വാൻസുകൾ 21.3% വർധിച്ച് 18,340 കോടിയായി. മൊത്തം ലോൺ 10% വർധിച്ച് 19,216 കോടി രൂപയായി. നിക്ഷേപങ്ങളും ഗണ്യമായി ഉയർന്നു. മൊത്തം നിക്ഷേപം 24.1% വർധിച്ച് 2024 സാമ്പത്തിക വർഷത്തിലെ 17,416 കോടി രൂപയിൽ നിന്ന് 21,613 കോടി രൂപയായി.
മൊത്തത്തിലുള്ള ബിസിനസിൽ 17% വർധനയും കാസ നിക്ഷേപങ്ങളിൽ ശക്തമായ ഉയർച്ചയും ഉണ്ടായി. 92% നിക്ഷേപങ്ങളും റീട്ടെയിൽ മേഖലയിൽ നിന്നായിരുന്നു. ഇത് ബാങ്കിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് അടിവരയിടുന്നു. അടുത്ത രണ്ട് മൂന്ന് പാദങ്ങളിൽ ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് അഭിപ്രായപ്പെട്ടു. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുന്നതിനുമുള്ള സാങ്കേതിക മുന്നേറ്റങ്ങളിൽ ഇസാഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നു അദ്ദേഹം സൂചിപ്പിച്ചു. ബാങ്കിന് 24 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 756 ശാഖകളാണുള്ളത്. 646 എടിഎമ്മുകൾ, 35 സ്ഥാപന ബിസിനസ് കറസ്പോണ്ടന്റ് പങ്കാളിത്തം, 1,097 കസ്റ്റമർ സർവീസ് സെന്ററുകളുമുണ്ട്.
Ajith V Raveendran