എന്റെ സമരങ്ങൾ ആദിവാസികൾക്ക് വേണ്ടി മാത്രമായിരുന്നില്ല; എല്ലാവർക്കും വേണ്ടിയായിരുന്നു – സി.കെ. ജാനു

Spread the love

ഞാൻ നടത്തിയ സമരങ്ങൾ ആദിവാസികൾക്ക് വേണ്ടിമാത്രമായിരുന്നില്ല; എല്ലാവർക്കും വേണ്ടിയായിരുന്നുവെന്ന് സി.കെ. ജാനു പറഞ്ഞു. ആ സമരങ്ങളിലൂടെ സാമൂഹിക വളർച്ചയുണ്ടായി. എല്ലാ ജനവിഭാഗങ്ങൾക്കും പ്രയോജനമുണ്ടായി. എന്റെ സമരങ്ങൾ അടയാളപ്പെടുത്തലുകളായിരുന്നു. മനുഷ്യരുടെ മനസ്സിന്റെ വേദന എനിക്കറിയാം. അമ്മയുടെ രോഗവും മരണവുമായി ബന്ധപ്പെട്ട് ഞാൻ കുറേ നാളുകളായി പൊതുപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. അടുത്തയാഴ്ച മുതൽ വീണ്ടും ഞാൻ സജീവമാകും; സി.കെ. ജാനു പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഏർപ്പെടുത്തിയ പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സി.കെ. ജാനു. അന്യഭാഷയ്ക്ക് വേണ്ടി അഭയാർത്ഥിത്വം സ്വീകരിക്കുന്നവരാണ് മലയാളികൾ. മലയാള ഭാഷ കേരളത്തിന്റെ അസ്ഥിത്വവും വ്യക്തിത്വവുമാണ്. മലയാളഭാഷയെ നെഞ്ചോട് ചേർത്തിരിക്കുന്നവർ ഗോത്രവർഗക്കാരാണ്. കേരളത്തിൽ 36 വിഭാഗം ആദിവാസികളുണ്ട്. ഓരോ വിഭാഗത്തിനും അതത് ഗോത്രവർഗ്ഗ ഭാഷയുമുണ്ട്. എങ്കിലും എല്ലാവരും ഉപയോഗിക്കുന്നത് മലയാളഭാഷയാണ്. മലയാളഭാഷയുടെ തനിമ നിലനിർത്തുന്നതിൽ ഗോത്രവർഗ്ഗങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്; സി.കെ. ജാനു പറഞ്ഞു.

കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിൽ സംഘടിപ്പിച്ച മാതൃഭാഷാവാരാചരണ സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി, പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം സി.കെ. ജാനുവിന് സമ്മാനിച്ചു. സംസ്ഥാന ഭരണഭാഷാ പുരസ്കാരം ലഭിച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ പി.ബി. സിന്ധുവിനെ ആദരിച്ചു.

പ്രൊഫ. സജിത കെ.ആർ. അധ്യക്ഷയായിരുന്നു. ഡോ. എം.സി. അബ്ദുൾ നാസർ പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക പ്രഭാഷണം നിർവ്വഹിച്ചു. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, പ്രൊഫ. വി. ലിസി മാത്യു, സിൽവി കൊടക്കാട്, സുഖേഷ് കെ. ദിവാകർ, പ്രേമൻ തറവട്ടത്ത്, പി.ബി. സിന്ധു, കെ.ആർ. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. മാതൃഭാഷാവാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് സമ്മാനങ്ങൾ വിതരണം ചെയ്തു. തീർത്ഥ മോഹൻ കാവ്യാവിഷ്കാരം നടത്തി.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *