ഭരണഘടന ദിനാചരണം; ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ മോക്ക് പാർലമെൻ്റുമായി ജില്ലാ ഭരണകൂടം

Spread the love

ഇന്ത്യൻ ഭരണഘടന ദിനമായ നവംബർ 26 ആചരണത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലും മോക്ക് പാർലമെൻ്റുകൾ സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികളിൽ ജനാധിപത്യ സംവിധാനത്തെ കുറിച്ചും പാർലമെന്റ് നടപടിക്രമങ്ങളെ സംബന്ധിച്ചും അവബോധം വളർത്തുക, പാർലമെൻ്റ് അംഗങ്ങളുടെ കർത്തവ്യങ്ങൾ പരിചയപ്പെടുത്തുക, സാമൂഹിക വിഷയങ്ങളിൽ സംവാദങ്ങളിൽ ഏർപ്പെടുന്നതിനും അഭിപ്രായങ്ങളും നിലപാടുകളും രൂപീകരിക്കുന്നതിനും പര്യാപ്തമാക്കുക, ഗവേഷണം, ടീം വർക്ക്, പബ്ലിക് സ്പീക്കിങ്, വിമർശനാത്മക ചിന്ത തുടങ്ങിയ നിർണായക അഭിരുചികൾ വികസിപ്പിക്കുന്നതിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മോക്ക് പാർലമെൻ്റ് സംഘടിപ്പിക്കുന്നത്.

നവംബർ 16 മുതൽ 23 വരെയുള്ള തീയ്യതികളിലാണ് സ്കൂളുകളിൽ മോക്ക് പാർലമെൻ്റുകൾ നടക്കുക. മികച്ച നിലയിൽ അവതരിപ്പിക്കുന്ന ഹയർ സെക്കണ്ടറി വിദ്യാലയങ്ങൾക്ക് പ്രശസ്തി പത്രവും ആകർഷകമായ സമ്മാനങ്ങളും നൽകും.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീ; പങ്കാളിത്തവും പ്രതിനിധാനവും, വിദ്യാഭ്യാസ പരിഷ്കാരങ്ങളും പാഠ്യസമ്പ്രദായങ്ങളുടെ ഭാവിയും, സുസ്ഥിര വികസന സങ്കൽപവും കാലാവസ്ഥാ മാറ്റവും, രാഷ്ട്ര നിർമ്മാണത്തിലെ യുവജനപങ്കാളിത്തം, മാനസികാരോഗ്യവും പിന്തുണ സംവിധാനങ്ങളും, ഡിജിറ്റൽ സാക്ഷരതയും സൈബർ സുരക്ഷയും, ഉയരുന്ന ലഹരി ഉപയോഗം; പ്രതിവിധിയും പ്രതിരോധവും തുടങ്ങിയ സമകാലീന വിഷയങ്ങൾ ചർച്ചയാകും.

സഭ മാതൃകയിലാണ് പാർലമെൻ്റ് ഒരുക്കുക. സഭ നാഥൻ്റെ അഭിസംബോധനയും സത്യപ്രതിജ്ഞയും ചോദ്യത്തര വേളയും അടിയന്തര പ്രമേയാവതരണവും സംവാദവും ഉപസംഹാരവുമെല്ലാം അടങ്ങുന്നതാകും മോക്ക് പാർലമെൻ്റുകൾ. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഭരണ പ്രതിപക്ഷ അംഗങ്ങൾ, മന്ത്രിമാർ, സെക്രട്ടറി ജനറൽ എന്നീ റോളുകളിൽ വിദ്യാർത്ഥികൾ എത്തും.

പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ്, അസിസ്റ്റൻ്റ് കലക്ടർ ആയുഷ് ഗോയൽ, വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടർ, സ്കൂൾ പ്രിൻസിപ്പൽമാർ, ജില്ലാ കലക്ടറുടെ ഇൻ്റെൺസ് തുടങ്ങിയവർ നേതൃത്വം നൽകും.

Author

Leave a Reply

Your email address will not be published. Required fields are marked *