സംസ്ഥാനത്തെ റേഷൻ ഭക്ഷ്യധാന്യങ്ങൾ വാതിൽപ്പടി വിതരണം നടത്തുന്ന കരാറുകാർ നടത്തി വന്ന സമരം പിൻവലിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിലേയ്ക്ക് കരാറുകാർ അടയ്‌ക്കേണ്ട തുക കുടിശ്ശികയായതിനെ തുടർന്ന് ബോർഡ് ചുമത്തിയ പിഴപ്പലിശ്ശ ഒഴിവാക്കണമെന്നതായിരുന്നു സംഘടനയുടെ പ്രധാന ആവശ്യം. മന്ത്രിമാരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നവംബർ 22ന് ചേരുന്ന ബോർഡ് യോഗം ഇക്കാര്യം പരിശോധിച്ച് രമ്യമായ പരിഹാരം കണ്ടെത്തുമെന്ന് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമചന്ദ്രൻ യോഗത്തിൽ അറിയിച്ചു. ഓരോ മാസത്തേയും ബിൽതുക കരാറുകാർക്ക് വിതരണം ചെയ്യുന്നതിന് മുൻപ് ക്ഷേമനിധി വിഹിതം ബോർഡിലേയ്ക്ക് അടച്ചു എന്ന് ഉറപ്പുവരുത്തുവാനുള്ള ക്രമീകരണം ഏർപ്പെടുത്താമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.
റേഷൻ വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട അനുബന്ധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സപ്ലൈകോയുമായും കരാറുകാരുടെ പ്രതിനിധികളുമായും ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്തിന് ലേബർ കമ്മീഷണറെ യോഗം ചുമതലപ്പെടുത്തി. യോഗത്തിൽ കേരള ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ തമ്പി മേട്ടത്തറ, ഭഗദ് ബിൻ ഇസ്‌മൈൽ, മുഹമ്മദ് റഫീക്ക്, കെ.പി.ജെയിംസ് എന്നിവർ പങ്കെടുത്തു.