ബാങ്ക് തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമണമാണ് സിപിഎം അഴിച്ചുവിട്ടത്. ക്രിമിനലുകളായ സിപിഎം പ്രവര്‍ത്തകര്‍ വോട്ടര്‍മാരെയും യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരെയും ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാറിനെയും ആക്രമിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിനെയും അതിക്രൂരമായി മര്‍ദ്ദിച്ചു.ഇതെല്ലാം പോലീസിന്റെ സാന്നിധ്യത്തിലാണ് നടന്നത്. അക്രമികളെ പിടികൂടുന്നതിനോ തടയുന്നതിനോ തയ്യാറാകാതെ നിഷ്‌ക്രിയരായി പോലീസ് നോക്കിനിന്നു. അക്രമികള്‍ക്ക് തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനും നേതാക്കളെയും പ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്യാനുമുള്ള സൗകര്യമൊരുക്കാന്‍ പോലീസ് ഒത്താശചെയ്‌തെന്നും ഹസന്‍ ആരോപിച്ചു
ജനാധിപത്യ മാര്‍ഗത്തില്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയിക്കാനാവില്ലെന്ന ഭയമാണ് സിപിഎമ്മിനെ അക്രമത്തിന്റെ പാതതിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. അധികാരത്തിന്റെയും കയ്യൂക്കിന്റെയും ബലത്തില്‍ യുഡിഎഫ് ഭരണസമിതികള്‍ സിപിഎം പിടിച്ചെടുക്കുകയാണ്. ഇത് ജനാധിപത്യത്തിന്റെ അന്തസ്സ് തകര്‍ക്കുന്ന നടപടിയാണ്. ഇതിനെതിരെ സഹകാരികള്‍ ഒറ്റക്കെട്ടായി അണിനിരക്കണം.പി.എം.നിയാസ് ഉള്‍പ്പെടെയുള്ള നേതാക്കളെ ആക്രമിച്ച സിപിഎം ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കണം. അല്ലെങ്കില്‍ യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടുമെന്നും ഹസന്‍ പറഞ്ഞു.
നിരവധി പേര്‍ക്ക് ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. 5000 ലധികം കള്ളവോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഒട്ടും സുതാര്യമല്ലാത്ത രീതിയില്‍ ജനാധിപത്യ വിരുദ്ധ മാര്‍ഗത്തിലൂടെ നേടിയ കൃത്രിമ വിജയം അംഗീകരിക്കാനാവില്ല. നിലവിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി റീ പോളിംഗ് നടത്തണം. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ സിപിഎമ്മിന്റെ അതിക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എംഎം ഹസന്‍ പറഞ്ഞു.