ഭിന്നശേഷിക്കാർക്ക് എ ഐ കൈത്താങ്ങുമായി ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾ

Spread the love

പൊതുവിദ്യാലയങ്ങളിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന 260 ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ ഇന്ന് (നവംബർ 23) മുതൽ തുടങ്ങും. എ ഐ സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങുനൽകാൻ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കലാണ് ഈ വർഷത്തെ ക്യാമ്പുകളുടെ പ്രത്യേകത. ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായ ഓപ്പൺടൂൺസ്, ബ്ലെൻഡർ തുടങ്ങിയവ ഉപയോഗിച്ച് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കും.

സംസാരിക്കാനും കേൾക്കാനും പ്രയാസം നേരിടുന്ന കുട്ടികൾക്ക് ആംഗ്യ ഭാഷയിൽ സംവദിക്കാൻ കഴിവുള്ള പ്രോഗ്രാമുകൾ എ ഐ ഉപയോഗിച്ച് തയ്യാറാക്കുന്നത് ആംഗ്യ ഭാഷ പഠിക്കാൻ മാത്രമല്ല, ഇത്തരം കുട്ടികളോട് സംവദിക്കാൻ പ്രേരിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂൾ. ഇതിനായുള്ള വീഡിയോ ക്ലാസുകളും ക്യാമ്പിൽ പരിചയപ്പെടുത്തും. നഗരവൽക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ടു പക്ഷികളുടെ പ്രയത്‌നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെയെന്ന ആശയത്തിലാണ് കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ ക്യാമ്പിൽ തയ്യാറാക്കുക.

ഈ വർഷം 2219 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലായി 2.08 ലക്ഷം അംഗങ്ങളുള്ളതിൽ സ്‌കൂൾതല ക്യാമ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15668 കുട്ടികൾ ഉപജില്ലാക്യാമ്പുകളിൽ പങ്കെടുക്കുമെന്നും ഇതിനായി 1200 പരിശീലകരെ സജ്ജമാക്കിയിട്ടുണ്ട്. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്.

Author

Leave a Reply

Your email address will not be published. Required fields are marked *