പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

Spread the love

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡുകളുടെ യൂണിറ്റുകൾ വർധിപ്പിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സെക്രട്ടറിയേറ്റ് ലയം ഹാളിൽ നടന്ന പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ സംസ്ഥാനതല ഉന്നതാധികാര വിജിലൻസ്, മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതിക്രമങ്ങൾ ഫലപ്രദമായി തടയുന്നതിനായി പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സ്‌പെഷ്യൽ കോടതികൾ നിലവിലുള്ള നാലെണ്ണത്തിൽ നിന്നും ഏഴായി വർദ്ധിപ്പിച്ചിട്ടുണ്ട്. വകുപ്പിന്‍റെ ജില്ലാതല വിജിലൻസ്, മോണിറ്ററിംഗ് കമ്മിറ്റി സമയബന്ധിതമായി കൂടണമെന്ന് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അതിക്രമങ്ങൾക്ക് ഇരയാകുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള ആശ്വാസ സഹായത്തിന്റെയും മിശ്രവിവാഹത്തിന് നൽകുന്ന ധനസഹായത്തിന്റെയും കേന്ദ്ര വിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസൽ കേന്ദ്രത്തിന് നൽകിയിട്ടുള്ളതായി പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു യോഗത്തിൽ അറിയിച്ചു.
അതിക്രമങ്ങൾക്ക് ഇരയാകുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ആശ്രിതനിയമനം മറ്റ് വകുപ്പുകളിൽ കൂടി നടത്തുന്നതിനുള്ള നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. യോഗത്തിൽ ധന വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *