ഉപതിരഞ്ഞെടുപ്പ് വിജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം : കെ.സുധാകരന്‍ എംപി

Spread the love

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി എറണാകുളത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം

പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നും കെ.സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന്റെയും ബിജെപിയുടെയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടി കൂടിയാണ് ഈ ജനവിധി. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും യുഡിഎഫിന് ലഭിച്ചു. പരാജയത്തിലെ ജാള്യതയാണ് സിപിഎം വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത്.സര്‍ക്കാരിനോടും സിപിഎമ്മിനോടുമുള്ള ജനങ്ങളുടെ വെറുപ്പാണ് അവര്‍ക്ക് തിരിച്ചടിയായത്. അത് മനസിലാക്കാതെ വെറുതെ കുറെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സിപിഎം.

പാലക്കാട് ബിജെപി തോറ്റതില്‍ സിപിഎം കടുത്ത നിരാശയിലാണ്. ബിജെപിയുടെ അജണ്ടകളാണ് സിപിഎം നടപ്പാക്കാന്‍ ശ്രമിച്ചത്. അതിനുള്ള തിരിച്ചടി ഉപതിരഞ്ഞെടുപ്പില്‍ കിട്ടിയിട്ടും പാഠം പഠിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല.തീവ്ര കമ്യൂണിസ്റ്റുകളുടെയും വോട്ടുകള്‍ വയനാടും പാലക്കാടും ചേലക്കരയിലും യുഡിഎഫിന് കിട്ടി. അത് സൂചിപ്പിക്കുന്നത് പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ വ്യാപ്തിയാണ്.

ചേലക്കരയിലെ പരാജയ കാരണം പരിശോധിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് സിപിഎം കൈവശം വെയ്ക്കുന്ന മണ്ഡലമാണ് ചേലക്കര. സി പി എമ്മിന് അവിടെ കഴിഞ്ഞ തവണ കിട്ടിയ 39400 ഭൂരിപക്ഷം 12201 ലേക്ക് താഴ്ത്താനായ കോൺഗ്രസിന് ഗോള്‍ഡ് മെഡലാണ് തരണ്ടേത്. സിപിഎമ്മിന്റെ കോട്ടയില്‍ അവരുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തനത്തിന്റെ വിജയമാണ്. രമ്യ ഹരിദാസ് മികച്ച സ്ഥാനാര്‍ത്ഥിയാണ്. അവരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. മറിച്ച് അഭിപ്രായമുണ്ടോയെന്ന് അറിയില്ല.

പി. സരിന്‍ കാണിച്ചത് വലിയ ചതിയാണെന്നും സ്ഥാനാര്‍ഥിത്വം കിട്ടിയില്ല എന്നുപറഞ്ഞ് തിരഞ്ഞെടുപ്പിന് മുമ്പ് മറുപക്ഷം ചാടുന്നയാളെ വിശ്വസിക്കാനോ കൂടെ നിര്‍ത്താനോ സാധിക്കില്ല. നിര്‍ണ്ണായക സമയത്ത് പാര്‍ട്ടിയെ വഞ്ചിച്ച വ്യക്തിയെ തിരികെവന്നാലും കോണ്‍ഗ്രസ് എടുക്കില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

സന്ദീപ് വാര്യരെക്കുറിച്ചും മനോഹരമായ വാക്കുപയോഗിച്ചയാളാണ് എ കെ ബാലന്‍. സിപിഎമ്മില്‍ പോയാല്‍ മിടുക്കനും തറവാടിത്തമുള്ളവനും ക്രിസ്റ്റല്‍ ക്ലിയറും എന്നാണ് പറഞ്ഞത്. കോണ്‍ഗ്രസിലേക്ക് വന്നപ്പോള്‍ എല്ലാം മാറി. അഭിപ്രായ സ്ഥിരതയെന്നത് രാഷ്ട്രീയ നേതാവിന്റെ ക്വാളിറ്റിയാണ്. വായില്‍ തോന്നിയതും സമയത്ത് തോന്നിയതും വിളിച്ചുപറയുന്നവര്‍ രാഷ്ട്രീയക്കാരനല്ല. അവന്‍ രാഷ്ട്രീയത്തിലെ ഭ്രാന്തവികാരത്തിന്റെ ഉടമസ്ഥനാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ തിരിച്ചും മറിച്ചും സംസാരിക്കുന്നതെന്നും കെ സുധാകരന്‍ ചോദിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *