മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആളിപ്പടരുന്ന ജനവികാരത്തെ തുടര്‍ന്നാണ് സഖാക്കള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും പാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേക്കേറുകയും ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.ചേരിപ്പോരും തമ്മിലടിയും മുല്യച്യുതിയും ജീര്‍ണ്ണതയുമാണ് സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെന്നും അതിനെതിരെ അവരുടെ അണികള്‍ രംഗത്തുവന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.
നേതൃത്വത്തോടുള്ള അതൃപ്തി പരസ്യപ്പെടുത്തി അണികള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത് സിപിഎമ്മിന്റെ സമീപകാല ചരിത്രത്തിലാദ്യമാണ്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും എതിരായ അന്തിമ താക്കീതാണ്. ആലപ്പുഴ മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നതും ‘സേവ് സിപിഎം, കൊള്ളക്കാരില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കൂ’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സ്ത്രീകളും യുവാക്കളും അടങ്ങുന്ന സിപിഎം അണികളുടെ സംഘം കരുനാഗപ്പള്ളിയില്‍ പ്രതിഷേധിച്ചതും അതിന്റെ സൂചനയാണെന്നും കെ.സുധാകരന്‍ ഓര്‍മ്മിപ്പിച്ചു
അഴിമതിയും ആര്‍ഭാടവും ധാര്‍ഷ്ട്യവും വര്‍ഗീയ ശക്തികളുമായുള്ള അവിശുദ്ധ ബന്ധവുമാണ് സിപിഎം നേതൃത്വത്തെ ബാധിച്ചിരിക്കുന്ന തിമിരം.കേരളത്തില്‍ പലപ്പോഴും ബിജെപിയുടെ നാവായി സിപിഎം മാറി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രേമം നടിച്ച സിപിഎമ്മും മുഖ്യമന്ത്രിയും ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുകയാണ്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന സിജെപി മുന്നണിയാണുള്ളത്.കോണ്‍ഗ്രസ് ഇത്രയും നാളും സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അവരുടെ അണികള്‍ അടിവരയിടുകയാണ്. നേതാക്കളിലും അണികളിലും ഒരുപോലെ പ്രതിഷേധം പുകയുന്ന അഗ്‌നിപര്‍വതമായി സിപിഎം മാറിയെന്നും കെ.സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് സംഘപരിവാറിന്റെ ആലയില്‍ സിപിഎമ്മിനെ നേതൃത്വം തളച്ചത്.കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ പോലും പണയപ്പെടുത്തി ഏതു കറുത്തശക്തിയോടും കൂട്ടുകൂടാന്‍ സിപിഎം നേതൃത്വം തയ്യാറായതിന്റെ ഫലമായി ബംഗാളിലുണ്ടായ തകര്‍ച്ച കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ജനം നേരത്തെ സിപിഎമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും കൈവിട്ടു.ഉപതിരഞ്ഞെടുപ്പ് ഫലം അതിന് തെളിവ്. സിപിഎമ്മിന്റെ തകര്‍ച്ച ബിജെപി മുതലെടുക്കുകയാണ്. പാലക്കാട് ഉള്‍പ്പെടെ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയ പല അസംബ്ലി മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് ബിജെപിയാണ്.ബിജെപിയുടെ വര്‍ഗീയതയെ പ്രതിരോധിക്കാനും തോല്‍പ്പിക്കാനും കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂയെന്നും സുധാകരന്‍ പറഞ്ഞു.