കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് ബാംബൂ ഫെസ്റ്റിലെത്തിയാല്‍ ഏതൊരാളുടേയും കണ്ണ് ആദ്യം ഉടക്കുക തൂങ്ങിക്കിടക്കുന്ന ക്രിസ്മസ് സ്റ്റാറുകളിലേയ്ക്കും വിളക്കുകളിലേയ്ക്കുമാകും. ഇത്തവണ പുല്‍ക്കൂട് ഉള്‍പ്പെടെ ക്രിസ്മസിനെ വരവേല്‍ക്കാനുള്ള നിരവധി ഉല്‍പ്പന്നങ്ങളാണ് മേളയിലുള്ളത്.
വിവിധ തരം നക്ഷത്രങ്ങളില്‍ ഏറ്റവും ആകര്‍ഷണീയം ചണത്തില്‍ നിര്‍മിച്ചവയാണ്. ആദ്യ ദിവസം തന്നെ 10,000 രൂപയ്ക്ക് മുകളിലാണ് ഇവയുടെ വില്‍പ്പന നടന്നത്. വയനാട് മേപ്പാടിയില്‍ നിന്നുള്ള ഗ്ലോബല്‍ ബാംബൂ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഇത്തവണ ചണം കൊണ്ട് നിര്‍മിച്ച സ്റ്റാര്‍ എത്തിയിട്ടുള്ളത്. ഒരു ദിവസം ഒരാള്‍ക്ക് പരമാവധി രണ്ടെണ്ണം മാത്രമാണ് നിര്‍മിക്കാന്‍ കഴിയൂവെന്ന് ജീവനക്കാര്‍ പറയുന്നു. 1000 രൂപയാണ് വിലയെങ്കിലും ആവശ്യക്കാര്‍ക്ക് വിലയില്‍ അല്‍പ്പം കുറച്ചും കൊടുക്കാറുണ്ട്. ജൂട്ട് കൊണ്ട് നിര്‍മിച്ച പൂക്കളും ഇതിനോടൊപ്പമുണ്ട്.
മുള കൊണ്ട് മാത്രം നിര്‍മിച്ച സ്റ്റാറുകളും മറ്റ് സ്റ്റോളുകളില്‍ ഉണ്ട്. ഓയില്‍ പേപ്പറിനും തുണിക്കുമൊപ്പം മുളകൊണ്ട് നിര്‍മിച്ച സ്റ്റാറുകള്‍ക്ക് വലുപ്പത്തിനനുസരിച്ച് 1000 രൂപ മുതല്‍ 3000 രൂപ വരെ വില വരും. മുളകൊണ്ട് മാത്രം നിര്‍മിച്ച നക്ഷത്രങ്ങള്‍ക്ക് വില അല്‍പ്പം കൂടുതലാണെങ്കിലും ആവശ്യക്കാര്‍ ഏറെയാണ്.
ചൂരല്‍ കൊണ്ടുള്ള ക്രിസ്മസ് സാധനങ്ങളാണ് മറ്റൊരു ആകര്‍ഷണീയ ഇനം. കഴിഞ്ഞ വര്‍ഷം ഫര്‍ണിച്ചറുകളും മറ്റുമായിരുന്നുവെങ്കില്‍ ഇത്തവണ വൈറ്റില സ്വദേശി വര്‍ഗീസ് ജോബ് മേളയ്‌ക്കെത്തിയത് നിറയെ ക്രിസ്മസ് ഉല്‍പ്പന്നങ്ങളുമായാണ്. ആദ്യ ദിവസം തന്നെ പുല്‍ക്കൂടും നക്ഷത്രവും എല്ലാം വിറ്റു തീര്‍ന്നു.
നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഏറെ കാലം കേടു കൂടാതെ നില്‍ക്കും എന്നതാണ് ആളുകളെ ചൂരല്‍ നക്ഷത്രത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതെന്ന് വൈറ്റില സ്വദേശിയായ വര്‍ഗീസ് പറയുന്നു. 600 മുതല്‍ 2000 വരെയാണ് ചൂരല്‍ നക്ഷത്രങ്ങളുടെ വില. ചൂരലിന്റെ ക്രിസ്മസ് ട്രീയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. 250 മുതല്‍ മുകളിലേയ്ക്കാണ് ക്രിസ്മസ് ട്രീയുടെ വില. കൂടാതെ ക്രിസ്മസിന് ഇണങ്ങുന്ന തരത്തിലുള്ള മണികളും ലാംപ് ഷെയ്ഡുകളും ഇവരുടെ സ്റ്റോളിലുണ്ട്. ഡിസംബര്‍ 7ന് ആരംഭിച്ച മേള ഡിസംബര്‍ 12ന് അവസാനിക്കും. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയില്‍ പ്രവേശനം സൗജന്യമാണ്.
Aishawrya