കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് കേരള ബാംബൂ ഫെസ്റ്റിന് ജനത്തിരക്കേറുന്നു. ധാരാളം ആളുകളാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് മേള സന്ദര്‍ശിക്കാനെത്തുന്നത്. തത്സമയ മ്യൂറല്‍ പെയിന്റിങ്, തത്സമയ ക്രാഫ്റ്റ് എന്നിവ മേളയുടെ മാറ്റ് കൂട്ടുന്നു. കണ്ണാടി പോലെ തിളങ്ങുന്നതും മിനുസമുള്ളതുമായ കണ്ണാടിപ്പായ ബാംബൂ മേളയുടെ പ്രധാന ആകര്‍ഷണമാണ്. ആദിവാസി വിഭാഗങ്ങളുടെ ഈ പരമ്പരാഗത കണ്ണാടിപ്പായ തത്സമയമായി മേളയില്‍ നെയ്തെടുക്കുന്നുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ മന്നാന്‍, മുതുവാന്‍, കാടര്‍, മലയര്‍ എന്നീ ആദിവാസി വിഭാഗങ്ങളാണ് പൊതുവെ കണ്ണാടിപ്പായ നിര്‍മിക്കുന്നത്. കണ്ണാടിപ്പായ പരമ്പരാഗതമായി ഈറ്റയിലാണ് നിര്‍മിക്കുന്നത്. സാധാരണ പുല്‍പ്പായ, തഴപ്പായ എന്നിവയില്‍ നിന്ന് വ്യത്യസ്തമായാണ് ഇവയുടെ നെയ്ത്ത്. പൂര്‍ണമായും കൈകൊണ്ട് മാത്രമാണ് നിര്‍മാണം. ഈറ്റ കൊണ്ട് വന്ന് അതിനെ പ്രത്യേകരീതിയില്‍ തഴയാക്കിയെടുത്താണ് നെയ്യുന്നത്.
മേളയില്‍ ഇത്തവണ കണ്ണാടിപ്പായ നിര്‍മാണത്തിന് ഇടുക്കി കഞ്ഞിക്കുഴിയിലെ വെണ്‍മണിയില്‍ നിന്നുള്ള ഊരാളി ആദിവാസി സമുദായത്തില്‍ പെട്ട നീലി, തങ്കമ്മ എന്നീ രണ്ട് സ്ത്രീകളാണ് എത്തിയിട്ടുള്ളത്. ആനച്ചെവിടന്‍, രണ്ട് വരി, മൂന്ന് വരി, നാല് വരി, നടുപ്പായ എന്നിങ്ങനെ ഇവയുടെ ഡിസൈന്‍ അനുസരിച്ച് പേരുകളും വ്യത്യാസപ്പെട്ടിരിക്കും. പുതിയ തലമുറയില്‍ ആര്‍ക്കും തന്നെ ഈ ജോലി അറിയില്ലെന്നാണ് മേളയിലെത്തിയ നീലി പറയുന്നത്. ഒരു മാസത്തോളം ക്ഷമയോടെ ചെയ്യേണ്ടുന്ന ജോലിയായതിനാല്‍ പുതിയ തലമുറയ്ക്ക് ഈ ജോലിയില്‍ ഒട്ടും താല്‍പ്പര്യമില്ലെന്നും ഇവര്‍ പറയുന്നു. ആവശ്യക്കാര്‍ വരുന്നതിനനുസരിച്ചാണ് പായ നെയ്ത് നല്‍കുന്നത്. ഇത് വിപണി കണ്ടെത്താനും പ്രയാസമുണ്ടാക്കുന്നുണ്ട്. കേരള വന ഗവേണഷ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലാണ് ഇത്തവണ കണ്ണാടിപ്പായ മേളയില്‍ എത്തിച്ചിരിക്കുന്നത്. കണ്ണാടിപ്പായ പൈതൃകസ്വത്തായി മാറ്റുന്നതിന്റെ ഭാഗമായി ഭൗമസൂചിക പദവി ലഭിക്കുന്നതിനായി നടപടിക്രമങ്ങള്‍ നടക്കുകയാണ്. മുള വളര്‍ത്തല്‍, പരിപാലനം, ചിലവ് കുറഞ്ഞ രീതി, സ്ഥിരവരുമാനം എന്നിവയെക്കുറിച്ചുള്ള ഡിസ്പ്ലേയും മേളയിലുണ്ട്. ഇതുകൂടാതെ കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ സ്റ്റോളുകളും മേളയുടെ പ്രധാന ഘടകമാണ്.
തത്സമയമായി മുളയില്‍ ചെയ്യുന്ന മ്യൂറല്‍ പെയിന്റിങ്ങ് മേളയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. വയനാട് തൃക്കൈപ്പറ്റയിലെ ഭവം എന്ന സൊസൈറ്റിയില്‍ നിന്നുള്ള രണ്ട് സ്ത്രീ ജീവനക്കാരാണ് മ്യൂറല്‍ പെയിന്റിങ് ലൈവായി ചെയ്യുന്നത്. 2005ല്‍ തൃക്കൈപ്പറ്റ സ്വദേശികളായ സുജിത്ത്, സൂര്യ എന്നിവര്‍ തുടങ്ങിയ സ്ഥാപനമാണ് പിന്നീട് സൊസൈറ്റിയായി മാറിയത്. ഇന്ന് 20 പേരാണ് ജോലി ചെയ്യുന്നത്. ആളുകള്‍ക്ക് ട്രെയിനിങും നല്‍കുന്നുണ്ട്. കൂടുതലും സ്ത്രീകളാണ്. 1000 രൂപ മുതല്‍ തുടങ്ങുന്ന പെയിന്റിങിന് മേളയുടെ അവസാന ദിവസങ്ങളിലാണ് സാധാരണയായി ആവശ്യക്കാര്‍ കൂടുന്നത്. അസാമില്‍ നിന്ന് മുളയില്‍ നിര്‍മിച്ച കസേരയും ഹിമാചല്‍പ്രദേശില്‍ നിന്നുള്ള മുളകൊണ്ടുള്ള പൂക്കളും മേളയിലേയ്ക്കെത്തുന്നവരുടെ മനസ് നിറക്കുന്നു. ഡിസംബര്‍ 7ന് ആരംഭിച്ച മേള ഡിസംബര്‍ 12ന് അവസാനിക്കും. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയില്‍ പ്രവേശനം സൗജന്യമാണ്.
PHOTO CAPTION: IMG 01 & IMG 02 :: കേരള ബാംബൂ ഫെസ്റ്റില്‍ തത്സമയ കണ്ണാടിപ്പായ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന നീലിയും, തങ്കമ്മയും
PHOTO CAPTION: IMG 03 & IMG 04 :: കേരള ബാംബൂ ഫെസ്റ്റില്‍ തത്സമയ മ്യൂറല്‍ പെയിന്റിങ്ങിലേര്‍പ്പെട്ടിരിക്കുന്ന വയനാട് തൃക്കൈപ്പറ്റയിലെ ഭവം എന്ന സൊസൈറ്റിയില്‍ നിന്നുള്ള സ്ത്രീ ജീവനക്കാര്‍
Aishwarya