തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫ് ഭരണത്തെ ജനം വെറുത്തെന്ന് കെ.സുധാകരന്‍ എംപി

Spread the love

പിണറായിക്കും ഇടതു ദുര്‍ഭരണത്തിനുമെതിരായ ജനരോഷം അടിത്തട്ടില്‍ പ്രതിഫലിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെയും ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

മുഖ്യമന്ത്രിയേയും എല്‍ഡിഎഫിനേയും ജനം വെറുത്തു. സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് 9 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്ത് പതിനേഴ് വാര്‍ഡുകളില്‍ തിളക്കമാര്‍ന്ന വിജയം നേടി യുഡിഎഫ് ജനപിന്തുണ വര്‍ധിപ്പിച്ചു. തൃശ്ശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂര്‍,പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളില്‍ എല്‍ഡിഎഫില്‍ നിന്ന് ഭരണം പിടിച്ചെടുക്കാനായത് യുഡിഎഫ് വിജയത്തിന്റെ മാറ്റുകൂട്ടി. വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും ഉജ്വല വിജയത്തിനും ചേലക്കരയിലെ മികച്ച പ്രകടനത്തിനും ശേഷം യുഡിഎഫിന്റെ കരുത്തും ജനപിന്തുണയും എല്‍ഡിഎഫിനും ബിജെപിക്കും കാട്ടിക്കൊടുത്ത ഉപതിരഞ്ഞെടുപ്പ് ഫലമാണ് തദ്ദേശ വാര്‍ഡുകളിലേതെന്നും കെ.സുധാകരന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേല്‍ ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ച് ഷോക്കടിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ ജനവിധി കൂടിയാണിത്. ഈ ഉപതിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും യുഡിഎഫിനും ശക്തമായി മുന്നോട്ട് പോകാനുള്ള കരുത്ത് നല്‍കുന്നതാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *