അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്ത നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ പദ്ധതികൾ യാഥാർഥ്യമാക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും ബഹുജന സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗത്തിൽ പറഞ്ഞു.
മതസംഘടനകൾ ഉൾപ്പെടെ എല്ലാ സംഘടനകളെയും പരിപാടിയുമായി സഹകരിപ്പിക്കും. തദ്ദേശസ്വയംഭരണതലത്തിൽ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിർലോഭമായ പിന്തുണയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
ക്യാമ്പയിനിന് പ്രതിപക്ഷം പൂർണപിന്തുണ നൽകുമെന്നും പരിപാടിയുമായി സഹകരിക്കാൻ നിർദേശം നൽകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ നൽകിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
അതിദാരിദ്ര്യ നിർമ്മാർജ്ജനം
അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി 2021 ലാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ആരംഭിച്ചത്. 64,006 കുടുംബങ്ങളിലായി 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയിലെ ഇല്ലായ്മയുടെ, അഥവാ കുറവിന്റെ തോത് അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ നിർണയിച്ചത്. ഇവയെ ക്ലേശ ഘടകങ്ങളായി കാണുന്നു. അതുകൊണ്ടുതന്നെ ആവശ്യമായവർക്ക് ഭക്ഷണവും ആരോഗ്യ സേവനങ്ങളും താമസവും തൊഴിലും ഉറപ്പുവരുത്തുന്നതിലാണ് ഊന്നൽ നൽകുന്നത്. 2025 നവംബർ 1 ന് കേരളത്തെ അതിദാരിദ്ര്യ വിമുക്തമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ആദ്യഘട്ട പ്രവർത്തനങ്ങൾ 2023 നവംബർ 1 നാണ് പൂർത്തിയായത്. ആദ്യ ഘട്ടത്തിൽ തന്നെ 47.89 ശതമാനം പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ 2024 നവംബർ 1 ന് മുമ്പ് 90 ശതമാനം പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുന്നതിനാണ് ലക്ഷ്യമിട്ടത്. എന്നാൽ, ഇതുവരെ 40,180 കുടുംബങ്ങളെ മാത്രമാണ് അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ സാധിച്ചത്. അതായത് 63.82 ശതമാനം മാത്രമേ പുരോഗതി ഉണ്ടായിട്ടുള്ളൂ. 2024 നവംബർ 23 വരെയുള്ള കണക്കുകൾ പ്രകാരം ഇനി 15,847 കുടുംബങ്ങൾക്കാണ് മൈക്രോപ്ലാൻ പ്രകാരമുള്ള സഹായം ലഭ്യമാക്കേണ്ടത്.
അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുവരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. 2025 നവംബർ 1 ന് മുമ്പായി അതിദരിദ്രരില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയണം. അത്തരം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഉതകുന്ന ആശയങ്ങളും സഹകരണവുമാണ് നിങ്ങളെല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി മൈക്രോ പ്ലാനുകൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും ഹ്രസ്വകാല, ഇടക്കാല, ദീർഘകാല ലക്ഷ്യങ്ങളാണ് മൈക്രോപ്ലാനുകളിലൂടെ വിഭാവനം ചെയ്തത്. കുടുംബ മൈക്രോപ്ലാനുകളുടെ വിവിധ ഘടകങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഏകോപിപ്പിച്ച് പദ്ധതികളിൽ ഉൾക്കൊള്ളിക്കലാണ് ലക്ഷ്യം. വിവിധ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സംയോജിത ഇടപെടൽ സാധ്യമാക്കുന്ന സമഗ്ര സമീപനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും അതിദരിദ്രരെ പിന്തുണയ്ക്കാൻ കെയർ ഫണ്ട് എന്ന ആശയം മാർഗരേഖയിൽ നിർദ്ദേശിച്ചിരുന്നു. സി എസ് ആർ ഫണ്ട്, പ്രവാസി സംഘടനകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സ്പോൺസർഷിപ്പും പ്രയോജനപ്പെടുത്തിയുള്ള വിഭവസമാഹരണമാണ് ലക്ഷ്യമിട്ടത്. ഈ ആശയം ഫലപ്രദമായി നടപ്പിലാക്കണം.
ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും പൊതുസംവിധാനം ഏർപ്പെടുത്തണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ, ഫ്ളാറ്റുകൾ, ഹോസ്റ്റലുകൾ, ഭവനസമുച്ചയങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, പൊതുസ്ഥലങ്ങൾ, ഹോട്ടലുകൾ, ഹാളുകൾ മുതലായവയിൽ കമ്മ്യൂണിറ്റിതല ജൈവമാലിന്യസംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഖര, ദ്രവ മാലിന്യങ്ങളുടെ സംസ്കരണത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.
ഈ മൂന്ന് ക്യാമ്പയിനുകളും പൂർണ്ണതോതിൽ നടപ്പാക്കിയാലേ സുസ്ഥിരമായ നവകേരളമെന്ന നമ്മുടെ ആത്യന്തിക ലക്ഷ്യം കൈവരിക്കാനാകൂ. ഇത് കേരളത്തിന്റെ ഭാവിയുമായി, നമ്മുടെ ഭാവി തലമുറകളുമായി ബന്ധപ്പെട്ട വിഷയമാണ് എന്ന് കാണണം. എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനകളും ഈ മൂന്നു ക്യാമ്പയിനുകളുമായി സഹകരിക്കണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ഇ ചന്ദ്രശേഖരൻ എം എൽ എ, എം കെ മുനീർ എം എൽ എ, മോൻസ് ജോസഫ് എം എൽ എ, ചീഫ് സെക്രട്ടറി ശാരദാ മുരളീദരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.