കേരളത്തിന് വാരിക്കോരി നല്കിയ പ്രധാനമന്ത്രിയായിരുന്നു ഡോ മന്‍മോഹന്‍ സിംഗെന്ന് കെ സുധാകരന്‍ എംപി

Spread the love

കേരളത്തിന് വാരിക്കോരി ധനസഹായവും പദ്ധതികളും നല്കിയ പ്രധാനമന്ത്രിയായിരുന്നു ഡോ മന്‍മോഹന്‍ സിംഗെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കെപിസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുശോചന യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

അതൊരു സുവര്‍ണകാലമായിരുന്നു. 2004-2014ല്‍ യുപിഎ സര്‍ക്കാര്‍ കേരളത്തിനു നല്കിയത് 50414 കോടി രൂപയാണ്. 13 കേന്ദ്ര അക്കാദമിക് സ്ഥാപനങ്ങളും 10 കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ 6 സ്ഥാപനങ്ങളും കേരളത്തിനു ലഭിച്ചു. എല്ലാ ജില്ലകള്‍ക്കും അരഡസന്‍ പദ്ധതികളെങ്കിലും കിട്ടി. മൊത്തം 89 പദ്ധതികള്‍ അദ്ദേഹം കേരളത്തിനു നല്കി. മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ 9 മന്ത്രിമാര്‍ ഉണ്ടായിരുന്നു. എകെ ആന്റണിയും വയലാര്‍ രവിയും കാബിനറ്റ് മന്ത്രിമാരായി. ഡോ ശശി തരൂര്‍, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രഫ പിജെ കുര്യന്‍, ഇ അഹമ്മദ്, പ്രഫ കെവി തോമസ് എന്നിവര്‍ സഹമന്ത്രിമാരായി. ചോദിച്ചതും അതിനപ്പുറവും അദ്ദേഹം കേരളത്തിനു നല്കി. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചുള്ള വികസന പ്രവര്‍ത്തനമാണ് നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായി പ്രതിരോധ വ്യവസായം കേരളത്തില്‍ ആരംഭിച്ചത് ഡോ മന്‍മോഹന്‍സിംഗിന്റെ കാലത്തായിരുന്നെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പത്തുവര്‍ഷത്തെ ഭരണംകൊണ്ട് ഇന്ത്യ ലോകത്തിലെ 5 പ്രധാനപ്പെട്ട സാമ്പത്തിക ശക്തികളിലൊന്നായി. സൈനിക ശാസ്ത്രസാങ്കേതിക മേഖലകളില്‍ ലോകത്തെ നാലോ അഞ്ചോ സ്ഥാനത്തെത്തി.

എല്ലാവരേയും കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വിനയാന്വിതനും മിതഭാഷിയുമായിരുന്നു അദ്ദേഹം. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ മാത്രമാണ് മന്‍മോഹന്‍സിംഗ് കയര്‍ത്തു സംസാരിക്കുന്നതു കണ്ടത്. ആസൂത്രിതമായ കവര്‍ച്ച, നിയമവിധേയമായ കൊള്ളയടി, സമ്പൂര്‍ണ ദുരന്തം എന്നാണ് അദ്ദേഹം നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്. അപ്രതീക്ഷിതമായി അദ്ദേഹം ധനമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസ് അംഗംപോലും ആയിരുന്നില്ല. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അചഞ്ചലമായ പാര്‍ട്ടിക്കൂറ് അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നെന്നും ആന്റണി പറഞ്ഞു.

മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, പ്രഫ പിജെ കുര്യന്‍, എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.

കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ എന്‍.ശക്തന്‍, വി.പി.സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.എം.ലിജു, ടി.യു.രാധാകൃഷ്ണന്‍, ജി.എസ്.ബാബു, അബ്ദുള്‍ മുത്തലിബ്, അഡ്വ.ജി.സുബോധന്‍, പി.എ.സലീം, അഡ്വ.പഴകുളം മധു, അഡ്വ.കെ.പി.ശ്രീകുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വി.എസ്.ശിവകുമാര്‍, ചെറിയാന്‍ ഫിലിപ്പ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ, പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, കെ.മോഹന്‍ കുമാര്‍, മണക്കാട് സുരേഷ്, റ്റി.ശരത്ചന്ദ്രപ്രസാദ്, ആറ്റിപ്ര അനില്‍, അഡ്വ.ആര്‍.വി.രാജേഷ്, വിനോദ് കൃഷ്ണ, പി.സുഭാഷ്ചന്ദ്ര ബോസ്, അഡ്വ.പ്രാണകുമാര്‍, കമ്പറ നാരായണന്‍, ചെമ്പഴന്തി അനില്‍, ജലീല്‍ മുഹമ്മദ്, ഗായത്രി വി നായര്‍, ആര്‍. ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്‌കാര ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത ശേഷമായിരുന്നു അനുസ്മരണയോഗം.

Author

Leave a Reply

Your email address will not be published. Required fields are marked *