* സത്യപ്രതിജ്ഞാ ലംഘനം നടത്തിയ നിതേഷ് റാണെയെ അയോഗ്യനാക്കണം
* തീവ്രവാദ പ്രസ്താവന കേരളത്തിന്റെ മതേതര മനസ്സിനെ വ്രണപ്പെടുത്തി
സ്വന്തം രാജ്യത്തെ ജനതയെ മതം നോക്കി ശത്രുക്കളായി പ്രഖ്യാപിക്കുന്ന മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെയുടെ പ്രസ്താവനയ്ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
സംഘപരിവാര്‍ രാഷ്ട്രീയം ഭാരതത്തിന്റെ അസ്തിത്വത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്.കേരളത്തിലെ ന്യൂനപക്ഷങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ച് കേരളത്തെ മിനി പാകിസ്ഥാനായി ഉപമിച്ച നിതേഷ് റാണെ കേരളത്തിന്റെ മതേതര മനസ്സിനെയാണ് വ്രണപ്പെടുത്തിയത്. റാണെയുടെ നിലപാടാണോ പ്രധാനമന്ത്രിക്കും കേരളത്തിന്റെ മുഖ്യമന്ത്രിക്കും ഉള്ളതെന്നറിയണം. വര്‍ഗ്ഗീയത ശ്വസിച്ച് വിദ്വേഷം തുപ്പുന്ന ബിജെപിക്ക് കേരള ജനതയെ അധിക്ഷേപിക്കാന്‍ ഇപ്പോള്‍ പ്രചോദനമായത് സിപിഎമ്മിന്റെ നിലപാടാണെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മഹാരാഷ്ട്രാ മന്ത്രിയെ അയോഗ്യനാക്കണം. വയനാട്ടിലെ ജനങ്ങളെ ഭീകരവാദികളായി മുദ്രകുത്തിക്കൊണ്ടുള്ള പ്രസ്താവനയെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേരളത്തെ നരേന്ദ്ര മോദി സോമാലിയയോടും അമിത്ഷാ പാകിസ്താനോടും ഉപമിച്ചതിന്റെ ആവര്‍ത്തനമാണ് റാണെയുടെ പരാമര്‍ശം.രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട് വിജയത്തില്‍ വര്‍ഗീയത കണ്ടെത്തിയ പി.ബി അംഗം വിജയരാഘവന്റെ പ്രസ്താവനയുടെ തുടര്‍ച്ച മാത്രമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. റാണെയുടെയും വിജയരാഘവന്റെയും ശബ്ദം ഒന്നുതന്നെയാണ്.
സംഘപരിവാര്‍ കേരളത്തില്‍ പറയാന്‍ മടിച്ച ന്യൂനപക്ഷ വിരുദ്ധത മുഖ്യമന്ത്രിയും സിപിഎമ്മും പച്ചയ്ക്ക് വിളിച്ച് പറയുകയാണ്. കേരളത്തിനെതിരെ ബിജെപി നടത്തുന്ന നുണ പ്രചരണങ്ങള്‍ക്ക് നിറം കലര്‍ത്തി മോടി കൂട്ടാനാണ് മലപ്പുറം പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രിയും വയനാട്ടിലെ യുഡിഎഫിന്റെ വിജയത്തില്‍ വര്‍ഗീയത ചികഞ്ഞ വിജയരാഘവനും ശ്രമിച്ചത്. റാണെയുടെയും സംഘപരിവാറിന്റെയും പരിച്ഛേദമായി മുഖ്യമന്ത്രിയും എ.വിജയരാഘവനും മാറി. കേരളാ ജനതയെ ഒറ്റുകൊടുക്കുന്ന സി.പി.എമ്മും അതിന് കൂട്ടുനില്‍ക്കുന്ന സംഘപരിവാറും എത്ര കിണഞ്ഞുനോക്കിയാലും കേരളത്തെ മലീമസമാക്കാനാകില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.