കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് 50-ാം വർഷത്തിലേക്ക്: സുവർണ്ണ ജൂബിലി ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Spread the love

സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിൽ 1975 ൽ സ്ഥാപിതമായ കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് 50 വർഷത്തെ സേവന നിറവിൽ. സുവർണ്ണ ജൂബിലി പരിപാടികളുടെ ഭാഗമായി പുറത്തിറക്കിയ ലോഗോയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി രത്തൻ യു കേൽക്കർ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ യാസ്മിൻ എൽ റഷീദ്, ഡപ്യൂട്ടി ഡയറക്ടർ (അഗ്രി) അജി എസ് എന്നിവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായി. സംസ്ഥാനത്ത് നിലവിലുള്ള ഭൂവിനിയോഗം അവലോകനം ചെയ്യുകയും ഫലപ്രദമായ വിധത്തിൽ ഭൂമി വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക എന്നതാണ് ഭൂവിനിയോഗ ബോർഡിന്റെ ലക്ഷ്യം. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രകൃതി വിഭവ സംരക്ഷണത്തിലൂന്നിയുള്ള പദ്ധതികളും ബോധവത്കരണ പരിപാടികളും ഉൾപ്പടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ തുടക്കമായി 2025 ജനുവരി 6 ന് ‘തെങ്ങ് അധിഷ്ഠിത ഭൂവിനിയോഗവും മാറുന്ന കാലാവസ്ഥയും’ എന്ന വിഷയത്തിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വച്ച് ഏകദിന സെമിനാർ സംഘടിപ്പിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ മന്ത്രിമാർ, എം.എൽ.എമാർ, വിവിധ വകുപ്പുകളുടെ മേധാവികൾ, ഉന്നത ഉദ്യോഗസ്ഥർ, വിഷയവുമായി ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധർ, ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *