കേരളത്തെ പാകിസ്ഥാന്‍ എന്നു വിളിച്ച മഹാരാഷ്ട്രാ മന്ത്രിയെ ഉടന്‍ പുറത്താക്കണം – രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം : കേരളത്തെ മിനി പാകിസ്ഥാന്‍ എന്നുവിളിച്ചാക്ഷേപിച്ച മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് റാണെയുടെ നടപടി ശുദ്ധ അസംബന്ധമാണെന്നും ഇയാളെ ഉടന്‍ തന്നെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മഹാരാഷ്ട്രാ പാര്‍ട്ടി ഇന്‍ചാര്‍ജുമായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളീയരെല്ലാം തീവ്രവാദികളും ദേശവിരുദ്ധരുമാണെന്നാണ് നിതേഷ് റാണെ ആക്ഷേപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദേശവിരുദ്ധരുടെ വോട്ട് വാങ്ങി ജയിച്ചുവെന്നാണ് പറഞ്ഞത്.

ഇത്തരം അസംബന്ധപരവും അപലപനീയവുമായ വാക്കുകള്‍ മുന്‍കാലങ്ങളിലും യഥേഷ്ടം ഉപയോഗിച്ചിട്ടുള്ളയാളാണ് നിതേഷ് റാണെ. മന്ത്രിസഭയിലെ ഉത്തരവാദത്തപ്പെട്ട ഒരംഗം ഇത്തരത്തില്‍ യാതൊരു നെറിയുമില്ലാതെ ഒരു സംസ്ഥാനത്തെ തന്ന ആക്ഷേപിക്കുന്ന തരത്തില്‍ വാക്കുകള്‍ പ്രയോഗിക്കരുത്.

ലക്ഷക്കണക്കിന് മലയാളികളുടെ കര്‍മ്മമണ്ഡലം കൂടിയാണ് മുംബൈയും മഹാരാഷ്ട്രയും. മഹാരാഷ്ട്രയുടെയും മുംബൈയുടെയും സര്‍വതോന്മുഖമായ പുരോഗതിക്ക് ഈ മലയാളികളും അവകാശികളാണ്. കേരളമാകട്ടെ, വിദ്യാഭ്യാസ നിലവാരം കൊണ്ടും ഉയര്‍ന്ന ചിന്ത കൊണ്ടും മറ്റനേകം സോഷ്യല്‍ ഇന്‍ഡിക്കേറ്ററുകളിലെ തിളക്കം കൊണ്ടും ഇന്ത്യയ്ക്കു തന്നെ മാതൃകയായ സംസ്ഥാനമാണ്. അത്തരമൊരു സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും വെറും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അടച്ചാക്ഷേപിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

മലയാളികളെ തീവ്രവാദികളെന്നും കേരളത്തെ മിനി പാകിസ്ഥാന്‍ എന്നും വിളിച്ച നിതേഷ് റാണെയെ ഉടന്‍ തന്നെ മന്ത്രിപദവിയില്‍ നിന്നു പുറത്താക്കണം – രമേശ് ചെന്നിത്തല ആവശ്യ്‌പ്പെട്ടു.

നിതേഷ് റാണെയ്ക്കു ഇത്തരത്തില്‍ മലയാളികളെ ആക്ഷേപിക്കാന്‍ കരുത്തു നല്‍കിയത് സിപിഎം നേതാവ് വിജയരാഘവനാണ്. കേരളത്തെ ആകെ മൊത്തം ആക്ഷേപിച്ച് ഇത്തരത്തില്‍ ആദ്യപരാമര്‍ശം നടത്തിയ സിപിഎമ്മിന്റെ വാക്കുകള്‍ വല്യേട്ടനായ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തെയും മലയാളികളെയും ആക്ഷേപിക്കാനും വര്‍ഗീയമായി വിഭജിക്കാനും സിപിഎമ്മും ബിജെപിയും കൈകോര്‍ത്തിരിക്കുന്നു. കേരളത്തെ വര്‍ഗീയ വിഷപ്പറമ്പാക്കി മാറ്റിയാല്‍ മാത്രമേ ഇരുപാര്‍ട്ടികള്‍ക്കും നിലനില്‍പുള്ളു എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിജയരാഘവന്റെ വാക്കുകള്‍ ആവര്‍ത്തിച്ച മഹാരാഷ്ട്ര മന്ത്രിയെക്കുറിച്ചുള്ള അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. – ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *