പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കൊച്ചി : ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യം സംബന്ധിച്ച് പോസിറ്റീവായ സൂചനകളാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. റിക്കവറി പ്രോസസ് സ്ലോ ആണെന്നാണ് അവര്‍ പറഞ്ഞത്. അണുബാധ ഒഴിവാക്കുന്നതിന്റെ ഭാഗമായി മക്കള്‍ അല്ലാതെ ആരെയും കാണാന്‍ അനുവദിച്ചിട്ടില്ല.
കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ് തന്നെ സമ്മതിച്ചിട്ടുണ്ട്.
ജി.സി.ഡി.എയിലെ എന്‍ജിനീയറിങ് വിഭാഗവും പൊലീസും സുരക്ഷാ പരിശോധന നടത്തണമായിരുന്നു. കളമശേരി കുസാറ്റിലെ അപകടത്തിലും പൊലീസിന്റെ അനാസ്ഥയുണ്ടായിരുന്നു. അത് കലൂരും ആവര്‍ത്തിച്ചു. സംഘാടകര്‍ ആളുകളെ കബളിപ്പിച്ച് പണം വാങ്ങുകയായിരുന്നു. പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിക്കുന്നില്ല. പൊലീസിനും ജി.സി.ഡി.എയ്ക്കും സംഘാടകര്‍ക്കും സുരക്ഷാ വീഴ്ചയില്‍ പങ്കുണ്ട്. ഇത്രയും വലിയ അപകടം സംഭവിച്ചത് സുരക്ഷാ വീഴ്ചയെ തുടര്‍ന്നാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതാണ്. ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നതെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണം പ്രഖ്യാപിച്ചത്? ആരെ പറ്റിക്കാനാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ആണെങ്കില്‍ ഇങ്ങനെ ആയിരിക്കുമോ സുരക്ഷ? മുഖ്യമന്ത്രിയുടെ പരിപാടിയുടെ സുരക്ഷ മാത്രം പൊലീസ് ഉറപ്പു വരുത്തിയാല്‍ മതിയോ? ഇത്രയും ആളുകള്‍ പങ്കെടുക്കുന്ന പരിപാടി ആയിട്ടും സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തയാറായില്ല. പരിപാടി സംഘടിപ്പിച്ചവര്‍ക്ക് സി.പി.എമ്മുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് സംഘാടകരെ സംരക്ഷിക്കാന്‍ മന്ത്രി ഇറങ്ങിയിരിക്കുന്നത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് ഒരു മന്ത്രി പറയാന്‍ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥരാണ് അത് പരിശോധിക്കേണ്ടത്. മന്ത്രിയുടെ എടുത്തുചാടിയുള്ള പ്രതികരണം സംഘാടകരെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. സ്‌പോര്‍ട് ആവശ്യത്തിനു വേണ്ടിയാണ് കെ കരുണാകരന്‍ സര്‍ക്കാര്‍ സ്‌റ്റേഡിയം കൊണ്ടുവന്നത്. പണം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് കയികേതര ആവശ്യങ്ങള്‍ക്കും സ്റ്റേഡിയം വിട്ടുനല്‍കാന്‍ ജി.സി.ഡി.എ ഏകപക്ഷീയമായി തീരുമാനിച്ചത്. അതും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. അത്തരം പരിപാടികള്‍ക്ക് വിട്ടു നല്‍കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ട്.