മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനു വേണ്ടി നിർമ്മിക്കുന്ന ടൗൺഷിപ്പുകൾക്കായി വയനാട് ജില്ലയിൽ കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2005 ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമം വഴിയാണ് ഭൂമി ഏറ്റെടുക്കുവാന്‍ തീരുമാനിച്ചത്. കിടപ്പാടം നഷ്ടപ്പെട്ട എല്ലാവരെയും ഒരേയിടത്തു പുനരധിവസിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ഭൂമി കണ്ടെത്താന്‍ വയനാട്ടില്‍ പ്രയാസമുണ്ട്. അതിനാലാണ് രണ്ടിടത്തായി ടൗൺഷിപ്പുകൾ നിർമ്മിക്കേണ്ടി വരുന്നത്.
എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കല്പറ്റ മുനിസിപ്പാലിറ്റിയിലും നെടുമ്പാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് മേപ്പാടി പഞ്ചായത്തിലുമാണ് വരുന്നത്. അതിനനുസൃതമായി ഭൂമിയുടെ വിലയില്‍ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിനു 5 സെന്റും നെടുമ്പാലയില്‍ 10 സെന്റും ആയിരിക്കും നല്‍കുക. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അംഗന്‍വാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കും..
ടൗണ്‍ ഷിപ്പിലേക്ക് പുനരധിവസിക്കപ്പെട്ടശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവര്‍ക്ക് തന്നെയായിരിക്കും. ഉരുള്‍ പൊട്ടിയ ആ ഭൂമി വനപ്രദേശമായി മാറാതിരിക്കാന്‍ കലക്റ്റീവ് ഫാമിങ് പോലുള്ള ഉല്‍പ്പാദനപരമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പിന്നീട് പരിഗണിക്കും. ആ ഭൂമി അതിന്റെ ഉടമകളില്‍ നിന്ന് അന്യം നിന്നുപോകില്ല എന്നു ഉറപ്പു വരുത്തും.
വീടു വെച്ചു നല്‍കുക എന്നതു മാത്രമല്ല പുനരധിവാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള ഉപജീവനമാര്‍ഗങ്ങള്‍ ഉള്‍പ്പെടെയാണ് പുനരധിവാസം യഥാര്‍ത്ഥ്യമാക്കുക. അതിനായി ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ടു പോകും.