സംഘപരിവാറിനെ ദേശീയ വാദികളെന്നല്ല, വര്‍ഗീയവാദികളെന്നാണ് വിളിക്കേണ്ടതെന്ന് ആദിത്യ മുഖര്‍ജി

Spread the love

സംഘപരിവാറിനെ ദേശീയ വാദികള്‍ എന്നതിനു പകരം വര്‍ഗീയവാദികള്‍ എന്നാണ് വിളിക്കേണ്ടതെന്ന് പ്രമുഖ ചരിത്രകാരന്‍ ആദിത്യ മുഖര്‍ജി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സംഘപരിവാറിലെ പരിവാറില്‍ കുടുംബം ഇല്ല മറിച്ച് ഗാംഗ് എന്നര്‍ത്ഥമുള്ള സംഘമാണുള്ളത്.

ഡല്‍ഹിയില്‍ നെഹ്രുവിനെക്കുറിച്ചോ ഗാന്ധിജിയെക്കുറിച്ചോ പ്രഭാഷണം നടത്താന്‍ തന്നെ അനുവദിക്കില്ല. ഡല്‍ഹിയിലെ ഒരു സര്‍വകലാശാലയില്‍ നെഹ്രുവിനെക്കുറിച്ച് പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍, നെഹ്രു എന്ന പേരു പറയരുതെന്ന് അവര്‍ നിബന്ധന വച്ചു. കേരളത്തില്‍ സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയുന്നതില്‍ ആഹ്ലാദമുണ്ട്.

രാഹുല്‍ ഗാന്ധി ഭയപ്പെടരുത്, ഭയപ്പെടുത്തരുത് എന്നു പറഞ്ഞത് ഗാന്ധിജിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ്. ബ്രിട്ടീഷുകാരെക്കുറിച്ച് ഇന്ത്യക്കാരുടെ മനസില്‍ ഉണ്ടായിരുന്ന ഭയം ഗാന്ധിജിയാണ് നീക്കം ചെയ്തത്. ബ്രിട്ടീഷുകാരെ തോല്പിക്കാനാവില്ലെന്ന വിശ്വാസവും ഗാന്ധിജി ആയുധമെടുക്കാതെ ഇല്ലാതാക്കി.

ഡോ. ബിആര്‍ അംബേദ്ക്കര്‍ അയിത്തോച്ഛാടനത്തില്‍ മുഴുകുന്നതിനു മുമ്പേ ഗാന്ധിജി അതു ചെയ്തു. 1932ല്‍ 19 മാസം അദ്ദേഹം രാഷ്ട്രീയത്തില്‍നിന്നു മാറിനിന്ന് രാജ്യമെമ്പാടും യാത്ര ചെയ്ത് അയിത്തത്തിനെതിരേ പോരാടി. ദളിത് വിഭാഗക്കാരുടെ കക്കൂസ് വരെ അദ്ദേഹം വൃത്തിയാക്കി.

കോണ്‍ഗ്രസിന് സംഘടനാപരമായ ചട്ടക്കൂടുണ്ടാക്കിയത് ഗാന്ധിജിയാണ്. നാലണയ്ക്ക് അംഗത്വം കിട്ടുന്ന പാര്‍ട്ടിയാക്കി. ഭാഷാവൈവിധ്യങ്ങളെ കോണ്‍ഗ്രസ് അംഗീകരിച്ചു. പാര്‍ട്ടിയെ ജനകീയമാക്കുകയും ആശയപരമായ അടിത്തറയിടുകയും ചെയ്തു. ജനാധിപത്യം, മതേതരത്വം, വൈവിധ്യം, പൗരസ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയതാണ്. ഗാന്ധിജിയും നെഹ്രുവും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഗാന്ധിജി നെഹ്രുവിനെയാണ് പിന്‍ഗാമിയായി കണ്ടത്. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായിരിക്കരുതെന്നും ഇന്ത്യയില്‍ ജനിച്ച എല്ലാവരുടേതുമായിരിക്കണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

രാജ്യത്ത് ആദ്യം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മതേതരത്വവും വര്‍ഗീയതയും തമ്മിലായിരുന്നു പോരാട്ടം. അന്ന് വര്‍ഗീയവാദികള്‍ക്ക് കിട്ടിയത് വെറും 6% വോട്ടും 10 സീറ്റും ആയിരുന്നു. നെഹ്രുവിനെ അപനിര്‍മിക്കാന്‍ ഒരു വെബ്സൈറ്റ് പോലും തുടങ്ങി അതില്‍ പച്ചക്കള്ളങ്ങള്‍ കുത്തിനിറച്ചിരിക്കുകയാണെന്നും ആദിത്യമുഖര്‍ജി ചൂണ്ടിക്കാട്ടി.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ സ്വാഗതവും കെ.പി.ധനപാലന്‍ മുന്‍ എംപി നന്ദിയും പറഞ്ഞു. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു,സാമൂഹിക ചിന്തകന്‍ ബി.രാജീവന്‍,ചരിത്രകാരന്‍ പ്രൊഫ.എന്‍.ഗോപകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഷാള്‍ അണിയിച്ചു ആദരിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി മജൂഷ് മാത്യൂസും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ജി.ലീലാകൃഷ്ണനും ചുമതലയേറ്റു. ഇരുവരെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഷാള്‍ അണിയിച്ചു.

എഐസിസി സെക്രട്ടറിമാരായ പി.വി.മോഹന്‍,അറിവഴകന്‍,കെപിസിസി വൈസ് പ്രസിഡന്റുമാരായ എന്‍.ശക്തന്‍,വി.പി.സജീന്ദ്രന്‍,വി.ടി.ബല്‍റാം വി.ജെ പൗലോസ്,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.ജയന്ത്, ടി.യു.രാധാകൃഷ്ണന്‍, ജി.എസ്.ബാബു, പഴകുളം മധു, ആര്യാന്‍ ഷൗക്കത്ത്, എംഎം നസീര്‍, ആലിപ്പറ്റ ജമീല, മരിയാപുരം ശ്രീകുമാര്‍,ദീപ്തിമേരി വര്‍ഗീസ്,കെ.പി.ശ്രീകുമാര്‍,എഎ ഷുക്കൂര്‍,എം.ജെ.ജോബ്,ബി.എ.അബ്ദുള്‍ മുത്തലീബ്, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വി.എസ്.ശിവകുമാര്‍,ശൂരനാട് രാജശേഖരന്‍,ചെറിയാന്‍ ഫിലിപ്പ്, ഡിസിസി പ്രിസിഡന്റ് പാലോട് രവി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, വി.സി.കബീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗാന്ധിജിയുടെ ഇന്ത്യ എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാന വ്യാപകമായി വിപുലമായ ആഘോഷപരിപാടികളും ഗാന്ധി സ്മൃതി സംഗമ സമ്മേളനങ്ങളും കോണ്‍ഗ്രസ് സംഘടിപ്പിക്കും.കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ ചെയര്‍മാനും കെ.പി ധനപാലന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *