ഗാന്ധിജിയും നെഹ്റുവും അംബേദ്ക്കറും നേടിത്തന്ന സ്വാതന്ത്ര്യവും മതേതരത്വവും സാഹോദര്യവും ഭരണഘടനയും മോദി ഭരണകാലഘട്ടത്തില്‍ വെല്ലുവിളി നേരിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
മനുസ്മൃതിയില്‍ അന്തര്‍ലീനമായ ചാതുര്‍വര്‍ണ്യത്തെ അടിസ്ഥാനപ്പെടുത്തി ഭരണഘടനയെ പൊളിച്ചെഴുതാന്‍ ബിജെപി ഭരണകൂടം ശ്രമിക്കുന്നു.അംബേദ്കര്‍ക്കെതിരെ അമിത് ഷാ നടത്തിയ ഹീനമായ വാക്കുകള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാവരെയും വേദനിപ്പിച്ചു. എന്നാല്‍ ഖേദം പ്രകടിപ്പിക്കാന്‍ അമിത് ഷായോ പ്രധാനമന്ത്രിയോ ബിജെപിയോ തയ്യാറായില്ല. അമിത് ഷായുടെ വാക്കുകളിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധത വ്യക്തമായി.
ഡോ. അംബേദ്കറുടെ സംഭാവനകള്‍ പൂര്‍ണമായും മായ്ച്ചുകളഞ്ഞ് ചരിത്രം വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.വ്യത്യസ്ത മതത്തിലും ഭാഷയിലും സംസ്‌കാരത്തിലുമുള്ള അനേകായിരം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിലൂടെയാണ് രാജ്യത്തിന്റെ വൈവിധ്യത്തേയും സംസ്‌കാരത്തെയും സംരക്ഷിച്ചത്. ഭരണഘടനയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. സംഘപരിവാര്‍ ഇന്ത്യന്‍ ഭരണഘടനയെക്കാള്‍ പ്രാധാന്യം നല്‍കുന്നത് മനുസ്മൃതിക്കാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
സമൂഹത്തില്‍ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഏഴു തിന്മകള്‍ മഹാത്മാ ഗാന്ധി തന്റെ സത്യാന്വേഷണങ്ങളിലൂടെ കണ്ടെത്തി. തത്ത്വനിഷ്ഠയില്ലാത്ത രാഷ്ട്രീയം,ജോലി ചെയ്യാതെ നേടുന്ന സമ്പത്ത്,ന്യായദീക്ഷയില്ലാത്ത വ്യാപാരം,സ്വഭാവശുദ്ധി നല്കാത്ത വിദ്യാഭ്യാസം,മനഃസാക്ഷിയില്ലാത്ത സുഖാനുഭവം,മനുഷ്യത്വം ഇല്ലാത്ത ശാസ്ത്രം,ത്യാഗചിന്തയില്ലാത്ത ആരാധന തുടങ്ങിയ ഏഴുതിന്മകളെ ഇല്ലാതാക്കുന്നതിനായി ഗാന്ധിജി നിരന്തരം പ്രവര്‍ത്തിച്ചു.
നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്കുക വഴി അനേകായിരം ചെറുപ്പക്കാരെയും കര്‍ഷകരെയും സ്ത്രീകളെയും ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്ക് കൊണ്ടുവന്നു.പിന്നാക്ക സമുദായത്തില്‍പ്പെട്ടവരെ ദേശീയ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.രാജ്യം സ്വാതന്ത്ര്യാഘോഷത്തില്‍ മുഴുകിയപ്പോള്‍ ഗാന്ധിജി വര്‍ഗീയകലാപം അണപൊട്ടിയ കൊല്‍ക്കത്തയില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലുമായിരുന്നു. ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ചതില്‍ വേദനിച്ച ഗാന്ധിജി സാഹോദര്യവും സൗഹൃദവും പുനഃസ്ഥാപിക്കാന്‍ അന്ത്യനിമിഷംവരെ പോരാടിയ മഹാത്മാവാണെന്നും കെ.സുധാകരന്‍ പറഞ്ഞു.