വര്‍ഗീയവാദികളെ രാജ്യത്ത് നിന്ന് തൂത്തെറിയാന്‍ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്ക്കറുടെയും ദര്‍ശനങ്ങളുടെ സമന്വയമാണ് ദേശീയതലത്തില്‍ വേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.
മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും എഐസിസി പ്രഖ്യാപിച്ച ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാന്‍ ക്യാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം കെപിസിസി രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാല്‍ ബിജെപിയും സംഘപരിവാരങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ ദേശീയതലത്തില്‍ വിശാലമായ സഖ്യം അനിവാര്യമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാ സഖ്യം രൂപപ്പെട്ടത്. എന്നാല്‍ ഇന്ത്യാ സഖ്യത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നു. അസ്വാരസ്യങ്ങള്‍ മാറ്റിവെച്ച് ബിജെപിയുടെ അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തണം. സംസ്ഥാന രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്ന തദ്ദേശതിരഞ്ഞെടുപ്പിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. അര്‍ജുനന്‍ അമ്പെയ്ത ഏകാഗ്രതയോടെ ആ ലക്ഷ്യം നേടാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.ഐക്യം തകര്‍ക്കുന്ന അനവസരത്തിലുള്ള ചര്‍ച്ചകള്‍ ഗുണകരമല്ല. അത് മുന്‍കാല പാഠങ്ങളായി നമുക്ക് മുന്നിലുണ്ടെന്നും എകെ.ആന്റണി ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും ഭിന്നിപ്പിച്ച് ഭരിക്കാനുള്ള മാര്‍ഗമായി ബ്രട്ടീഷ് ഭരണകൂടം കാണുന്നുയെന്ന് തിരിച്ചറിഞ്ഞ ഗാന്ധിജി രാജ്യത്തെ നാനാത്വത്തില്‍ ഏകത്വം എന്ന ലക്ഷ്യത്തെലെത്താന്‍ പരിശ്രമിച്ചു. ഗാന്ധിജിയുടെ ഈ സങ്കല്‍പ്പത്തെ അട്ടിമറിച്ച് ഏകത്വം അടിച്ചേല്‍പ്പിക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. നാനത്വത്തെയും ബഹുസ്വരതയെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഏകത്വവാദികളെ സര്‍വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുക എന്നതാണ് രാജ്യത്തെ മതേതര ജനാധിപത്യവാദികളുടെ കടമ. മഹാത്മാ ഗാന്ധിജി കോണ്‍ഗ്രസിന് നേതൃത്വം നല്‍കിയതിനാലാണ് 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. ക്വിറ്റ് ഇന്ത്യാ സമരം സ്വാതന്ത്ര്യം നേടുന്നതിന് വേഗം പകര്‍ന്നുവെന്നും എ.കെ.ആന്റണി പറഞ്ഞു.