സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോർജ്

Spread the love

രോഗത്തെയാണ് അകറ്റേണ്ടത് രോഗികളേയല്ല.

* അശ്വമേധം 6.0: കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം ആരംഭിച്ചു.

സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ സംസ്ഥാനം കുഷ്ഠരോഗ നിർമാർജനത്തിന്റെ വക്കിലാണുള്ളത്. രാജ്യത്ത് ഏറ്റവും കുറവ് കുഷ്ഠരോഗികളുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റേയും പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടേയും ഭാഗമാണ് ഇത് കൈവരിക്കാനായത്. കൃത്യമായ നയത്തിന്റേയും വീക്ഷണത്തിന്റേയും അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ സുശക്തമായിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘അശ്വമേധം 6.0’ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അശ്വമേധം ക്യാമ്പയിനിലൂടെ പുതിയ രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നു. അശ്വമേധത്തിലൂടെ 2018ൽ സംസ്ഥാനത്ത് പുതുതായി കണ്ടെത്തിയ കുഷ്ഠ രോഗികളുടെ എണ്ണം 783 ആയിരുന്നു. കോവിഡ് മഹാമാരി മൂലം അക്കാലത്ത് ഈ ക്യാമ്പയിന് തടസമായി. 2022-23 കാലത്ത് ക്യാമ്പയിൻ വീണ്ടും ആരംഭിച്ചു. അന്ന് 559 കേസുകൾ റിപ്പോർട്ട് ചെയ്തു. 2024-25ൽ 486 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2022-23ലും 2023-24ലും 10,000ൽ 0.15 ആണ് കുഷ്ഠരോഗത്തിന്റെ പ്രിവിലൻസ് നിരക്ക്. 2024-25ൽ അത് 0.11 ആയി കുറഞ്ഞിട്ടുണ്ട്.

നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഗായത്രി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, സ്റ്റേറ്റ് ലെപ്രസി ഓഫീസർ ഡോ. ഷീജ എ.എൽ., ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനോജ്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *