കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണമേഖലയ്ക്കാണ് ഇനി ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. സെന്റർ ഓഫ് എക്‌സലൻസ് ഫോർ ടീച്ചിങ് ലേർണിംഗ് ആൻഡ് ട്രെയിനിങ്, കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷണകാര്യങ്ങളിൽ അന്താരാഷ്ട്രനിലവാരത്തോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി ഏഴ് മികവിന്റെ കേന്ദ്രങ്ങൾ ഈ വർഷം സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ, സെന്റർ ഓഫ് എക്‌സലൻസ് ഇൻ ടീച്ചിംഗ് ലേണിംഗ് ആൻഡ് ട്രെയിനിംഗ് എന്നീ രണ്ടു കേന്ദ്രങ്ങൾ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുന്നത്.
മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ രാജൻ വർഗീസും വഴുതക്കാട് സർക്കാർ വിമൻസ് കോളേജ് പ്രിൻസിപ്പൽ അനില ജെ എസ് ഉം കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷന്റെ ഉപകേന്ദ്രം സർക്കാർ വിമൻസ് കോളേജിൽ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രവും കൈമാറി.
റിസർച്ച് സെന്ററുകളുടെ മികവും, റിസർച്ച് ഔട്ട്പ്പുട്ടിന്റെ സാമൂഹ്യ പ്രയോഗവുമാണ് ഏറ്റവും പ്രാധാന്യത്തോട് കൂടി കാണേണ്ടതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്വാളിറ്റേറ്റീവ് ആയിട്ടുള്ള പ്രകടനം വളരെ മികച്ചതാണ് എന്ന് തന്നെയാണ്, NAAC അക്രഡിറ്റേഷനുമായി ബന്ധപ്പെട്ടും എൻ.ഐ.ആർ.എഫുമായി ബന്ധപ്പെട്ടുമൊക്കെയുള്ള ഗ്രെയിടുകളും റാങ്കുകളും ഒക്കെ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ പൊതു സർവകലാശാലകളുടെ ലിസ്റ്റിൽ ഒൻപതും പത്തും പതിനൊന്നും സ്ഥാനങ്ങൾ കേരളത്തിലെ സർവകലാശാലകൾക്ക് ലഭിച്ചിരിക്കുന്നു. അതുപോലെ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ നൽപ്പത്തിരണ്ട് സ്ഥാപനങ്ങൾ കേരളത്തിൽ നിന്നാണെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു.