കാന്‍സര്‍ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

Spread the love

ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം: ലോഗോ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിന് സംസ്ഥാനം നടത്തുന്ന വലിയ ചുവടുവയ്പ്പാണിത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. ഈ കാലയളവില്‍ സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയ്ക്ക് സ്‌ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടത്തില്‍ ഏകദേശം 9 ലക്ഷത്തോളം പേര്‍ക്ക് കാന്‍സര്‍ രോഗ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ 9 ലക്ഷം പേരില്‍ 1.5 ലക്ഷം ആളുകള്‍ മാത്രമാണ് തുടര്‍ പരിശോധനയ്ക്ക് സന്നദ്ധമായിരുന്നത്. അതായത് സ്‌ക്രീനിംഗില്‍ പങ്കെടുത്ത 7.5 ലക്ഷം പേരും തുടര്‍ പരിശോധനയ്ക്ക് സന്നദ്ധമാകുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

നിരവധി കാരണങ്ങളാല്‍ പല കാന്‍സര്‍ രോഗികളും അവസാന സ്‌റ്റേജുകളിലാണ് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നത്. അപ്പോഴേയ്ക്കും രോഗം ഗുരുതരമാകുകയും പലപ്പോഴും മരണമടയുകയും ചെയ്യുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടത്തി ചികിത്സ തേടിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. ഇത് മുന്നില്‍ കണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജനപങ്കാളിത്തത്തോടെ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ കാന്‍സര്‍ ജനകീയ ക്യാമ്പയിന്റെ ലോഗോ പ്രകാശനം പത്തനംതിട്ടയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ബീനപ്രഭ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില എന്നിവര്‍ പങ്കെടുത്തു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *