പട്ടികവർഗ സമൂഹത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തിനും വികസനത്തിനും വേണ്ടി ക്രിയാത്മ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പട്ടിക വർഗ യുവജന സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം കൈമനം ബി.എസ്.എൻ.എൽ. ട്രെയിനിങ് സെന്ററിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഛത്തീസ്ഗഢ്, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ അഞ്ച് ജില്ലകളിൽ നിന്നുള്ള ഗോത്ര വർഗ വിദ്യാർത്ഥികളാണ് പതിനാറാമത് യുവജന സമ്പർക്ക പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയത്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഏറെ സന്തോഷത്തോടെ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
ആദിവാസി ഗോത്ര വിഭാഗങ്ങൾ സമ്പന്നമായ സംസ്‌കൃതിയുടെ ഉടമകളാണ്. വനത്തിനുള്ളിലും ഉൾപ്രദേശങ്ങളിലും താമസിക്കുകയും പ്രകൃതിയുമായി ഇണങ്ങി നാടും പുഴകളും സസ്യജാലങ്ങളും സംരക്ഷിക്കുന്ന പരിസ്ഥിതി സംരക്ഷണ സമൂഹം കൂടിയാണ് പട്ടികവർഗസമൂഹം. സമൂഹത്തിന്റെ പൊതുധാരയിലേക്ക് പട്ടിക വർഗ സമൂഹത്തെ കൊണ്ടുവരാൻ നിതാന്ത പരിശ്രമമാണ് കേരള സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ആദിവാസി സമൂഹത്തിൽ നിന്നും ഉയർന്നു വന്ന ഊജ്വലനായ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ടയുടെ 150-ാം ജന്മ വാർഷിക വർഷത്തിൽ പരിപാടി നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈ പരിപാടിയിലൂടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങൾ കാണാൻ കഴിയുന്നു എന്നത് വിദ്യാർഥികൾക്ക് ലഭിക്കുന്ന മികച്ച അവസരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
യുവജന സമ്പർക്ക പരിപാടിയിലെ പ്രതിനിധികൾ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലാവരെയും കേരള സർക്കാരിനു വേണ്ടി നിയമസഭയിലേക്ക് സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ബഹുസ്വരതയാർന്ന ഇന്ത്യയെ തിരിച്ചറിഞ്ഞ് നല്ല നാളെകൾ സൃഷ്ടിക്കാൻ വിദ്യാർഥികൾക്ക് കഴിയട്ടെയെന്നു മന്ത്രി ആശംസിച്ചു. പത്മ ശ്രീ ലക്ഷ്മികുട്ടി അമ്മ, കായിക യുവജന ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, തുടങ്ങിയവർ സംബന്ധിച്ചു. ഫെബ്രുവരി മൂന്നിന് ആരംഭിച്ച പരിപാടി ഒമ്പതിന് സമാപിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകൾക്ക് പുറമെ സംഘാംഗങ്ങൾക്ക് കേരള നിയമസഭ, വിക്രംസാരാഭായ് സ്‌പേസ് സെന്റർ, ടെക്നോപാർക്ക്, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, വിഴിഞ്ഞം പോർട്ട് എന്നിവയിൽ പഠന യാത്രയും കോവളം ബീച്ച്, മ്യൂസിയം, മൃഗശാല എന്നിവ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.