പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പുന്നപ്ര സെന്റ് ഗ്രിഗോറിയസ് പള്ളി അങ്കണത്തില്‍ രണ്ടാംഘട്ട പച്ചത്തുരുത്ത് സ്ഥാപിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം എച്ച് സലാം എം.എല്‍.എ നിർവഹിച്ചു. സെന്റ് ഗ്രിഗോറിയസ് പള്ളി അധികാരികളാണ് പച്ചത്തുരുത്ത് സ്ഥാപിക്കാനുള്ള സ്ഥലം നല്‍കിയത്. കോന്നി ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും ഹരിത കേരളം മിഷന്‍ ലഭ്യമാക്കിയ നീര്‍മരുത്, മണിമരുത്, വെള്ളപ്പൈന്‍, കമ്പകം, ഞാറ, ഞാവല്‍, ആര്യവേപ്പ്, കാട്ടുചെമ്പകം എന്നീ വൃക്ഷത്തൈകളാണ് പച്ചത്തുരുത്തില്‍ നട്ടത്. സെന്റ് ഗ്രിഗോറിയസ് പള്ളിയില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിയിരുന്ന ഫാദര്‍ അനില്‍ കരിപ്പിങ്ങാപ്പുറത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനു കൂടിയാണ് പച്ചത്തുരുത്ത് സ്ഥാപിക്കുന്നത്. വൃക്ഷങ്ങളുടെ പരിപാലനം തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നിര്‍വ്വഹിക്കുന്നത്. സ്വാഭാവിക ചെറുവനങ്ങളായി മാറുന്ന ഈ പച്ചത്തുരുത്തുകള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ജീവിക്കുന്ന മാതൃകകളായി മാറുമെന്ന് എച്ച് സലാം പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്
പി.ജി.സൈറസ് അധ്യക്ഷനായി. റവ. ഫാദര്‍ അനില്‍ കരിപ്പിങ്ങാപ്പുറം മുഖ്യാതിഥിയായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, വൈസ് പ്രസിഡന്റ് സുധര്‍മ്മ ഭുവനചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എം.ഷീജ, സതി രമേശന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.എസ്.രാജേഷ് , പഞ്ചായത്ത് സെക്രട്ടറി ആര്‍.ആര്‍. സൗമ്യറാണി, വി.ഇ.ഒ ജൂഡി എന്നിവര്‍ സംസാരിച്ചു.