യാഥാര്‍ത്ഥ്യങ്ങളില്ലാത്ത സ്വപ്‌ന ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായി നില്‍ക്കുമ്പോഴാണ് പുതിയ പ്രഖ്യാപനങ്ങള്‍. ധനമന്ത്രിയുടെ നിയമസഭയിലെ വാചക കസര്‍ത്ത് കേട്ടപ്പോള്‍ ഓര്‍മ്മവരുന്നത് പഴയ സിനിമയിലെ ഒരു ഗാനമാണ്. തോട്ടിന്‍കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും, കൃഷികാര്‍ക്ക് കൃഷി ഭൂമി,പണക്കാര്‍ക്ക് മരുഭൂമി, എന്‍ജിഓമാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാലിരട്ടി എന്ന് പഴയകാല മലയാളചലച്ചിത്ര നടന്‍ അടൂര്‍ ഭാസി ഒരു പടത്തില്‍ പാടിയത് പോലെയാണ് ധനമന്ത്രി ബാലഗോപാലിന്റെ ബജറ്റ് വാഗ്ദാനങ്ങളെന്നും എംഎം ഹസന്‍ പരിഹസിച്ചു.
സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ നികുതിയേതര വരുമാനത്തെ കുറിച്ച് ഒരു ക്രിയാത്മക നിര്‍ദ്ദേശം പോലുമില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനോ, കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനോ, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനോ ആവശ്യമായ ഒരു ഗൗരവകരമായ സമീപനം പോലും ബജറ്റിലില്ല. കടം പെരുകി നില്‍ക്കുന്ന സര്‍ക്കാര്‍,കുടിശ്ശിക ഇനത്തില്‍ കൊടുക്കാനുള്ളത് ഒരു ലക്ഷം കോടിയോളം വരും. ആ തുകമാത്രമാണ് ബജറ്റില്‍ ഓരോ പദ്ധതികള്‍ക്കും അനുവദിച്ചത്.
കേരളം നേരിടുന്ന ഗുരുതര ധനപ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്ന ബജറ്റായിരിക്കുമെന്ന പ്രതീക്ഷിച്ചവര്‍ക്ക് നിരാശ മാത്രം നല്‍കി. 60 ലക്ഷത്തോളം വരുന്ന ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരെയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെയും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെയും അഭ്യസ്തവിദ്യരെയും ബജറ്റില്‍ ധനമന്ത്രി പരിഗണിക്കപോലും ചെയ്തില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശിക മാത്രമെ നല്‍കുവെന്ന പ്രഖ്യാപനം അവരെ നിരാശരാക്കി.
വിലക്കയറ്റത്തിലും നികുതി ഭാരത്തിലും വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്ക് മേല്‍ ഭൂനികുതിയും പഴയവാഹനങ്ങളുടെയും റോഡ് നികുതിയും വര്‍ധിപ്പിച്ച് ഇരട്ടി പ്രഹരം നല്‍കി. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കിഫ്ബി നിര്‍മ്മിച്ച റോഡുകളിലും പാലങ്ങളിലും ടോള്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം നികുതിക്ക് മേല്‍ ചുങ്കം ചുമത്തുന്ന കൊള്ളയാണ്.
രാജ്യത്തെ കള്ളിപ്പാട്ട നിര്‍മ്മാണ ഹബ്ബാക്കുമെന്ന കേന്ദ്രബജറ്റിന്റെ ചുവട് പിടിച്ച് കേരളത്തിലും ധനമന്ത്രി കള്ളിപ്പാട്ടങ്ങളുടെ ഉത്പാദനത്തിന് 5 കോടി മാറ്റിവെച്ചു.മോദിയെപ്പോലെ തന്നെ പിണറായി വിജയനും ജനങ്ങളെ കളിപ്പാവകളാക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്.മരണാസന്നരായ രോഗികള്‍ക്ക് അന്ത്യകൂദാശ നല്‍കുന്നത് പോലെയാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റെന്നും എംഎം ഹസന്‍ പരിഹസിച്ചു.