സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജന കരട് വിജ്ഞാപനത്തിനെതിരെ ഉയര്‍ന്നുവന്ന 16896 പരാതികളില്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ജില്ലകളില്‍ നടത്തുന്ന സിറ്റിംഗുകളും പരാതി കേള്‍ക്കലും വെറും പ്രഹസനമായി മാറിയിരിക്കുകയാണെന്ന് രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടനയുടെ സംസ്ഥാന നേതൃയോഗം ആരോപിച്ചു.
ഒരു ദിവസം ആയിരം പരാതി വീതം 16 ദിവസങ്ങള്‍ കൊണ്ട് നേരിട്ട് കേള്‍ക്കുവാന്‍ നിശ്ചയിച്ച കമ്മീഷന്‍ സിറ്റിങ്ങുകള്‍ 10 ജില്ലകളില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു പരാതിയും ഒരു മിനിറ്റ് പോലും കേള്‍ക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല. 5 അംഗങ്ങള്‍ ഉള്ള ഡീലിമിറ്റേഷന്‍ കമ്മീഷനിലെ ചെയര്‍മാന്‍ മാത്രമാണ് ഭൂരിപക്ഷം ജില്ലകളിലും സിറ്റിങ്ങിന് എത്തിയത്, മറ്റ് അംഗങ്ങള്‍ ആരും കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ഹാജരായില്ല. കേവലം വഴിപാട് ചടങ്ങ് മാത്രമായി ഹിയറിങ്ങിനെ മാറ്റിയതായി യോഗം കുറ്റപ്പെടുത്തി.
ഇത്രയും ഭീമമായ പരാതികള്‍ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരുകാലത്തും ഉണ്ടായിട്ടില്ല. ഇതിനു പരിഹാരം കാണാതെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രാഷ്ട്രീയ പ്രേരിതമായി ഒളിച്ചു കളിച്ചാല്‍ എല്ലാ തലങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു.
അധികാര വികേന്ദ്രീകരണം അട്ടിമറിച്ചുകൊണ്ട് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ കഴിഞ്ഞ നാലു വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പണം പോലും നല്‍കാതെ വീര്‍പ്പുമുട്ടിക്കുകയാണ്. ഇതിനെതിരെ, സര്‍ക്കാരിനെതിരെ കുറ്റപത്രം അവതരിപ്പിച്ചുകൊണ്ട് പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ ഭവനരഹിതര്‍ക്കുള്ള എല്ലാ ഭവന നിര്‍മ്മാണ പദ്ധതികളും ലൈഫ് പദ്ധതി ആക്കിയ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഒരു വീടുപോലും നല്‍കിയിട്ടില്ല എന്ന് യോഗം ആരോപിച്ചു.
രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടനയുടെ സംസ്ഥാന ചെയര്‍മാന്‍ എം മുരളിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഇന്ദിരാഭവനില്‍ കൂടിയ നേതൃ സമ്മേളനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.എം.ലിജു, പഞ്ചായത്തി രാജ് സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി കെ.രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തദ്ദേശ ദിനാചരണത്തിന്റെ മറവില്‍ സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും നടത്തുന്ന നിര്‍ബന്ധ പിരിവ് തീവെട്ടി കൊള്ളയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.