തദ്ദേശ ദിനാചരണത്തിന്റെ മറവിൽ സർക്കാർ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും നടത്തുന്ന നിർബന്ധ പിരിവ് തീവെട്ടി കൊള്ള : രാജീവ് ഗാന്ധി പഞ്ചായത്തിരാജ്

Spread the love

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജന കരട് വിജ്ഞാപനത്തിനെതിരെ ഉയർന്നുവന്ന 16896 പരാതികളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലകളിൽ നടത്തുന്ന സിറ്റിംഗുകളും പരാതി കേൾക്കലും വെറും പ്രഹസനമായി മാറിയിരിക്കുകയാണെന്ന് രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടനയുടെ സംസ്ഥാന നേതൃയോഗം ആരോപിച്ചു.

ഒരു ദിവസം ആയിരം പരാതി വീതം 16 ദിവസങ്ങൾ കൊണ്ട് നേരിട്ട് കേൾക്കുവാൻ നിശ്ചയിച്ച കമ്മീഷൻ സിറ്റിങ്ങുകൾ 10 ജില്ലകളിൽ പൂർത്തിയാക്കിയപ്പോൾ ഒരു പരാതിയും ഒരു മിനിറ്റ് പോലും കേൾക്കാൻ കമ്മീഷൻ തയ്യാറായില്ല. 5 അംഗങ്ങൾ ഉള്ള ഡീലിമിറ്റേഷൻ കമ്മീഷനിലെ ചെയർമാൻ മാത്രമാണ് ഭൂരിപക്ഷം ജില്ലകളിലും സിറ്റിങ്ങിന് എത്തിയത്, മറ്റ് അംഗങ്ങൾ ആരും കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ഹാജരായില്ല. കേവലം വഴിപാട് ചടങ്ങ് മാത്രമായി ഹിയറിങ്ങിനെ മാറ്റിയതായി യോഗം കുറ്റപ്പെടുത്തി.

ഇത്രയും ഭീമമായ പരാതികൾ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരുകാലത്തും ഉണ്ടായിട്ടില്ല. ഇതിനു പരിഹാരം കാണാതെ ഡീലിമിറ്റേഷൻ കമ്മീഷൻ രാഷ്ട്രീയ പ്രേരിതമായി ഒളിച്ചു കളിച്ചാൽ എല്ലാ തലങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു.

അധികാര വികേന്ദ്രീകരണം അട്ടിമറിച്ചുകൊണ്ട് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ കഴിഞ്ഞ നാലു വർഷങ്ങളായി സംസ്ഥാന സർക്കാർ പദ്ധതി പണം പോലും നൽകാതെ വീർപ്പുമുട്ടിക്കുകയാണ്. ഇതിനെതിരെ, സർക്കാരിനെതിരെ കുറ്റപത്രം അവതരിപ്പിച്ചുകൊണ്ട് പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ ഭവനരഹിതർക്കുള്ള എല്ലാ ഭവന നിർമ്മാണ പദ്ധതികളും ലൈഫ് പദ്ധതി ആക്കിയ ശേഷം കഴിഞ്ഞ മൂന്നു വർഷങ്ങളായി ഒരു വീടുപോലും നൽകിയിട്ടില്ല എന്ന് യോഗം ആരോപിച്ചു.

രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടനയുടെ സംസ്ഥാന ചെയർമാൻ എം മുരളിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ഇന്ദിരാഭവനിൽ കൂടിയ നേതൃ സമ്മേളനത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എം.ലിജു, പഞ്ചായത്തി രാജ് സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി കെ.രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.

തദ്ദേശ ദിനാചരണത്തിന്റെ മറവിൽ സർക്കാർ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും നടത്തുന്ന നിർബന്ധ പിരിവ് തീവെട്ടി കൊള്ളയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *