ഇന്ത്യയ്ക്ക് അകത്തുനിന്നും കാഷ്യൂ ബോർഡ് തോട്ടണ്ടി വാങ്ങും

Spread the love

ഇന്ത്യയിലെ കശുവണ്ടി ഉൽപ്പാദക സംസ്ഥാനങ്ങളിൽ നിന്നും പച്ചത്തോട്ടണ്ടി ഇ- ടെണ്ടറിലൂടെ വാങ്ങാൻ കാഷ്യൂ ബോർഡ് യോഗം തീരുമാനിച്ചു. വിദേശ കശുവണ്ടി ഉൽപ്പാദക രാഷ്ട്രങ്ങളിൽ നിന്നും തോട്ടണ്ടി യഥാസമയം ലഭിക്കാത്തതും, പ്രോസസിങ് വ്യവസായത്തിലേക്ക് പ്രവേശിച്ചതും, ലഭിക്കുന്ന കശുവണ്ടിയുടെ വില കൂടുന്നതും, കശുവണ്ടിയുടെ നിലവാരം കുറഞ്ഞതുമായതാണ് ഇന്ത്യയ്ക്കകത്തു നിന്നുകൂടി തോട്ടണ്ടി ഇ ടെൻഡറിലൂടെ വാങ്ങാനുള്ള തീരുമാനം സംസ്ഥാന സർക്കാറിന്റെ അംഗീകാരത്തോടുകൂടി കാഷ്യൂ ബോർഡ് യോഗം കൈക്കൊണ്ടത്. നാളിതുവരെ വിദേശത്ത് നിന്നും, കേരളത്തിനകത്ത് നിന്നും മാത്രമേ തോട്ടണ്ടി വാങ്ങിയിരുന്നുള്ളൂ.ഓരോ സംസ്ഥാനത്തെയും സഹകരണ സംഘങ്ങളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും ഇ-ടെൻഡർ നടപടിയിലൂടെയാണ് തോട്ടണ്ടി വാങ്ങുന്നത്. കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഉൽപാദക സ്ഥാപനങ്ങളിൽ നിന്നും കാഷ്യൂ ബോർഡ് തോട്ടണ്ടി വാങ്ങും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി കൃഷി ചെയ്യുന്നത് ഒഡിഷയിലാണ്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കശുവണ്ടി ഉല്പാദനത്തിൽ കേരളം നിലവിൽ അഞ്ചാം സ്ഥാനത്താണ്.മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡിഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രണ്ട് ലക്ഷം ടൺ വരെ കശുവണ്ടി ഉത്പാദിപ്പിക്കുമ്പോൾ കേരളത്തിൽ അത് 76000 ടൺ മാത്രമാണ്. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും ഫാക്ടറികളും പ്രവർത്തിക്കണമെങ്കിൽ പ്രതിവർഷം ഏകദേശം നാല് ലക്ഷം ടൺ തോട്ടണ്ടി ആവശ്യമാണ്. ഇന്ത്യക്ക് അകത്തുള്ള സംസ്ഥാനങ്ങളെല്ലാം കൂടി ഉത്പാദിപ്പിക്കുന്ന തോട്ടണ്ടിയുടെ കണക്കെടുത്താൽ ഏകദേശം 8 ലക്ഷം ടൺ കശുവണ്ടി ഉത്പാദിപ്പിക്കുന്നുമുണ്ട്.കശുമാവ് കർഷകർക്ക് ന്യായമായ വില ലഭിക്കാനും, കശുമാവ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് കാഷ്യൂ ബോർഡ് ഇന്ത്യയ്ക്ക് അകത്തുനിന്നും തോട്ടണ്ടി വാങ്ങാനുള്ള തീരുമാനം എടുത്തിട്ടുള്ളത്. കേരള സർക്കാർ തോട്ടണ്ടി ഒരു കിലോയ്ക്ക് 110 രൂപ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.വരുംനാളുകളിൽ ഇന്ത്യയ്ക്കകത്ത് തന്നെ കശുമാവ് കൃഷി പ്രോത്സാഹിപ്പിച്ച് കശുവണ്ടി സംഭരിച്ചുകൊണ്ട് കേരളത്തിലെ കശുവണ്ടി ഫാക്ടറികൾ പ്രവർത്തിപ്പിക്കാൻ കഴിയും എന്നതുകൊണ്ടാണ് കാഷ്യൂ കോർപ്പറേഷൻ നിരന്തരമായി ഈ ആവശ്യം സർക്കാറിന്റെ മുന്നിൽ അവതരിപ്പിച്ചതെന്ന് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു.

കാഷ്യൂ ബോർഡ് യോഗത്തിൽ കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ കാഷ്യൂ ബോർഡ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ അലക്‌സാണ്ടർ, കാഷ്യൂ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ കെ, കാപെക്സ് മാനേജിംഗ് ഡയറക്ടർ സന്തോഷ് കുമാർ എം.പി, സിജു ജേക്കബ്, വിനയൻ പി എന്നിവരും സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *