മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാതല നിർവ്വഹണസമിതി യോഗത്തിലാണ് തീരുമാനം.
മാർച്ച് 30 ന് സംസ്ഥാനത്തെ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തിലാണ് മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ സംഘടിപ്പിച്ചു വരുന്നത്.
മാലിന്യമുക്തം നവകേരളം ജനകീയ കാ മ്പയിൻ ലക്ഷ്യങ്ങളായ ഹരിത ടൂറിസം, ഹരിതസ്ഥാപനങ്ങൾ, ഹരിതവിദ്യാലയങ്ങൾ, ഹരിതകാമ്പസ്, ഹരിത ടൗണുകൾ, മാർക്കറ്റ്, പൊതുസ്ഥലങ്ങൾ എന്നിവ കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും യോഗം നിർദേശിച്ചു.
എം.സി.എഫുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഒരുക്കുന്നതിനുമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത പദ്ധതികളുടെ നിർവ്വഹണം കൂടുതൽ വേഗത്തിലാക്കണം.
മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, മലിനജലം ഒഴുക്കിവിടൽ, മാലിന്യക്കൂനകൾ എന്നിവ ഇല്ല എന്നുറപ്പാക്കിയും ഇതിനുപുറമേ വ്യാപാരികളുടെയും ജനങ്ങളുടെയും സഹായത്തോടെ സൗന്ദര്യവത്‌കരണ പ്രവർത്തനവും പൂർത്തിയാക്കിയാണ് ഹരിത ടൗൺ പ്രഖ്യാപിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളെ സമ്പൂർണ ഹരിത പെരുമാറ്റച്ചട്ട പദവിയിലെത്തിക്കാനുള്ള പ്രവർത്തനം ജനകീയ കാമ്പയിനിലെ പ്രധാനപ്പെട്ടതാണ്.ഇതുവരെ ജില്ലയിൽ 167 ടൗണുകൾ ഹരിതസുന്ദര പദവിയിലെത്തി . ഇതോടൊപ്പം 248 പൊതുസ്ഥലങ്ങൾ, 2960 ഓഫീസ്, 794 സ്കൂൾ, 48കോളേജ്, 22108 അയൽക്കൂട്ടം എന്നിവയ്ക്കും ജില്ലയിൽ ഹരിത പദവി ലഭിച്ചു.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ്, ജനറൽ ഹോസ്പിറ്റൽ എറണാകുളം എന്നിവയെ ഹരിത സ്ഥാപനങ്ങളാക്കി പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ജനറൽ ഹോസ്പിറ്റലിന് വേണ്ടി സൂപ്രണ്ട് ഡോ. ഷഹർ ഷായും ഡിഎംഒ ഓഫീസ് പ്രതിനിധിയായി ബിജുവും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിൻറ് ഡയറക്ടർ, നവകേരളം കർമ്മപദ്ധതി കോ ഓഡിനേറ്റർ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ, കുടുബശ്രീ ജില്ലാ കോ ഓഡിനേറ്റർ, സെക്രട്ടറിമാർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.