34 കി. മി കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച്.
മലയോരപാതയുടെ ആദ്യ റീച്ച് കോഴിക്കോട് ജില്ലയിൽ നിർമ്മാണം പൂർത്തിയാക്കി.34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചാണ് ഗതാഗത സജ്ജമായത് . റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 195 കോടി ചെലവഴിച്ചാണ് റീച്ചിന്റെ പണി പൂർത്തിയാക്കിയത്. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മൂന്ന് റീച്ചുകളിലായാണ് പാതയുടെ നിർമാണം നടക്കുന്നത്. ഇതിൽ ഏറ്റവും ദൈർഘ്യമേറിയ റീച്ചാണ് ഇപ്പോൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയുടെ മലയോര- കാര്‍ഷിക മേഖലയ്ക്ക് വലിയ ഉണര്‍വ്വുണ്ടാക്കുന്ന പാത കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ വിലങ്ങാട്- കൈവേലി- കായക്കൊടി-കുറ്റ്യാടി- മരുതോങ്കര- പെരുവണ്ണാമൂഴി- ചക്കിട്ടപാറ-നരിനട- കൂരാച്ചുണ്ട്-കല്ലാനോട്- തലയാട്-കട്ടിപ്പാറ- മലപുറം-കോടഞ്ചേരി- തിരുവമ്പാടി- കൂടരഞ്ഞി-കൂമ്പാറ- കക്കാടംപൊയിൽ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
കൂമ്പാറയിലെയും കൂടരഞ്ഞി വീട്ടിപ്പാറയിലെയും രണ്ട് പാലങ്ങൾ കൂടി ഇതിൽ ഉൾപ്പെടുന്നുണ്ട്. പാതയുടെ ഇരുവശങ്ങളിലും ഓട നിർമിച്ചിട്ടുണ്ട്. തെരുവുവിളക്കുകള്‍, ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകൾ, സൗരോർജ വിളക്കുകൾ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയും ആവശ്യമായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.റോഡ് നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാതയിലേക്ക് എത്തുന്ന തിരുവമ്പാടി- മറിപ്പുഴ റോഡുമായും ചേരുന്ന ഈ പാത കക്കാടംപൊയില്‍, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന ഇരുവിഴിഞ്ഞിപ്പുഴയിലെ ഇലന്തുകടവ്, തുഷാരഗിരി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ ആഭ്യന്തര വിനോദസഞ്ചാര മേഖലയില്‍ വലിയ ഉണര്‍വ്വുണ്ടാക്കും. പൂർണമായും ജനങ്ങൾ സൗജന്യമായി വിട്ടു നൽകിയ പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്. സ്‌ഥലം വിട്ടുനൽകിയവർക്ക് സംരക്ഷണ ഭിത്തി നിർമിച്ചു നൽകി. 155 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന റീച്ചിന്റെ നിർമാണം കരാർ എടുത്ത് പൂർത്തിയാക്കിയത്.കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്ത് വൈകിട്ട് 3 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ലിന്റോ ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും.