കോഴ്‌സുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം; ഐ.എസ്.ഡി.സിയും ലൊയോള കോളജും ധാരണാപത്രം ഒപ്പുവെച്ചു

Spread the love

തിരുവനന്തപുരം: ലൊയോള ഓട്ടോണോമസ് കോളജ് ഓഫ് സോഷ്യല്‍ സയന്‍സസുമായി ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി) ധാരണാപത്രം ഒപ്പുവെച്ചു. പുതിയതായി ആരംഭിച്ച ബി.കോം, ഐടി അനുബന്ധ ബിഎസ്.സി കോഴ്‌സുകള്‍ക്ക് അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എസിസിഎ), അനലിറ്റിക്‌സ് പ്രൊഫഷണലുകളുടെ ആഗോളസംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ്(ഐഒഎ) എന്നിവയുടെ അംഗീകാരം ലഭ്യമാക്കുന്നതിനായാണ് സഹകരണം. പുതിയ പങ്കാളിത്തത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരമുള്ള എസിസിഎ, ഐഒഎ യോഗ്യത കരസ്ഥമാക്കുവാനും അന്താരാഷ്ട്രതലത്തിലുള്ള മുന്‍നിര കമ്പനികളിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാനും സാധിക്കും. ലോയോള ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ഫാ. ഡോ. സാബു പി. തോമസ്, ഐ.എസ്.ഡി.സി റീജിയണല്‍ മാനേജര്‍ അര്‍ജുന്‍ രാജ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ചടങ്ങില്‍ ലോയോള ഓട്ടോണോമസ് കോളജ് ഡയറക്ടര്‍ സജി പി ജേക്കബ്, ഐ.എസ്.ഡി.സി അസി.മാനേജര്‍ അമല്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

‘ആറ് പതിറ്റാണ്ടിലധികമായി വിദ്യാഭ്യാസ രംഗത്ത് മികവാര്‍ത്ത പ്രവര്‍ത്തനം നടത്തുന്ന ലോയോള, ഐഎസ്ഡിസിയുമായുള്ള പങ്കാളിത്തം ഉറപ്പാക്കിയതോടെ വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ്. കോഴ്‌സുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ ഐഒഎ, എസിസിഎ അംഗീകാരം ലഭിക്കുന്നതിലൂടെ ആഗോള ശ്രദ്ധ നേടുവാനും വിദ്യാര്‍ത്ഥികളുടെ പ്രായോഗിക വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുവാനും സാധിക്കും’- പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഫാ. ഡോ. സാബു പി. തോമസ് പറഞ്ഞു.

‘ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലെ 300-ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമാണ് ഐഎസ്ഡിസി. എസിസിഎ,ഐഒഎ സംയോജിത കോഴ്സുകള്‍ ഭാവിയിലെ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ സഹായിക്കും. കൂടാതെ, ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര പ്രൊഫഷണല്‍ സംഘടനകളില്‍ അംഗത്വം നേടുവാനും സാധിക്കും ‘- ഐ.എസ്.ഡി.സി റീജിയണല്‍ മാനേജര്‍ അര്‍ജുന്‍ രാജ് പറഞ്ഞു

PGS Sooraj

Author

Leave a Reply

Your email address will not be published. Required fields are marked *