വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യാഴാഴ്ച കാന്‍സര്‍ സ്‌ക്രീനിംഗ്

Spread the love

രണ്ട് ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി.

തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്കുമായി കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തുന്നു. ഫെബ്രുവരി 20ന് തിരുവനന്തപുരം വൈ.എം.സി.എ. ഹാളിലാണ് സ്‌ക്രീനിംഗ്. ആരോഗ്യ വകുപ്പും കെ.യു.ഡബ്ല്യു.ജെ. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പയിനില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും. ആര്‍സിസിയിലേയും ആരോഗ്യ വകുപ്പിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും സ്‌ക്രീനിംഗ്. മാധ്യമ പ്രവര്‍ത്തകരുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലും മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതാണ്. എല്ലാ വനിതാ മാധ്യമ പ്രവര്‍ത്തകരും സ്‌ക്രീനിംഗില്‍ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കാന്‍സര്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാകും. ഈ ക്യാമ്പയിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ടത്തില്‍ മാര്‍ച്ച് 8 വരെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാണ്.

ഇതുവരെ 2 ലക്ഷത്തിലധികം പേരാണ് കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ 1354 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീന്‍ ചെയ്തതില്‍ 10,447 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍ പരിചരണവും ലഭ്യമാക്കുന്നു. ഈ ക്യാമ്പയിനിലൂടെ നിലവില്‍ 37 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായി.

Author

Leave a Reply

Your email address will not be published. Required fields are marked *