പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് എംഎം ഹസന്‍.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കും ലഹരി വ്യാപനത്തിനുമെതിരെ യുഡിഎഫ് മാര്‍ച്ച് അഞ്ചിന് സെക്രട്ടറിയേറ്റിനു മുന്നില്‍ ‘നോ ക്രൈം നോ ഡ്രഗ്‌സ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഉപവാസം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി, പി.ജെ.ജോസഫ്, രമേശ് ചെന്നിത്തല.എം.എം.ഹസ്സന്‍, സി.പി.ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജന്‍, മാണി സി കാപ്പന്‍, ജി.ദേവരാജന്‍,അഡ്വ.രാജന്‍ ബാബു, രാജേന്ദ്രന്‍ വെള്ളപ്പാലത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.
ലഹരി വ്യാപനം തടയുന്നതില്‍ പോലീസും എക്‌സൈസും സമ്പൂര്‍ണ്ണ പരാജയമാണ്.ആത്മാര്‍ത്ഥതയുടെ കണിക പോലുമില്ലാതെ ഇപ്പോള്‍ പേരിന് വേണ്ടി എന്തൊക്കയോ ചെയ്‌തെന്ന് വരുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ലഹരിവിരുദ്ധ ജനകീയ പ്രസ്ഥാനം ആരംഭിക്കുമെന്ന എക്‌സൈസ് മന്ത്രിയുടെ പ്രഖ്യാപനത്തെ യുഡിഎഫ് സ്വാഗതം ചെയ്യുന്നു. ലഹരിക്കെതിരായ ശ്രമങ്ങള്‍ക്ക് യുഡിഎഫിന്റെ പിന്തുണയുണ്ടാകും.
രണ്ടുമാസത്തിനിടെ നടന്ന 63 കൊലപാതക കേസുകളില്‍ 30 എണ്ണത്തിനും ലഹരിബന്ധമുള്ളതാണെന്ന കണക്ക് ഞെട്ടിക്കുന്നതാണ്.മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം. മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുക്കുന്നത്. ലഹരികടത്തുകാര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പിട്ട് കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് അധികവും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായതിനാലാണ്.സിപിഎം ബന്ധമുള്ളവര്‍ പ്രതികളാകുമ്പോള്‍ ഇത്തരം കേസുകളും ദുര്‍ബലമാകുന്ന സ്ഥിതിയാണ്. വധശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യങ്ങളില്‍ പോലും നടപടി പേരിന് മാത്രമാണ്. ആ സ്ഥിതിമാറണം. എംഎം ഹസന്‍ പറഞ്ഞു.
കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ സംസ്‌കാരമാണ് പിണറായി ഭരണത്തിലുള്ളത്. രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കി നിയമ സഹായം നല്‍കുന്നു. ശരത് ലാല്‍,കൃപേഷ്,ഷുഹൈബ് തുടങ്ങിയ വധക്കേസുകളില്‍ സിബി ഐ അന്വേഷണമെന്ന കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ആവശ്യത്തെ എതിര്‍ക്കാനും പ്രതികള്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ ചെലവാക്കിയത് കോടികളാണ്.
ജയിലില്‍ എല്ലാ സൗകര്യവും നല്‍കിയതിന് പുറമെ ടി.പി.വധക്കേസിലെ പ്രതികള്‍ക്ക് ആയിരത്തിലേറെ ദിവസം പരോള്‍ നല്‍കി. അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും തണലില്‍ പ്രതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗകര്യങ്ങള്‍ യുവാക്കളില്‍ അക്രമപാത തിരഞ്ഞെടുക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നു. പ്രതികള്‍ക്കായി സര്‍ക്കാരിന്റെ ഇത്തരം വഴിവിട്ട സഹായങ്ങള്‍ സമൂഹത്തില്‍ അക്രമ പരമ്പരകള്‍ പെരുകാന്‍ പ്രചോദനമായെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
അക്രമങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. പാലക്കാട് പരോളില്‍ ഇറങ്ങിയ ചെന്താമരയെന്ന പ്രതി രണ്ടുപേരെ കൊലപ്പെടുത്താന്‍ ഇടയാക്കിയത് പോലീസിന്റെ നിസംഗതയാണ്.
കാമ്പസുകള്‍ കേന്ദ്രീകരിച്ച് വലിയ ലഹരി ഇടപാടുകള്‍ നടക്കുന്നു. ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ ആ ഇടപാടിലെ പ്രധാന കണ്ണിയാണ്. പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ച് കൊന്നവരും കോട്ടയം സര്‍ക്കാര്‍ നേഴ്‌സിംഗ് കോളേജില്‍ സഹപാഠിയെ ക്രൂരമായി റാഗ് ചെയ്തവരും ഇടതുവിദ്യാര്‍ത്ഥി സംഘടനയുടെ ലഹരിക്കടിമപ്പെട്ട പ്രവര്‍ത്തകരാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല.
കാമ്പസില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത വിവരം പോലീസിനെ അറിയിച്ചതിന്റെ പേരിലാണ് കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജിലെ പ്രിന്‍സിപ്പളിനെ പുറത്താക്കിയത്. താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയും ടി.പിയചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ.രജീഷുമായി അടുത്ത ബന്ധമാണുള്ളത്. ഈ സംഭവങ്ങളിലെല്ലാം സിപിഎമ്മിനെ ബന്ധപ്പെടുത്തുന്ന കണ്ണികളുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് മടിക്കുന്നുന്നെന്നും എംഎം ഹസന്‍ പറഞ്ഞു.