രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പി.എസ്.സി : മുഖ്യമന്ത്രി

Spread the love

കേരള പി.എസ്.സി മ്യൂസിയത്തിന്റെ ഉദ്ഘാടനവും പി.എസ്.സി ഓഫീസുകൾ ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച് പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എട്ടര വർഷത്തിനുള്ളിൽ രണ്ടേമുക്കാൽ ലക്ഷത്തോളം നിയമനങ്ങൾ പി.എസ്.സി നടത്തിയിട്ടുണ്ടെന്നും ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മീഷൻ മ്യൂസിയത്തിന്റെ ഉദ്ഘാടനവും പി.എസ്.സിയുടെ ആസ്ഥാനവും മൂന്ന് മേഖലാ ഓഫീസുകളും 14 ജില്ലാ ഓഫീസുകളും ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളപ്പിറവിക്ക് മുൻപുള്ള മദിരാശി പ്രവിശ്യയിലേയും കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥ നിയമനരീതികളും കേരളപ്പിറവിക്ക് ശേഷമുള്ള കേരള പി.എസ്.സിയുടെ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്ന അപൂർവ രേഖകളാണ് പി.എസ്.സി മ്യൂസിയത്തിന്റെ പ്രത്യേകത. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ കേരളാ പി.എസ്.സിക്ക് സമ്മാനിച്ച ഇന്ത്യൻ ഭരണഘടനയുടെ ആധികാരിക പതിപ്പും തിരു-കൊച്ചി സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന സി കേശവൻ ആദ്യ പബ്ലിക് സർവീസ് കമ്മീഷണറായ ഡോ. ജെ.ഡി. നോക്‌സിന് നൽകിയ കത്തും അടക്കം അപൂർവങ്ങളായ രേഖകൾ മ്യൂസിയത്തിലുണ്ട്. തിരുവനന്തപുരം പി.എസ്.സി ആസ്ഥാനത്ത് പട്ടം തുളസിഹിൽ ബംഗ്ലാവിലാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്. വിശാലമായ റഫറൻസ് ലൈബ്രറിയും റീഡിംഗ് റൂമും ഈ മന്ദിരത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഡൽഹിയിലെ യൂണിയൻ പബ്ലിക് സർവീസ് കമീഷൻ ആസ്ഥാനത്ത് മാത്രമാണ് നിലവിൽ പി.എസ്.സി. മ്യൂസിയമുള്ളത്. സംസ്ഥാന പി.എസ്.സികളിലെ ആദ്യ മ്യൂസിയമാണ് ഇപ്പോൾ കേരളത്തിൽ നിലവിൽ വന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *