തൊഴിലാളികളുടെ സുരക്ഷിതത്വം വ്യാവസായിക പുരോഗതിയുടെ അടിസ്ഥാനം: മന്ത്രി വി എൻ വാസവൻസംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡ് വിതരണം ചെയ്തു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങ് തുറമുഖം, സഹകരണ, ദേവസ്വംവകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പരധാരണയും തൊഴിലിടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും വ്യാവസായിക പുരോഗതിക്ക് അനിവാര്യമാണെന്ന് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ സംസാരിക്കവേ അഭിപ്രായപ്പെട്ടു.ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ ശരിയായ നിലയിൽ ഊർജം നൽകി തൊഴിൽ മേഖലയെ കരുത്തുറ്റതാക്കാൻ കഴിയൂ. ഇതിലൂടെയാണ് തൊഴിലുടമയുടെ വ്യവസായത്തിന്റെയും വളർച്ച സാധ്യമാകുന്നത്. ഈ പരസ്പര ധാരണയിലൂടെ മാത്രമേ നിലനിൽപ്പുള്ളൂ എന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്. പ്രായോഗികമായ നിരവധി പ്രശ്‌നങ്ങൾ ഇന്ന് തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്നു.തൊഴിലാളികളുടെ മാനസികവും കായികവുമായ അധ്വാനം പ്രയോജനപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വിഷമതകളെയും പ്രധാന്യത്തോടെ പരിഗണിക്കുകയും അതില്ലാതാക്കാനുള്ള ശ്രമങ്ങൾ സ്വീകരിക്കുകയും ചെയ്യണം. കേരളത്തെ സംബന്ധിച്ചടുത്തോളം നിക്ഷേപക സൗഹൃദ അന്തരീക്ഷവും വ്യാവസായിക പുരോഗതിയും വലിയ മാറ്റം സൃഷ്ടിച്ച കാലമാണിത്. ടീം വർക്കിലൂടെയാണ് ഉൽപ്പാദന, സേവന മേഖലകളിലടക്കം പുരോഗതി സാധ്യമാകുന്നത് എന്ന തിരിച്ചറിവ് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.