കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അഭൂതപൂര്‍വ്വമായി വളര്‍ന്നെന്ന റിപ്പോര്‍ട്ട് പണം നല്‍കി ഉണ്ടാക്കിയത് : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം (05/03/2025).

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അഭൂതപൂര്‍വ്വമായി വളര്‍ന്നെന്ന റിപ്പോര്‍ട്ട് പണം നല്‍കി ഉണ്ടാക്കിയത്; സ്റ്റാര്‍ട്ടപ്പ് ജീനോം എന്ന കമ്പനിക്ക് 4 വര്‍ഷം കേരളം നല്‍കിയത് 48,000 യു.എസ് ഡോളര്‍; സിക്കിം സംസ്ഥാനം ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞത് വസ്തുതാവിരുദ്ധം; മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്നു പറയുന്ന പിണറായി വിജയനും സി.പി.എമ്മും കോണ്‍ഗ്രസിന് ക്ലാസ് എടുക്കേണ്ട.

തിരുവനന്തപുരം :  കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഉണ്ടായി എന്ന Startup Genome സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിക്ഷേപക സംഗമത്തില്‍ ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വച്ചാണ് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വലുതായെന്നു പറഞ്ഞത്. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് ജീനോം എന്ന സ്ഥാപനത്തിന് പണം നല്‍കിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. സ്റ്റാര്‍ട്ടപ്പ് ജീനോമിന്റെ ക്ലയിന്റാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. 2021 മുതല്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് ജീനോമിന് പണം നല്‍കിക്കൊണ്ടിരിക്കുകയാണ്. 2021 ല്‍ 13,500 യു.എസ് ഡോളറും 2022 ല്‍ 4,500 യു.എസ് ഡോളറും 2023 ല്‍ 15,000 യു.എസ് ഡോളറും 2024 ല്‍ 15,000 യു.എസ് ഡോളറും ഉള്‍പ്പെടെ 48,000 യു.എസ് ഡോളറാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് ജീനോമിന് നല്‍കിയത്. അങ്ങോട്ട് പണം നല്‍കി ഉണ്ടാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

2019 മുതല്‍ 21 വരെ ഒരു കാലഘട്ടം ഉണ്ടാക്കുകയും 2021 മുതല്‍ 2023 ഡിസംബര്‍ വരെ രണ്ടാമത്തെ കാലഘട്ടം ഉണ്ടാക്കുകയും ചെയ്ത കൗശലമാണ് ഇവര്‍ ചെയ്തത്. എന്നിട്ട് ഒന്നാമത്തെ കാലഘട്ടത്തില്‍ നിന്നും രണ്ടാമത്തെ കാലഘട്ടത്തില്‍ എത്തിയപ്പോള്‍ 254 ശതമാനം വളര്‍ച്ച ഉണ്ടായെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഇതില്‍ 2019-21 കാലഘട്ടം ഒരു പെട്ടിക്കടകള്‍ പോലും തുടങ്ങാത്ത കോവിഡ് കാലമാണ്. ആ കാലവുമായാണ് 2021-24 കലഘട്ടത്തെ താരതമ്യം ചെയ്യുന്നത്. ഒരു മാര്‍ക്ക് കിട്ടിയ ആള്‍ക്ക് നാല് മാര്‍ക്ക് കിട്ടിയെന്നു പറയുന്നത് തന്നെ 300 ശതമാനം വര്‍ധനവാണ്. കഴിഞ്ഞ പരീക്ഷയില്‍ 8 മാര്‍ക്ക് ലഭിച്ച മറ്റൊരു കുട്ടിക്ക് ഈ പരീക്ഷയില്‍ 10 മാര്‍ക്ക് കിട്ടിയാല്‍ 25% വര്‍ദ്ധനവുണ്ടാകും. അങ്ങനെയെങ്കില്‍ ഒന്നാമത്തെ കുട്ടിയാണ് മികച്ചതെന്ന വാദം അംഗീകരിക്കാനാകുമോ? ഇത്തരത്തില്‍ ഊതിപ്പെരുപ്പിച്ചുണ്ടാക്കിയ കാപട്യമാണ് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം.

പണം നല്‍കി ഏജന്‍സികളെ വച്ച് റിപ്പോര്‍ട്ടുണ്ടാക്കി തര്‍ക്കിക്കാന്‍ വരുന്നത് എന്തിനാണ്? പണം കൊടുത്താണ് ഈ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചാല്‍ അതിനുള്ള തെളിവുകള്‍ ഹാജരാക്കാം.

യഥാര്‍ത്ഥത്തില്‍ സംസ്ഥാനം മുന്‍പന്തിയില്‍ നില്‍ക്കുന്നത് affordable talent എന്ന ഗണത്തില്‍ മാത്രമാണ്. മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ചു നമ്മുടെ മാനവ വിഭവശേഷി മികച്ചതാണ്. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യും അതിനാണ് affordable taletn എന്നു പറയുന്നത്.

ഇന്നലെ നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടിയന്തിര പ്രമേയത്തില്‍ സിക്കിം സംസ്ഥാനം ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എന്നാല്‍ 01.10.2022 ലെ ഉത്തരവിലൂടെ സിക്കിം സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയും 10000 രൂപയാക്കി വര്‍ധിപ്പിച്ചു. മന്ത്രിമാര്‍ നിയമസഭയില്‍ ഉത്തരം പറയുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കണം. ആന്ധ്രയിലും ഇന്‍സെന്റീവ് ഉള്‍പ്പെടെ 10000 രൂപയാണ് നല്‍കുന്നത്. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് തയാറാകണം. സമരത്തെ തള്ളിപ്പറയുകയും സമരം ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുകയും ചെയ്യാതെ നിഷേധാത്മക സമീപനം അവസാനിപ്പിച്ച് എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന വേതന വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാര്‍ എന്തിനാണ് ഇത്രയും ഈഗോ കാട്ടുന്നത്?

900 കോടിയിലധികം രൂപ കേന്ദ്ര ആശ വര്‍ക്കര്‍മാക്ക് വേണ്ടിയല്ല, എന്‍.എച്ച്.എമ്മിനാണ് നല്‍കുന്നത്. ഇതില്‍ 97 കോടി ഒഴികെയുള്ള തുക ജനുവരി 25-ന് കേരളത്തിന് നല്‍കിയെന്നാണ് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതിന് ശേഷം ഫെബ്രുവരി 12-ന് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അത് സത്യമാണ്. 97 കോടി എന്‍.എച്ച്.എമ്മിന് കിട്ടാനുള്ളപ്പോഴാണ് ആശവര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്റീവ് കിട്ടാനുണ്ടെന്ന നുണ ആരോഗ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ സംസ്ഥാന വിഹിത എത്രയാണ് നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 2023-24ല്‍ പണം നല്‍കാതിരുന്നത് കേന്ദ്ര സംസ്ഥാന തര്‍ക്കത്തെ തുടര്‍ന്നാണ്. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ബ്രാന്‍ഡിംഗ് സംസ്ഥാനം അംഗീകരിക്കുമെന്ന് കത്ത് നല്‍കിയതോടെ പണം അനുവദിക്കുകയും ചെയ്തു. ആശ വര്‍ക്കര്‍മാരുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. എസ്.യു.സി.ഐ ബംഗാളില്‍ സി.പി.എമ്മിന്റെ ഘടകകക്ഷിയായിരുന്നു. ആരോഗ്യ- ധനകാര്യമന്ത്രിമാര്‍ സമരത്തെ അപമാനിച്ചപ്പോഴാണ് സമരത്തിന് യു.ഡി.എഫ് പിന്തുണ നല്‍കിയത്. പത്ത് വര്‍ഷം മുന്‍പ് ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് എളമരം കരീം ആവശ്യപ്പെട്ടിട്ടില്ലേ? ഇപ്പോള്‍ സി.പി.എം നേതാക്കള്‍ക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് സമരത്തെ തള്ളിപ്പറയുന്നത്. സര്‍ക്കാരിന് എന്തൊരു അഹങ്കാരമാണ്. യു.ഡി.എഫ് ഈ സമരത്തെ പിന്തുണയ്ക്കും.

കോണ്‍ഗ്രസിന് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന തരത്തില്‍ മുഖ്യമന്ത്രി ഇന്ന് ലേഖനം എഴുതിയിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം ബി.ജെ.പി അനുകൂല നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ന്യൂനപക്ഷ വികാരം ഉണര്‍ത്താന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശ്രമിച്ചതു പരാജയപ്പെട്ടതിനു പിന്നാലെയാണ് ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സമീപനം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിച്ചത്. ഡല്‍ഹിയില്‍ എ.എ.പിക്കെതിരെ കോണ്‍ഗ്രസ് മത്സരിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നിച്ചു മത്സരിക്കാന്‍ എ.എ.പി തയാറായില്ല. അപ്പോള്‍ ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസും മത്സരിച്ചു. ഇതൊക്കെ പറയുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിയും അവിടെ മത്സരിച്ചല്ലോ. ഇവര്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ .4 ശതമാനം വോട്ട് കൂടി എ.എ.പിക്ക് കിട്ടുമായിരുന്നല്ലോ. എന്നിട്ടാണ് കോണ്‍ഗ്രസ് മത്സരിച്ചതിനെ കുറ്റപ്പെടുത്തുന്നത്. എന്തൊരു ഇരട്ടത്താപ്പാണിത്? കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ സി.പി.എമ്മും മത്സരിച്ചല്ലോ. ഇതേ മുഖ്യമന്ത്രിയാണ് അവിടെ പ്രചരണത്തിന് പോയത്. അപ്പോള്‍ അവിടെ കോണ്‍ഗ്രസ് പരാജയപ്പെട്ട് ബി.ജെ.പി വിജയിക്കട്ടെയെന്നാണോ സി.പി.എം അന്ന് കരുതിയത്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ പണ്ട് നിയമസഭയില്‍ എത്തിയ ആളാണ് പിണറായി വിജയന്‍. 77- ല്‍ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണ് മത്സരിച്ചത്. 89 ലും ഇവര്‍ തമ്മില്‍ ധാരണയിലായിരുന്നു. എന്നിട്ടാണ് പഴയ കാര്യങ്ങള്‍ മറന്ന് പുതിയ കാര്യങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി എവിടെയാണ് ബി.ജെ.പിയുമായി വീട്ടുവീഴ്ച ചെയ്തത്? ബി.ജെ.പിയുമായി സെറ്റില്‍ ചെയ്തിട്ടുള്ളത് പിണറായി വിജയന്റെ സി.പി.എമ്മാണ്. ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നതാണ് സി.പി.എമ്മിന്റെ പുതിയ കണ്ടുപിടുത്തം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന ഉറച്ച നിലപാട് എടുക്കുമ്പോഴാണ് സി.പി.എമ്മിന്റെ പുതിയ കണ്ടെത്തല്‍. നവ ഫാസിസ്റ്റ് പോലുമല്ലെന്നാണ് പറയുന്നത്. ആകാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. സീതാറാം യെച്ചൂരി ഈ നിലപാടല്ലായിരുന്നു സ്വീകരിച്ചത്. യെച്ചൂരിയുടെ എത്രയോ ലേഖനങ്ങള്‍ ഇപ്പോഴുമുണ്ട്. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കാലത്ത് സ്വീകരിച്ച നിലപാട് തള്ളിപ്പറഞ്ഞതിനെയാണ് മുഖ്യമന്ത്രി വിശദീകരിക്കേണ്ടത്. ബി.ജെ.പി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്നു പറയുന്നവരാണ് ഞങ്ങള്‍ക്ക് ക്ലാസ് എടുക്കാന്‍ വന്നിരിക്കുന്നത്.

ലീഗ് വിരുദ്ധ പരാമര്‍ശങ്ങളാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ലീഗ് എസ്.ഡി.പി.ഐയെയും ജമാഅത്ത് ഇസ്ലാമിയെയും കൂട്ടുപിടിക്കുന്നെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. എന്നാല്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ ആയിരം കാരണങ്ങളുണ്ടെന്നും എല്‍.ഡി.എഫിനൊപ്പം നില്‍ക്കാന്‍ ഒരു കാരണം പോലുമില്ലെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞത്. ചാടിയിട്ടും ചാടിയിട്ടും മുന്തിരി കിട്ടാതായപ്പോഴാണ് ലീഗിനെതിരെ വര്‍ഗീയത ആരോപിച്ചത്. ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമായാണ് സി.പി.എം ലീഗിനെതിരെ വര്‍ഗീയ ആരോപിച്ചത്. അത് തിരിച്ചറിയാനുള്ള കഴിവ് ലീഗിനുണ്ട്.

സുനില്‍ കനഗോലുവിന്റെ ഒരു റിപ്പോര്‍ട്ടും നിലവിലില്ല. അങ്ങനെ ഒരു വാര്‍ത്ത കൊടുത്തതിന് എ.ഐ.സി.സി നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ ടുഡേ മാത്രമാണ് കേരളത്തില്‍ ഒരു സര്‍വെ നടത്തിയത്. അതില്‍ യു.ഡി.എഫിന് 42 ശതമാനം വോട്ടോടെ 110 സീറ്റ് കിട്ടുമെന്നാണ് പറഞ്ഞിരിക്കുന്നത്. എല്‍.ഡി.എഫിന് 30 ശതമാനം വോട്ട് മാത്രം കിട്ടുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. കനഗോലുവിന്റെ ഇല്ലാത്ത റിപ്പോര്‍ട്ട് വ്യാജമായി ഉണ്ടാക്കിയാണ് ഒരു ഇംഗ്ലീഷ് പത്രം വ്യാജവാര്‍ത്ത നല്‍കിയത്. അത് സി.പി.എമ്മിനെ സഹായിക്കുന്നതിനു വേണ്ടിയുള്ളതാണ്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യടുഡേ റിപ്പോര്‍ട്ട് പോലും ഞങ്ങള്‍ ആഘോഷമാക്കിയിട്ടില്ല. കഠിനാധ്വാനം ചെയ്ത് നൂറു സീറ്റോടെ യു.ഡി.എഫ് അധികാരത്തില്‍ എത്തും. ഇതാണ് യു.ഡി.എഫ് യോഗത്തിന്റെ തീരുമാനവും. ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന് ഞങ്ങള്‍ പറയും. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനൊപ്പം യു.ഡി.എഫിന്റെ ഓള്‍ട്ടര്‍നേറ്റീവ് കൂടി ജനങ്ങളോട് പറയും.

Author

Leave a Reply

Your email address will not be published. Required fields are marked *