പ്രതിപക്ഷ നേതാക്കള്‍ നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം

Spread the love

പ്രതിപക്ഷ നേതാക്കള്‍ നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം. (19/03/2025)

വി.ഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)
തലശേരി മണോളിക്കാവ് ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം പിന്നീട് പൊലീസും സി.പി.എമ്മും തമ്മിലുള്ള സംഘര്‍ഷമായി മാറി. ഈ വിഷയം തിങ്കളാഴ്ച അടിയന്തര പ്രമേയ വിഷയമായി ഉന്നയിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ കിഴിലുള്ള ആഭ്യന്തര വകുപ്പിനെ കുറിച്ചുള്ള ചര്‍ച്ചയായിരുന്നു അന്ന്. മൂന്ന് പ്രതിപക്ഷാംഗങ്ങള്‍ ഈ വിഷയം നിയമസഭയില്‍ സംസാരിച്ചെങ്കിലും മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഈ സാഹചര്യത്തിലാണ് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊതുപ്രാധന്യമുള്ള വിഷയമല്ലെന്നും സഭയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്നുമുള്ള ലാഘവത്വത്തോടെ അവസരം നിഷേധിക്കുകയായിരുന്നു. കേരളത്തിലെ പൊലീസിന്റെ മുഴുവന്‍ ആത്മവീര്യവും തകര്‍ത്തു കളയുന്ന സംഭവമാണ് തലശേരിയില്‍ ഉണ്ടായത്. സര്‍ക്കാര്‍ പ്രതിരോധത്തിലായതു കൊണ്ടാണ് നോട്ടീസ് ചര്‍ച്ച പോലും അനുവദിക്കാതെ തള്ളിയത്. അതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം വാക്കൗട്ട് ചെയ്തത്.

അമ്പലത്തിലേക്ക് തെയ്യം കടന്നു പോയപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചു. അത് എന്തിനായിരുന്നെന്ന് അറിയില്ല. അതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പിടിച്ചു മാറ്റാന്‍ ശ്രമിച്ച തലശേരി സ്റ്റേഷനിലെ പൊലീസുകാരെ ക്രൂരമായാണ് സി.പി.എം ക്രിമിനലുകള്‍ ആക്രമിച്ചത്. ‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, പൊലീസ് കാവില്‍ കയറി കളിക്കണ്ട, കാവില്‍ കയറി കളിച്ചാല്‍ തലശേരി സ്റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല’- എന്ന് സി.പി.എമ്മുകാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെയാണ് ആക്രമിച്ചത്. പൊലീസുകാരനെ നിലത്തിട്ട് ചവിട്ടിക്കൂട്ടി. സംഘര്‍ഷമുണ്ടാക്കിയ ഒരാള്‍ നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് അയാളെ അറസ്റ്റു ചെയ്ത് ജീപ്പിലേക്ക് കയറ്റിയപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ സംഘമായി വന്ന് അയാളെ മോചിപ്പിച്ചു. ഞങ്ങളോട് കളിച്ചാല്‍ തലശേരി പൊലീസ് സ്റ്റേഷനില്‍ ആരും കാണില്ലെന്ന് ക്രിമിനലുകള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമായി. വനിതാ എസ്.ഐയെയും എസ്.ഐയെയും സ്ഥലംമാറ്റി. ക്രിമിനലുകള്‍ക്ക് കുടപിടിച്ചു കൊടുക്കുന്ന നടപടിയണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇങ്ങനെയാണെങ്കില്‍ എങ്ങനെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനാകുക. ആക്രമണത്തിന് വിധേയരായ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

കുറച്ച് ചെറുപ്പക്കാര്‍ സ്ത്രീകള്‍ അടക്കമുള്ള ഭക്തരെ ശല്യപ്പെടുത്തുന്നത് കണ്ട് അവരോട് മാറി നില്‍ക്കാന്‍ വനിതാ എസ്.ഐ പറഞ്ഞപ്പോള്‍ ആകുമെങ്കില്‍ മാറ്റിക്കോയെന്ന് കയര്‍ത്ത് സംസാരിച്ചു. കയര്‍ത്ത് സംസാരിച്ച ചെറുപ്പക്കാരന്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ് അയാളെ അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റിയപ്പോള്‍ നാല്‍പ്പതോളം പേര്‍ ചേര്‍ന്ന് ബലമായി മോചിപ്പിച്ചെന്നും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ അസഭ്യവര്‍ഷം നടത്തിയതായും എഫ്.ഐ.ആറിലുണ്ട്. പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോള്‍ പൊലീസിനെ നിലത്തിട്ട് ചവിട്ടിക്കൂട്ടിയ സി.പി.എം ക്രിമിനലുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റി സി.പി.എമ്മിനോട് കളിക്കേണ്ടെന്ന ക്രിമിനലുകളുടെ വാക്കുകള്‍ക്കാണ് മുഖ്യമന്ത്രി അടിവരയിട്ടു കൊടുത്തത്. കേരളത്തിലെ ഏറ്റവും നല്ല പൊലീസ് സ്റ്റേഷനുള്ള അവാര്‍ഡ് കിട്ടിയ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാര്‍ക്കാണ് ഈ ദുരന്തമുണ്ടായത്. ഇത് സംസ്ഥാനത്ത് ഉടനീളെ ആവര്‍ത്തിക്കപ്പെടുകയാണ്. എസ്.എഫ്.ഐ നേതാക്കള്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയാണ്. നിനക്ക് വേറെ പണിക്ക് പൊയ്ക്കൂടെയെന്നാണ് എസ്.എഫ്.ഐ നേതാവ് ചോദിച്ചത്. ചാലക്കുടിയില്‍ വണ്ടി അടിച്ച് തകര്‍ത്ത് ഏര്യാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അറസ്റ്റിലായവരെ ബലമായി മോചിപ്പിച്ചു. നന്നായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. മൈക്ക് കെട്ടിവച്ചാണ് കാലുവെട്ടുമെന്നും കൈ വെട്ടുമെന്നും സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാര്‍ട്ടിക്കാരെ തൊടേണ്ടെന്ന സന്ദേശമാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ജില്ലയില്‍, സ്പീക്കറുടെ മണ്ഡലത്തിലാണ് ഇത്രയും നന്ദ്യമായ സംഭവമുണ്ടായത്. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിരോധത്തിലാകുമെന്നും മറുപടി ഇല്ലാത്തതതു കൊണ്ടുമാണ് പ്രമേയ നോട്ടീസ് പരിഗണിക്കാതിരുന്നത്. ആഭ്യന്തര വകുപ്പിന്റെ ചര്‍ച്ചയിലും ലോകത്ത് എല്ലായിടത്തുമുള്ള കാര്യങ്ങളെ കുറിച്ച് മറുപടി നല്‍കിയ മുഖ്യമന്ത്രി ഈ സംഭവത്തെ കുറിച്ച് മാത്രം മിണ്ടിയില്ല.

അമ്പലങ്ങളില്‍ എന്തിനാണ് രാഷ്ട്രീയം കലര്‍ത്തുന്നത്? നമ്മള്‍ എല്ലാവരും ആര്‍.എസ്.എസിനെ എതിര്‍ക്കുകയല്ലേ? ആര്‍.എസ്.എസ് അമ്പലങ്ങളില്‍ പോയി ഗണഗീതങ്ങള്‍ പാടുന്നതു പോലെ സി.പി.എമ്മും ഇറങ്ങിയിരിക്കുകയാണ്. കടയ്ക്കല്‍ ക്ഷേത്രത്തില്‍ പുഷ്പനെ അറിയാമോ എന്ന ഗാനമേളയാണ് നടത്തിയത്. പാട്ട് പാടുമ്പോള്‍ സ്‌റ്റേജിന് പിന്നില്‍ അരിവാള്‍ ചുറ്റിക നക്ഷത്രവും ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും ബോര്‍ഡുകളും പ്രദര്‍ശിപ്പിക്കുന്നു. ഇത് എന്ത് നാടാണ്. ഇവര്‍ ബി.ജെ.പി ഇടമുണ്ടാക്കിക്കൊടുക്കുയാണ്. എന്തും ചെയ്യാന്‍ മടിക്കാന്‍ ചെയ്യാത്തവരായി സി.പി.എം മാറി. നാട്ടുകാരുടെ പണം പിരിച്ചെടുത്താണ് ഭക്തജനങ്ങളോട് പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്. എന്തും ചെയ്യാമെന്ന അഹങ്കാരം തലയ്ക്കു പിടിച്ചിരിക്കുകയാണ്. ഒരു നിയന്ത്രണവും ഇല്ലാതെ അണികളെ കയറൂരി വിട്ടിരിക്കുകയാണ്. സി.പി.എം അണികള്‍ എന്തും ചെയ്യുമെന്ന സ്ഥിതിയാണ്. തെയ്യം അമ്പലത്തിലേക്ക് പ്രവേശിക്കുമ്പോഴാണോ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് അഭിവാദ്യം ചെയ്യുന്നത്. അതു വിളിക്കാന്‍ വേറെ എത്രയോ സ്ഥലമുണ്ട്. ക്രിമിനലുകളുടെ സംഘമായി സി.പി.എം മാറിയിരിക്കുകയാണ്. ലഹരി മരുന്ന് മാഫിയകള്‍ക്കും ഇവരാണ് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പിന്‍വലിച്ച് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് പല ക്ഷേത്രങ്ങളിലെയും കമ്മിറ്റികളില്‍ ഇരിക്കുന്നത്. അവര്‍ നാട്ടുകാരില്‍ നിന്നും പണം പിരിച്ചാണ് ഇത്തരം പരിപാടികള്‍ നടത്തുന്നത്. എന്തിനാണ് ക്ഷേത്രങ്ങളില്‍ പോയി ഇങ്ങനെ ചെയ്യുന്നത്. വീഡിയോ വാള്‍ വയ്ക്കാന്‍ ഇതെന്താ തിരഞ്ഞെടുപ്പ് പ്രചരണമാണോ? നവകേരള സദസ് പോലും ക്ഷേത്ര മൈതാനത്ത് നടത്തരുതെന്ന് കോടതി പറഞ്ഞതാണ്. എന്നിട്ടാണ് ഈ അധിക പ്രസംഗം. പാര്‍ട്ടിക്കാര്‍ വേറെ ഐ.പി.സിയും സി.ആര്‍.പി.സിയും ഉണ്ടോ? പാര്‍ട്ടി തന്നെ പൊലീസും കോടതിയും ആകാന്‍ ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്. ഈ വിഷയം വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കും.

ബി.ജെ.പി നേതാക്കളും സി.പി.എമ്മും തമ്മില്‍ വലിയ സൗഹൃദവും സ്‌നേഹവുമാണ്. ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഇല്ലെന്നു കാണിക്കാനാകും കേന്ദ്ര ധനമന്ത്രി നോക്കുകൂലിയെ കുറിച്ച് പറഞ്ഞത്. ധനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച അനൗദ്യോഗികമാണെന്നാണ് പി.ആര്‍.ഡി പത്രക്കുറിപ്പ് ഇറക്കിയത്. നിര്‍മ്മല സിതാരമാനും മുഖ്യമന്ത്രിക്കും തമ്മില്‍ എന്താണ് അനൗദ്യോഗികമായി സംസാരിക്കാനുള്ളത്? കേരളം ഇത്രയും ഗുരുതര ധനപ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമ്പോള്‍ അതേക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ല. ഗവര്‍ണറുടെ സാന്നിധ്യത്തില്‍ ഇവര്‍ തമ്മില്‍ എന്താണ് സംസാരിച്ചത്? അനൗദ്യോഗിക സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? പാര്‍ലമെന്റിലെ കാന്റീനില്‍ പ്രധാനമന്ത്രിക്കൊപ്പം കാപ്പി കുടിച്ചതിന്റെ പേരില്‍ എന്‍.കെ പ്രേമചന്ദ്രന് എതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആക്ഷേപം ഉന്നയിച്ചവരാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍. അതേ മുഖ്യമന്ത്രിയാണ് വ്യവസായത്തെ കുറിച്ച് പഠിക്കാന്‍ അന്നത്തെ മന്ത്രി ആയിരുന്ന ഷിബു ബേബിജോണ്‍ ഗുജറാത്തില്‍ പോയതിനെ വിമര്‍ശിച്ചത്. അങ്ങനെയുള്ള മുഖ്യമന്ത്രി എന്ത് അനൗദ്യോഗിക ചര്‍ച്ചയാണ് നടത്തിയത്? അവര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കമൊന്നും ഇല്ലല്ലോ? രാഷ്ട്രീയ ചര്‍ച്ചയാണ് നടന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാകും.

നോക്കുകൂലിയൊക്കെ ഉണ്ടെങ്കിലും കേരളത്തിലെ ട്രേഡ് യൂണിയന്‍ മിലിട്ടന്‍സി കുറഞ്ഞു. സമരങ്ങളും കുറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കേരളത്തന്റെ അന്തരീക്ഷം മാറി. കാലം വരുത്തിയ സ്വാഭാവിക മാറ്റമാണിത്. പണ്ട് കേരളത്തിന്റെ മൈന്‍ഡ് സെറ്റ് മാറണമെന്ന് ആദ്യമായി പറഞ്ഞത് വ്യവസായമന്ത്രിയായിരുന്ന കുഞ്ഞലിക്കുട്ടിയായിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്)
നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. എഫ്.ഐ.ആര്‍ എതിരായിട്ടും പൊലീസിന് എതിരെയാണ് നടപടിയെടുത്തത്. അതുകൊണ്ടാണ് കേരളത്തില്‍ നിയമവാഴ്ച നടക്കാത്തത്. പൊലീസിന് സംരക്ഷണം നല്‍കി നിയമവാഴ്ച ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അത് ചര്‍ച്ചയ്ക്ക് എടുക്കാത്ത നടപടി അതിലേറെ ഗൗരവതരമാണ്.

സണ്ണി ജോസഫ്
മുഖ്യമന്ത്രിയെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയപ്പോള്‍ ചെടിച്ചട്ടികൊണ്ടും ഹെല്‍മറ്റ് കൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചതിനെ രക്ഷാ പ്രവര്‍ത്തനം എന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. തലശേരിയില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ പൊലീസിനെ ചവിട്ടി താഴെ ഇട്ടതിനും ഭീഷണിപ്പെടുത്തിയതിനും രണ്ട് എഫ്.ഐ.ആറുകളാണുള്ളത്. അത് നിയമസഭയില്‍ വായിച്ചാല്‍ മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാതെയാകും. സി.പി.എം ഗുണ്ടകള്‍ എന്ത് പറഞ്ഞ് പൊലീസിനെ ഭീഷണിപ്പെടുത്തിയത് അതു തന്നെയാണ് മുഖ്യമന്ത്രി തലശേരിയില്‍ നടപ്പാക്കിയത്. പൊലീസിന് പോലും സംരക്ഷണം ഇല്ലാത്ത അവസ്ഥയാണ്. പച്ചമരത്തോട് ഇങ്ങനെയാണെങ്കില്‍ ഉണക്ക മരത്തോട് എങ്ങനെ ആയിരിക്കുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചോദിച്ചാല്‍ മറുപടി ഇല്ലാത്തതു കൊണ്ടാണ് അടിയന്തര പ്രമേയം പരിഗണിക്കാതിരുന്നത്.

അനൂപ് ജേക്കബ്
സര്‍ക്കാരിന് മറുപടി ഇല്ലാത്തപ്പോള്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്ത കീഴ് വഴക്കം സൃഷ്ടിക്കുകയാണ്. പൊലീസിനെ സ്വതന്ത്രമായി ജോലി ചെയ്യാനാകാത്ത സാഹചര്യമാണ്. പൊലീസിനെ ക്രിമിനലുകള്‍ ആക്രമിക്കുമ്പോള്‍ സംരക്ഷിക്കേണ്ട സര്‍ക്കാരാണ് ഉദ്യോഗസ്ഥരെ ബലികൊടുക്കുന്നത്. പൊലീസിലെ ക്രിമിനല്‍വത്ക്കരണവും രാഷ്ട്രീയവത്ക്കരണവും മറ്റൊരു തരത്തില്‍ നടക്കുന്നതിനിടയിലാണ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെ ആഗ്രഹത്തിന് അനുസരിച്ച് പൊലീസ് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *