സംസ്കൃത സർവ്വകലാശാലയിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെൻഡർ ഇക്വിറ്റി ഉടൻ ആരംഭിക്കും : പ്രൊഫ. കെ. കെ. ഗീതാകുമാരി

Spread the love

കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന ഏഴ് മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെൻഡർ ഇക്വിറ്റിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന് കീഴിൽ സാമൂഹ്യശാസ്ത്രമേഖലയിൽ സ്വയംഭരണസ്ഥാപനമായി വിഭാവനം ചെയ്തിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ആതിഥേയത്വം വഹിക്കുന്നത് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയാണ്. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭപ്രവർത്തനങ്ങൾക്കായി ഹിസ്റ്ററി വിഭാഗം പ്രൊഫസർ ഡോ. കെ. എം. ഷീബയെ കോർഡിനേറ്ററായി നിയമിച്ചു. ഗവേഷണവും വിദ്യാഭ്യാസവും വഴി ലിംഗപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക, അക്കാദമികവും സാമൂഹികവുമായ മേഖലകളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെൻഡർ ഇക്വിറ്റിയുടെ പ്രവർത്തനലക്ഷ്യങ്ങൾ, പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെൻഡർ ഇക്വിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരിക്ക് കൈമാറി. രജിസ്ട്രാർ ഡോ. മോത്തി ജോർജ്, പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ. കെ.എം. സംഗമേശൻ, ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ. ഇന്ദുലാൽ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർമാരായ ഡോ. സുധീന്ദ്രൻ കെ., ഡോ. ഷഫീഖ് വി. എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും രാജ്യാന്തര സ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനുമായി 2024-2025 വർഷത്തെ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് മികവിന്റെ കേന്ദ്രങ്ങൾ. കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസകൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ വ്യത്യസ്ത മേഖലകളിലായി ഏഴ് മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനാണ് സംസ്ഥാന സർക്കാർ അനുമതി നല്കിയിരിക്കുന്നത്.

ഫോട്ടോ അടിക്കുറിപ്പ് : കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ആരംഭിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെൻഡർ ഇക്വിറ്റിയുടെ ധാരണാപത്രം ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരിക്ക് കൈമാറുന്നു. രജിസ്ട്രാർ ഡോ. മോത്തി ജോർജ്, പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ. കെ.എം. സംഗമേശൻ, ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ. ഇന്ദുലാൽ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർമാരായ ഡോ. സുധീന്ദ്രൻ കെ., ഡോ. ഷഫീഖ് വി. എന്നിവർ സമീപം.

 

Author

Leave a Reply

Your email address will not be published. Required fields are marked *