തൃശൂര്‍ ജില്ലയിലെ പാവറട്ടി പഞ്ചായത്തിലെ ചേറ്റുവ – പെരിങ്ങാട് പുഴയെ റിസര്‍വ് വനമാക്കി നോട്ടിഫിക്കേഷന്‍ ഇറക്കിയിരിക്കുകയാണ്. കണ്ടല്‍ കാട് ഉള്‍പ്പെട്ടിട്ടുള്ളതിനാലാണ് പുഴയെ റിസര്‍വ് വനമാക്കിയതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ മൂന്ന് ഏക്കറില്‍ താഴെ മാത്രമാണ് പ്രദേശത്ത് കണ്ടല്‍ കാടുള്ളത്. പുഴ അടങ്ങുന്ന 234 ഏക്കറാണ് റിസേര്‍വ് വനമായി നോട്ടിഫിക്കേഷന്‍ ഇറക്കിയിരിക്കുന്നത്.
2025 ഫെബ്രുവരി 28-ന് ഹൈക്കോടതി ഇറക്കിയ ഇടക്കാല ഉത്തരവില്‍ കോടതി മെരിറ്റ് പരിഗണിക്കുന്നതിനു മുന്‍പ് സര്‍ക്കാരിന്റെ അന്തിമ തീരുമാനം അറിയിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പെരിങ്ങാട് പുഴ പൂര്‍ണമായും റിസര്‍വ് വനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പുഴ ഏതെങ്കിലും വനത്തിന്റെ ഭാഗമോ, വനത്തിലൂടെ ഒഴുകുന്നതോ, വനത്തില്‍ നിന്ന് ആരംഭിക്കുന്നതോ അല്ല. ഇത്തരം ഒരു പുഴയെ റിസര്‍വ് വനമാക്കുന്നത് കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ മറ്റൊരു സ്ഥലത്തും സംഭവിച്ചിട്ടില്ല.
പുഴയെ പുഴയായി സംരക്ഷിക്കേണ്ടതിനു വനമാക്കി മാറ്റുന്നത് നീതിക്ക് നിരക്കാത്തതും ജനങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതുമാണ്. ഈ പുഴയെ ആശ്രയിച്ചു ജീവിക്കുന്ന അനേകം മത്സ്യതൊഴിലാളികള്‍ ഉണ്ട്. പുഴയെ വനമാക്കി വനം വകുപ്പിന്റെ കീഴില്‍ കൊണ്ട് വരുന്നതോടെ പ്രദേശത്ത് വന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും പുഴ ജനങ്ങള്‍ക്ക് അന്യമായി മാറുകയും ചെയ്യും. ഇതോടെ നൂറു കണക്കിന് മത്സ്യതൊഴിലാളികളുടെ ജീവിതോപാധിയാണ് ഇല്ലാതാവുന്നത്. പുഴയിലേക്ക് ഇറങ്ങുന്നത് പോലും വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും. നിലവില്‍ തീരദേശ പരിപാലന നിയമങ്ങള്‍ പ്രാപല്യത്തിലുള്ള ഈ പ്രദേശത്ത് വന നിയമങ്ങള്‍ കൂടി അടിച്ചേല്‍പ്പിക്കപെടുമ്പോള്‍ നഷ്ടമാവുന്നത് പ്രദേശത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളാണ്.
നോട്ടിഫിക്കേഷന്‍ പുറപെടുവിച്ചതോടെ പുഴയിലെ ചളി നീക്കി നീരൊഴുക്ക് ഉറപ്പ് വരുത്തുവാനുള്ള എല്ലാ പദ്ധതികള്‍ക്കും അനുമതി നിഷേധിക്കപ്പെട്ടു. 2018 ഇലെ വെള്ളപൊക്കത്തില്‍ അടിഞ്ഞു കൂടിയ ചെളിയും മണ്ണും നീക്കി ഒഴുക്ക് പുനസ്ഥാപിക്കാന്‍ ഇറിഗേഷ്യന്‍ ഡിപ്പാര്‍ട്‌മെന്റ് 4.67 കോടിയുടെ പദ്ധതി തയ്യാറാക്കി എങ്കിലും റിസര്‍വ് ഫോറസ്റ്റ് നോട്ടിഫിക്കേഷന്‍ കാരണം അതിനും അനുമതി നിഷേധിക്കപ്പെട്ടു. ഇത് പ്രദേശത്ത് വലിയ വെള്ളപൊക്കത്തിനും നൂറു കണക്കിന് വീടുകള്‍ നശിക്കുവാനും ആയിരകണക്കിന് ഏക്കര്‍ കൃഷി പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങുവാനും കാരണമായി. പ്രദേശത്ത് വലിയ നാശനഷ്ടങ്ങളാണ് എല്ലാ മഴകാലത്തും ഉണ്ടാകുന്നത്.
ഉദ്യോഗസ്ഥര്‍ എഴുതിക്കൊണ്ട് വരുമ്പോള്‍ നാട്ടിന്‍പുറത്ത് എന്തിനാണ് വനം ഉണ്ടാക്കുന്നതെന്ന് മന്ത്രി ചോദിക്കണ്ടേ? കണ്ടല്‍ക്കാട് സംരക്ഷിക്കാന്‍ നിലവില്‍ നിയമങ്ങളുണ്ട്. എന്നിട്ടാണ് മൂന്ന് ഏക്കര്‍ കണ്ടല്‍ക്കാട് ഉള്ളതിന്റെ പേരില്‍ 234 ഏക്കര്‍ പ്രദേശത്തെ റിസര്‍വ് വനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നടപടി സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണം.