സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ പരിഹരിക്കുന്നതിനായി ഡീ-ലിമിറ്റേഷന്‍ കമ്മീഷന്‍ നടത്തിയ സിറ്റിംഗുകള്‍ വെറും പ്രഹസനമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ കഴിഞ്ഞ 15-ാം തീയതി ഡീ-ലിമിറ്റേഷന്‍ കമ്മീഷന്‍. തദ്ദേശസ്വയംഭരണ സ്ഥാപനാധികാരികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശമെന്ന് രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘഠന്‍ സംസ്ഥാന ചെയര്‍മാന്‍ എം.മുരളി ആരോപിച്ചു.
അപാകതകളുടെ കൂമ്പാരമായ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി സത്വരം പരിഹരിക്കണമെന്ന പ്രതിപക്ഷ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞ് 16 ദിവസത്തെ സിറ്റിംഗ് നാടകം നടത്തി അവസാനിപ്പിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇപ്പോള്‍ പുതിയ നിര്‍ദ്ദേശവുമായി ഡീ-ലിമിറ്റേഷന്‍ കമ്മീഷന്‍ രംഗത്ത് വന്നത്. മാര്‍ച്ച് 15 ന് ഉത്തരവിറക്കി മാര്‍ച്ച് 19 ന് അപാകതകള്‍ പരിഹരിക്കണമെന്ന നിര്‍ദ്ദേശം മറ്റൊരു പ്രഹസനമാണ്. അതും കഴിഞ്ഞു പോയിരിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം നല്ല തമാശയാണ്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കുവാനുള്ള തന്ത്രമായി മാത്രമേ കാണാനാവൂ. 16 ദിവസം തുടര്‍ച്ചയായി ശ്രമിച്ചിട്ട് നടക്കാതെ പോയത് 4 ദിവസം കൊണ്ട് പരിഹരിക്കുന്നതിന്റെ മാജിക് എന്താണെന്ന് കമ്മീഷന്‍ വ്യക്തമാക്കണം.
ഡീ-ലിമിറ്റേഷന്‍ കമ്മീഷന്‍ മഹത്തായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായിട്ടുള്ള ഈ വാര്‍ഡ് വിഭജനത്തിന്റെ സുപ്രധാനമായ പ്രശ്‌നങ്ങള്‍ക്കും അപാകതകള്‍ക്കും ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സമയവും സാവകാശവും എടുത്തുകൊണ്ട് ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ച് നടപടി ക്രമങ്ങള്‍ പാലിച്ച് അതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതാണെന്നും എം.മുരളി ആവശ്യപ്പെട്ടു.