നീറ്റ് പി.ജി പ്രവേശന പരീക്ഷ ഒറ്റ പരീക്ഷയായി നടത്തണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡക്ക് നിവേദനം നല്‍കി. ഇതേ വിഷയത്തില്‍ നേരത്തെ ലോക്‌സഭയില്‍ അടിയന്തര പ്രമേയമായും അദ്ദേഹം നോട്ടീസ് നല്‍കിയിരുന്നു.
നിലവില്‍ രണ്ട് ഷിഫ്റ്റുകളായാണ് നീറ്റ് പി.ജി പ്രവേശന പരീക്ഷ നടത്തുന്നത്. ഇതു മൂലം വിവിധ സമയം എഴുതിയ പരീക്ഷാര്‍ത്ഥികള്‍ക്കിടയില്‍ മാര്‍ക്ക് നിര്‍ണയത്തില്‍ അസമത്വം സംഭവിക്കുന്നു. നോര്‍മലൈസേഷന്‍ ഫോര്‍മുല അടിസ്ഥാനമാക്കിയുള്ള മാര്‍ക്ക് കണക്കാക്കല്‍, പലര്‍ക്കും പ്രതീക്ഷിച്ചതിലും കുറവ് സ്‌കോര്‍ ലഭിക്കാന്‍ കാരണമാകുന്നു. ഇത് വളരെ ഗുരുതരമായ അവസ്ഥയാണെന്നും, എല്ലാ പരീക്ഷാര്‍ത്ഥികള്‍ക്കും സമാനമായ അവസരം ഉറപ്പാക്കാന്‍ ഒറ്റ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സുരേഷ് എം.പി ആവശ്യപ്പെട്ടു.
സാമ്പത്തികമായും മാനസികമായും പരീക്ഷയെഴുതുന്നവര്‍ക്ക് ഇരട്ടിഭാരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് ഘട്ട പരീക്ഷകളെ തുടര്‍ന്ന് ഏറെക്കാലം ഫലം കാത്തിരിക്കാന്‍ ഉണ്ടാകുന്ന നീളുന്ന അനിശ്ചിതത്വം വിദ്യാര്‍ത്ഥികളുടെ ഭാവിയെയും കരിയറിനെയും പ്രതിസന്ധിയിലാക്കുന്നു.
നീറ്റ് പി.ജി മാത്രമല്ല, മറ്റു പല മത്സരപരീക്ഷകളും പല ഘട്ടങ്ങളിലായി നടത്തപ്പെടുന്ന സാഹചര്യത്തില്‍, ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ വിഷമം ഉണ്ടാക്കുന്നുവെന്ന് എം.പി ഓര്‍മ്മിപ്പിച്ചു. പ്രോഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള തുല്യ അവകാശം സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും, വിദ്യാഭ്യാസമേഖലയിലെ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.