യുഡിഎഫ് കണ്‍വീനർ എംഎം ഹസ്സന്‍ കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം

Spread the love

തീരദേശ സമരയാത്ര ഏപ്രില്‍ 21 മുതല്‍ 29 വരെ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ഏപ്രില്‍ 4-5 ന് രാപ്പകല്‍ സമരം

വന്യമൃഗ ആക്രമത്തിനെതിരെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകള്‍ക്കു മുന്‍പില്‍ ഏപ്രില്‍ 10 ന് പ്രതിഷേധ മാര്‍ച്ച്

 

കടല്‍ മണല്‍ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഏപ്രില്‍ 21 മുതല്‍ 29 വരെ തീരദേശ സമരയാത്രയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ ഏപ്രില്‍ 4-5 തീയതികളില്‍ രാപ്പകല്‍ സമരവും, വന്യമൃഗ ആക്രമത്തിനെതിരെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകള്‍ക്കു മുന്‍പില്‍ ഏപ്രില്‍ 10 ന് പ്രതിഷേധ മാര്‍ച്ചും നടത്താന്‍ യു.ഡി.എഫ്. തീരുമാനിച്ചതായി കണ്‍വീനര്‍ എം.എം.ഹസ്സന്‍ കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തീരദേശം വറുതിയിലാണ്. മത്സ്യത്തൊഴിലാളികള്‍ തൊഴില്‍രഹിതരും, പട്ടിണിക്കാരുമായി മാറിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യ മേഖല രൂക്ഷമായ പ്രതിസന്ധിയെ നേരിടുമ്പോഴാണ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര ഗവണ്‍മെന്റ് നടപടികളുമായി മുന്നോട്ടു പോകുന്നത്. സാമൂഹികമായും, സാമ്പത്തികമായും, പാരിസ്ഥിതികമായും കേരളത്തെ അപകടത്തിലാക്കുന്ന കടല്‍ ഖനനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയേ തീരുവെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

കേരള സര്‍ക്കാര്‍ കടല്‍ മണല്‍ ഖനനത്തിനെതിരെ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം. നിയമസഭയില്‍ പ്രമേയം വന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാടിനു വഴങ്ങിയാണ് പ്രമേയം പാസ്സായതെങ്കിലും കൊല്ലം തീരത്ത് സര്‍വ്വേയ്ക്കു വന്ന കേന്ദ്ര ഖനന മന്ത്രാലയത്തിന് ധനസഹായം നല്‍കി പ്രോത്സാഹിപ്പിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ്.

പത്തുലക്ഷം മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന കടല്‍ മണല്‍ ഖനനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഏപ്രില്‍ 21 മുതല്‍ ഏപ്രില്‍ 29 വരെ നടത്തുന്ന തീരദേശ സമരയാത്ര കാസര്‍ഗോഡ് നെല്ലിക്കുന്ന് കടപ്പുറത്ത് നിന്നും ആരംഭിച്ച് ഏപ്രില്‍ 29 ന് വിഴിഞ്ഞം കടപ്പുറത്ത് സമാപിക്കും.
ഏപ്രില്‍ 22 ന് കണ്ണൂര്‍ ജില്ലയിലും, 23 ന് കോഴിക്കോട് ജില്ലയിലും, ഏപ്രില്‍ 24 ന് മലപ്പുറം ജില്ലയിലും, 25 ന് തൃശൂര്‍ ജില്ലയിലും, 26 ന് എറണാകുളം ജില്ലയിലും, 27 ന് ആലപ്പുഴ ജില്ലയിലും, 28 ന് കൊല്ലം ജില്ലയിലുമാണ് തീരദേശ യാത്ര സഞ്ചരിക്കുന്നത്. യാത്രക്ക് പ്രതിപക്ഷനേതാവ് നേതൃത്വം നല്‍കും. യു.ഡി.എഫിന്റെ പ്രമുഖരായ എല്ലാ നേതാക്കളും പങ്കെടുക്കും.മത്സ്യത്തൊഴിലാളികള്‍ക്ക് ഇതര സംസ്ഥാനങ്ങളിലേതുപോലെ ഇന്ധന സബ്സിഡി നല്‍കുക, കടലാക്രമണത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

തീരദേശ ഹൈവേയിലൂടെ റോഡു വികസിപ്പിക്കുന്നതിന് യു.ഡി.എഫ്. എതിരല്ലെങ്കിലും, സൈക്കിള്‍ ട്രാക്കോടുകൂടിയ തീരദേശ ഹൈവേയെ യു.ഡി.എഫ്. അനുകൂലിക്കുന്നില്ല. തീരദേശ ഹൈവേയ്ക്കുവേണ്ടി കുടി ഒഴിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളെ തീരദേശത്ത് തന്നെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് യു.ഡി.എഫ് നിലപാടെന്നും എംഎം ഹസ്സന്‍ വ്യക്തമാക്കി.

ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാര്‍ച്ച്

വന്യമൃഗ ആക്രമണത്തിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും, കേന്ദ്ര നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മലയോര ജില്ലകളില്‍ ഏപ്രില്‍ 10 ന് രാവിലെ 10 മണിക്ക് ഫോറസ്റ്റ് റേഞ്ച് ഓഫീസുകള്‍ക്ക് മുന്‍പില്‍ യു.ഡി.എഫ്. ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ രാപ്പകല്‍ സമരം

ബജറ്റില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാറ്റി വച്ച ഫണ്ട് വെട്ടിക്കുറച്ചത് മൂലം പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലായ സാഹചര്യത്തില്‍ പഞ്ചായത്തുകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഏപ്രില്‍ 4 ന് വൈകിട്ട് 4 മണി മുതല്‍ 5 ന് രാവിലെ 8 മണി വരെ രാപ്പകല്‍ സമരം നടത്തും.

ഇക്കൊല്ലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതത്തില്‍ 56% മാത്രമാണ് നല്‍കിയത്. നടപ്പു സാമ്പത്തിക വര്‍ഷം 7746.30 കോടി രൂപ വകയിരുത്തിയതില്‍ നാളിതുവരെ 4338.54 കോടി മാത്രമാണ് ചിലവഴിക്കാന്‍ സാധിച്ചത്. ഇതുമൂലം സ്ഥാപനങ്ങളുടെ സ്ഥിതി പരിതാപകരമായെന്ന് ഹസ്സന്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് 60 ശതമാനം പഞ്ചായത്തുകള്‍ എല്‍ഡിഎഫാണ് ഭരണം നടത്തുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തു ഭരണസമിതികളും തദ്ദേശസ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തില്‍ പങ്കുചേരണമെന്നും എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു.

ആശാപ്രവര്‍ത്തകരും അങ്കണവാടി ജീവനക്കാരും നടത്തുന്ന അതിജീവന സമരത്തെ തകര്‍ക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ പിടിവാശി കൊണ്ടാണ് സമരം ഒത്തുതീര്‍പ്പാകാത്തതെന്ന തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ മന്ത്രി എം.ബി രാജേഷിന്റെ വാദം വിചിത്രമാണ്. വേതനവര്‍ധനവിന് വേണ്ടി സമരം ചെയ്യുന്ന ആശാപ്രവര്‍ത്തക്കരുടെ സമരം പിടിവാശിയല്ലെന്നും അത് അവരുടെ ഉറച്ച നിലപാടാണെന്നും മന്ത്രി മനസ്സിലാക്കണം. സിപിഎം സംസ്ഥാന സെക്രട്ടറി ഇവരുടെ സമരത്തെ മഴവില്ല് സഖ്യമെന്ന് ആക്ഷേപിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തിയ സമരത്തില്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും എസ്ഡിപി ഐയുടെയും നേതാക്കള്‍ ഒരുമിച്ച് സമരം ചെയതത് മഴവില്‍ സഖ്യമാണെന്ന് സമ്മതിക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറാകുമോയെന്നും എംഎം ഹസന്‍ ചോദിച്ചു.

എം.വി.ഗോവിന്ദന്‍ കരിങ്കാലിപ്പണി നടത്തുന്ന കമ്യൂണിസ്റ്റുകാരുടെ നേതാവ്

ആശാപ്രവര്‍ത്തകരുടെ സമരം ന്യായമാണ്. അതിന് ആരു പിന്തുണയ്ക്കുന്ന് നോക്കിയല്ല കോണ്‍ഗ്രസും യുഡിഎഫ് പിന്തുണ നല്‍കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒഴികെ വേറെയാര് സമരം നടത്തിയാലും വിജയിക്കാന്‍ പാടില്ലെന്ന നിലപാടിനെ യുഡിഎഫ് പിന്തുണയ്ക്കുന്നില്ല. സിപിഎമ്മും സി ഐടിയും ശ്രമിക്കുന്നത് അടിസ്ഥാന തൊഴിലാളി വര്‍ഗത്തിന്റെ സമരത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.തൊഴിലാളിവര്‍ഗ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സിപിഎം പണ്ട് വിശേഷിപ്പിച്ചത് കരിങ്കാലികളെന്നാണ്. ആശാപ്രവര്‍ത്തകരുടെ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കരിങ്കാലിപ്പണി നടത്തുന്ന കമ്യൂണിസ്റ്റുകാരുടെ നേതാവായിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രവര്‍ത്തിക്കുന്നത്.

നേരത്തെ അനുമതി വാങ്ങി കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ സംസ്ഥാന ആരോഗ്യമന്ത്രിക്ക് ഒരു പ്രയാസവും ഉണ്ടാകില്ല. പാര്‍ലമെന്റ് സമ്മേളനത്തിനിടെയല്ലെ മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെ കേരള ഹൗസില്‍ വിളിച്ചുവരുത്തി കണ്ടത് ? അന്നതിന് ചുമതലപ്പെടുത്തിയത് ഡല്‍ഹിയിലെ കേരള പ്രതിനിധിയെ ആയിരുന്നില്ലെ ? ലക്ഷങ്ങളുടെ സാമ്പത്തിക ആനൂകൂല്യം കൈപ്പറ്റി ഡല്‍ഹിയില്‍ തുടരുന്ന ആ പ്രതിനിധിയോട് ആരോഗ്യമന്ത്രി പറഞ്ഞിരുന്നെങ്കില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കുമായിരുന്നില്ലെ? വേണമെങ്കില്‍ കൂടിക്കാഴ്ച സാധ്യമാകുമായിരുന്നു. എന്നിട്ടാണ് അപഹാസ്യമായ വിശദീകരണം സംസ്ഥാന ആരോഗ്യമന്ത്രി ഉന്നയിക്കുന്നത്. ആശാപ്രവര്‍ത്തകരുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് അവിടെ പ്രതിഫലിച്ചത്. റോമാ സാമ്രാജ്യം കത്തിയപ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയുടെ മനോഭാവത്തോടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് സംസാരിക്കുന്നത്.

ആശാപ്രവര്‍ത്തകരുടെ സമരം: സംസ്ഥാനം ഓണറേറിയം വര്‍ധിപ്പിച്ചാല്‍ ഇന്‍സന്റീവ് വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിനെതിരായ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയ്യാര്‍

ആശാപ്രവര്‍ത്തകരെയും അങ്കണവാടി ജീവനക്കാരെയും തൊഴിലാളികളായി സര്‍ക്കാര്‍ കാണണം.അവരുടെ ഓണറേറിയം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിക്കണം. അതിന് സര്‍ക്കാര്‍ തയ്യാറാകുന്ന അന്ന് ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഒപ്പം കേന്ദ്രസര്‍ക്കാരിനെ കാണാന്‍ യുഡിഎഫ് തയ്യാറാണ്. ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നതില്‍ സാങ്കേതിക തടസ്സം ഉന്നയിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഈ വിഷയത്തില്‍ എല്‍ഡിഎഫിനോടൊപ്പം യോജിച്ച സമരം നടത്താന്‍ യുഡിഎഫ് തയ്യാറാണെന്നും എംഎം ഹസന്‍ പറഞ്ഞു.

ബാലിശമായ വാദം ഉന്നയിച്ച് ആശാപ്രവര്‍ത്തകരുടെ സമരത്തെ രാഷ്ട്രീയമായി പരിഹസിക്കുന്നതില്‍ നിന്ന് സിപിഎം നേതാക്കള്‍ പിന്‍മാറണം.ഐഎന്‍ടിയുസിയേയും സി ഐടിയുവിനെയും താരതമ്യം ചെയ്യണ്ട. സിപിഎമ്മിന് വേണ്ടി സ്തുതിപാടുന്നവരാണ് സി ഐടിയുക്കാര്‍. ആശാവര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് ഐഎന്‍ടിയുസി നേതാക്കള്‍ പ്രത്യക്ഷ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആശാവര്‍ക്കര്‍മാരെ സി ഐടിയു നേതാക്കള്‍ അധിക്ഷേപിച്ചത് പോലെ ഐഎന്‍ടിയുസി നേതാക്കള്‍ സംസാരിച്ചിട്ടില്ല. സി ഐടിയു നേതാക്കളുടെ പ്രസ്താവനയെ ഇടതുചിന്തകന്‍ കൂടിയായ കെ.സച്ചിദാനന്ദന്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. തൊഴിലാളി സമരത്തെ അധിക്ഷേപിക്കുന്ന നേതാക്കള്‍ സി ഐടിയുവിന്റെ തലപ്പത്തുണ്ടെങ്കില്‍ കേരളത്തില്‍ കമ്യൂണിസവും വര്‍ഗസമരവും നടക്കില്ലെന്ന് സച്ചിദാനന്ദന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എംഎം ഹസ്സൻ ചൂണ്ടിക്കാട്ടി.

എസ്.യു .സി ഐ ഭീകരസംഘടനയല്ല. അവര്‍ തൊഴിലാളികള്‍ക്ക് വേണ്ടിയല്ലെ സമരം ചെയ്യുന്നത്? തൊഴിലാളി ക്ഷേമ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ തള്ളിപ്പറയുന്നത് എന്തിനാണ്? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനമല്ല. അവര്‍ക്ക് മുതലാളിത്ത നിലപാടാണ്. തൊഴിലാളികളോട് പുച്ഛമാണ് കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക്. കുത്തക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും എംഎം ഹസന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കടല്‍ മണല്‍ ഖനന നിലപാടിന് പ്രോത്സാഹനം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ദുരൂഹവും ആത്മാര്‍ത്ഥയുമില്ലാത്തിനാലാണ് ആ വിഷയത്തില്‍ അവരുമായി യോജിച്ച സമരത്തിന് യുഡിഎഫ് തയ്യാറാകാത്തത്. ഈ വിഷയത്തില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ ഏക അഭിപ്രായമാണ്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. ശശി തരൂര്‍ പറയുന്നത് ആഗോളതലത്തിലെ കാര്യങ്ങളാണ്.അതിനെല്ലാം മറുപടിയാന്‍ സാധിക്കില്ല. ഞങ്ങള്‍ പ്രാദേശിക നേതാക്കളാണ്. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി വിവാദപരമായ പ്രസ്താവന ആരും നൽകരുതെന്ന് എ ഐസിസിയുടെ നിര്‍ദ്ദേശമുണ്ട്. അത് തനിക്ക് ബാധകമാണ്. മൂന്നാം പിണറായി സര്‍ക്കാരെന്നത് സിപിഎം സഹയാത്രികരായ മാധ്യമപ്രവര്‍ത്തകരുടെ പ്രചരണമാണ്. മൂന്നാമതും ഇടതുഭരണമെന്നത് അവരുടെ പകല്‍ക്കിനാവ് മാത്രമാണ്. യുഡിഎഫിന് അധികാരത്തിലെത്തുക എന്നത് മാത്രമാണ് ഞങ്ങള്‍ക്ക് മുന്നിലുള്ള ലക്ഷ്യമെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *