ദളിതര്‍ക്ക് സമൂഹിക പുരോഗതി കൈവരണമെങ്കില്‍ ജനങ്ങളുടെ മനോഭാവം മാറണ്ടതുണ്ട് – ഗവര്‍ണര്‍ അര്‍ലേക്കര്‍

Spread the love

തിരുവനന്തപുരം : സ്വാതന്ത്ര്യം ലഭിച്ച് എട്ടു പതിറ്റാണ്ടായിട്ടും ഇന്ത്യയില്‍ ദളിത് പിന്നോക്കവിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാകണം എന്നതിനെ ആരും ഗൗരവമായി എടുക്കാത്തതാണ് ഏറ്റവും വലിയ പരാജയം എന്ന് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതി പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തിരുവവന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ദളിത് പ്രോഗ്രസ് കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ജനങ്ങളുടെ മനോഭാവം മാറിയാല്‍ മാത്രമേ സാമൂഹികമായ പുരോഗതി കൈവരിക്കാനാകൂ. അതു മാറാത്തതു കൊണ്ടാണ് ഇന്ത്യയില്‍ ദളിത് വിഭാഗങ്ങളുടെ സാമൂഹ്യപുരോഗതി ഇനിയും അകലെയായിരിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യരിലൊരാളായിരുന്നു ഡോ. അംബേദ്കര്‍. അംബേദ്കറുടെ ജയന്തി ഇന്ത്യയില്‍ ദളിത് വിഭാഗങ്ങള്‍ മാത്രമാണ് ആഘോഷിക്കുന്നത്. അത് എല്ലാ ഇന്ത്യക്കാരും ആഘോഷിക്കാന്‍ തുടങ്ങേണ്ടതുണ്ട് – ഗവര്‍ണര്‍ പറഞ്ഞു.

ദളിത് ആദിവാസി വിഭാഗത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം പാര്‍ക്കാനുള്ള ഭൂമിയാണ് എന്നും പാട്ടക്കാലാവധി കഴിഞ്ഞ പ്‌ളാന്റേഷനുകള്‍ തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളില്‍ ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി എല്ലാ പുതുവര്‍ഷവും ഓരോരോ ദളിത് കോളനികളില്‍ ചിലവഴിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ ദളിത് കോണ്‍ക്‌ളേവ് എന്നും ഈ ഏകദിന സെഷനില്‍ നിന്നു ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ തുടര്‍നടപടികള്‍ക്കായി കേരളാ സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും കൈമാറുമെന്നും ചെന്നിത്തല പറഞ്ഞു.

കിഫ്ബി പ്രോജക്ടുകള്‍ ആരംഭിച്ചതോടെ ദളിത് ആദിവാസി വിഭാഗങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് പതിനായിരക്കണക്കിന് കോടി രൂപ പൂര്‍ണമായും നഷ്ടപ്പെട്ടതായി മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടു വന്ന കിഫ്ബിയുടെ ഏറ്റവും വലിയ രക്തസാക്ഷികള്‍ കേരളത്തിലെ ദളിത് ആദിവാസി സമൂഹമാണ്. പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുക വഴി ഈ വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി ചെലവഴിക്കേണ്ടിയിരുന്ന കോടിക്കണക്കിനു രൂപ നഷ്ടപ്പെട്ടു. ദളിത് ആദിവാസി സമൂഹങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവന്ന് പുതിയൊരു കേരളാമോഡല്‍ സൃ്ഷ്ടിക്കേണ്ടതുണ്ടെന്ന് അ്‌ദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ദളിതര്‍ മാനസിക അടിമത്തത്തില്‍ നിന്ന് മോചിതരാകേണ്ടതുണ്ടെന്ന് ഡോ. ബിആര്‍ അംബേദ്കറുടെ ചെറുമകനും ദളിത് മൂവ് മെന്റ് നേതാവുമായ പ്രകാശ് അംബേദ്കര്‍ വ്യക്തമാക്കി. ദളിത് വികസനത്തിനുള്ള ഫണ്ടുകള്‍ മറ്റു കാര്യങ്ങള്‍ക്കു ചിലവഴിക്കരുത്. ദളിത് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പ്രത്യേക ബാങ്കിങ് സംവിധാനം ഏര്‍്‌പ്പെടുത്തണമെന്നും 95 ശതമാനം ലോണും അഞ്ചു ശതമാനം സെക്യൂരിറ്റിയും എന്നാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദളിത് എന്ന പദം അടിച്ചമര്‍ത്തപ്പെട്ടവരെ ഒന്നിപ്പിക്കുന്ന ഒന്നാണെന്നും അ്ല്ലാതെ അത് അവജ്ഞാപൂര്‍ണമായ ഒന്നാണെന്നു ചിന്തിക്കരുതെന്നും തിരുമാവളവന്‍ എംപി പറഞ്ഞു. അത്തരം ഒരു സംജ്ഞ പാര്‍ശ്വവല്‍ക്കരുക്കപ്പെട്ട മൊത്തം ജനവിഭാഗങ്ങളെയും പ്രതിനിധീകരിക്കാന്‍ ആവശ്യമുണ്ട്.

ദളിത് ആദിവാസി സമൂഹം നേരിട്ടത് വന്‍ ക്രൂരതകളാണെന്നും പക്ഷേ അതെല്ലാം നാം ഒരുമിച്ചു നിന്ന് അതിജീവിച്ചുവെന്നും തെലങ്കാന മന്ത്രി ധന്‍സാരി അനസൂയ പറഞ്ഞു.

എട്ടു തവണ എംപിയായി തെരഞ്ഞടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷ് എംപിയേയും പദ്മശ്രീ അവാര്‍ഡ് ജേതാവായ ലക്ഷ്മിക്കുട്ടിയമ്മയേയും ചടങ്ങില്‍ ആദരിച്ചു.

ജിഗ്നേഷ് മെവാനി എം എൽ എ, ജെ. സുധാകരൻ, എം ആർ തമ്പാൻ എന്നിവർ പ്രസംഗിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *