ബിസിനസുകാര്‍ക്ക് ക്രെഡിറ്റ്‌ കാർഡുമായി ഫെഡറല്‍ ബാങ്ക്‌

Spread the love

കൊച്ചി: ചെറുകിട, ഇടത്തരം സംരംഭകരുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന നിരവധി സവിശേഷതകൾ ചേർന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌ ഫെഡറൽ ബാങ്ക് പുറത്തിറക്കി. നാഷണല്‍ പെയ്‌മെന്റ്‌ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും വിസയുമായി സഹകരിച്ച് പുറത്തിറക്കിയ കാർഡിന് ഫെഡ്‌ സ്റ്റാര്‍ ബിസ്‌ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യയിലെ ചടുലമായ ബിസിനസ് കാലാവസ്ഥയെ ശാക്തീകരിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ട്, കമേഴ്‌സ്യൽ കാര്‍ഡ്‌ വിഭാഗത്തിലേക്ക് ബാങ്ക് നടത്തിയ തന്ത്രപരമായ ചുവടുവെപ്പ് കൂടിയാണ് ഫെഡ്‌ സ്റ്റാര്‍ ബിസ്‌.

രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കു വഹിക്കുന്ന എസ്‌എംഇ ഇടപാടുകാർക്ക് നവീനമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഫെഡറല്‍ ബാങ്ക്‌ എന്നും മുന്‍നിരയിലാണെന്ന്‌ കാര്‍ഡ്‌ അവതരിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കവെ ഫെഡറല്‍ ബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. ഈ പ്രയാണത്തിന്റെ ഭാഗമായാണ്‌ ബിസിനസ്‌ ക്രെഡിറ്റ്‌ കാര്‍ഡായ ഫെഡ്‌ സ്റ്റാര്‍ ബിസ്‌ അവതരിപ്പിക്കുന്നത്‌. റൂപെ, വീസ വേരിയന്റുകളിലായി ഫെഡ്‌ സ്റ്റാര്‍ ബിസ്‌ ലഭ്യമാണ്‌. ഇടപാടുകാരുടെ ഓവര്‍ഡ്രാഫ്‌റ്റ്‌, കാഷ്‌ ക്രെഡിറ്റ്‌ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് കാര്‍ഡ്‌ നൽകുന്നത്. ഇന്നത്തെ മല്‍സരാധിഷ്‌ഠിത സാഹചര്യങ്ങളില്‍ മുന്നേറാന്‍ സാമ്പത്തിക സൗകര്യങ്ങളും സുരക്ഷയും നല്‍കി ബിസിനസുകാര്‍ക്ക്‌ സഹായകമായ രീതിയിലാണ്‌ കാര്‍ഡ്‌ ഒരുക്കിയിരിക്കുന്നത് എന്നും ശാലിനി വാര്യര്‍ പറഞ്ഞു.

ഓവര്‍ഡ്രാഫ്‌റ്റ്‌, കാഷ്‌ ക്രെഡിറ്റ്‌ അക്കൗണ്ടുകളിലായി 50 ലക്ഷം രൂപ വരെ പരിധിയുള്ള ബിസിനസുകാര്‍ക്ക്‌ കാര്‍ഡുകള്‍ ലഭിക്കുന്നതാണ്. പ്രതിദിനം പരമാവധി മൂന്നു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനാവും. ആധുനിക ടോക്കണൈസേഷന്‍, എന്‍ക്രിപ്‌ഷന്‍ സാങ്കേതികവിദ്യകള്‍ ഓരോ ഇടപാടിനും മികച്ച സുരക്ഷ ലഭ്യമാക്കും.

ഫെഡ് സ്റ്റാർ ബിസുമായി ബന്ധപ്പെട്ട് ഫെഡറൽ ബാങ്കുമായി പങ്കാളികളായതിൽ സന്തോഷമുണ്ടെന്ന് എന്‍പിസിഐയുടെ ചീഫ് ഓഫ് റിലേഷന്‍ഷിപ്‌ മാനേജുമെന്റ്‌ രജീത്ത്‌ പിള്ള പറഞ്ഞു. ബിസിനസ്‌ ഇടപാടുകാർക്ക് കൂടുതല്‍ മികച്ചതും സുരക്ഷിതവുമായ പെയ്‌മെന്റ്‌ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിലെ സുപ്രധാന ചുവടു വെപ്പാണിത്. റുപേയുടെ വിപുലമായ സ്വീകാര്യതയും ആധുനിക സുരക്ഷാ സംവിധാനങ്ങളും ചേരുമ്പോൾ തടസരഹിതവും സുരക്ഷിതവുമായ ഇടപാടുകൾ നടത്താൻ ഇന്ത്യയെമ്പാടുമുള്ള ബിസിനസുകളെ ഫെഡ്‌ സ്റ്റാര്‍ ബിസ് ശാക്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിസിനസുകാർക്കായുള്ള ഫെഡറൽ ബാങ്കിന്റെ പ്രഥമ ക്രെഡിറ്റ് കാർഡായ ഫെഡ് സ്റ്റാർ ബിസിന്റെ ലോഞ്ചിലൂടെ ഫെഡറൽ ബാങ്കുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ കഴിഞ്ഞതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് വീസ ഇന്ത്യ കണ്‍ട്രി മാനേജര്‍ റിഷി ഛബ്ര പറഞ്ഞു. ബിസിനസുകള്‍ക്ക്‌ മികച്ച ആനുകൂല്യങ്ങള്‍, സാമ്പത്തിക നിയന്ത്രണങ്ങള്‍, സൗകര്യങ്ങൾ തുടങ്ങിയവ നല്‍കുന്നതാണ്‌ വീസയുടെ ആഗോള സ്വീകാര്യതയുടെ പിന്തുണയോടെയുള്ള പുതിയ സംവിധാനം. വീസയുടെ വിശ്വാസ്യത, സുരക്ഷ, ലാളിത്യം, സൗകര്യം എന്നിവയുടെ പശ്ചാത്തലത്തിൽ എല്ലാ വിഭാഗം ബിസിനസുകള്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള അവസരമൊരുക്കാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ്‌, വാണിജ്യ പെയ്‌മെന്റ്‌ രംഗത്തെ സ്ഥാനം ശക്തമാക്കാനുള്ള സമഗ്ര നീക്കങ്ങളുടെ ആദ്യ ഘട്ടമായാണ്‌ ബാങ്ക് ഫെഡ്‌ സ്റ്റാര്‍ ബിസ്‌ അവതരിപ്പിച്ചത്‌. ബിസിനസ്‌ രംഗത്തെ വിവിധ വിഭാഗങ്ങള്‍ക്കായുള്ള നിരവധി ഉത്പന്നങ്ങൾ പുറത്തിറക്കാൻ നടപ്പു സാമ്പത്തികവർഷം ബാങ്ക്‌ പദ്ധതിയിടുന്നുണ്ട്‌.

 

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *