മകള്‍ എസ്.എഫ്.ഐ.ഒ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയന്‍ അടിയന്തിരമായി രാജിവയ്ക്കണം – പ്രതിപക്ഷ നേതാവ്

Spread the love

മകള്‍ എസ്.എഫ്.ഐ.ഒ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയന്‍ അടിയന്തിരമായി രാജിവയ്ക്കണം.

മകള്‍ എസ്.എഫ്.ഐ.ഒ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയന്‍ അടിയന്തിരമായി രാജിവയ്ക്കണം; കരുവന്നൂര്‍ കേസ് ഒത്തുതീര്‍പ്പാക്കി തൃശൂരില്‍ ബി.ജെ.പി വിജയിച്ചതു പോലെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ പിണറായിയുടെ കഴുത്തില്‍ വച്ചിരിക്കുന്ന കത്തിയായി ഈ കേസ് മാറരുത്; കോടിയേരിക്ക് നല്‍കാത്ത ആനുകൂല്യം പിണറായിക്ക് സി.പി.എം നല്‍കുന്നത് എന്തുകൊണ്ട്? യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ പത്ത് മിനിട്ട് കൊണ്ട് മുനമ്പം പ്രശ്‌നം പരിഹരിക്കും; വഖഫ് ബില്ലിന്റെ പേരില്‍ മുനമ്പം നിവാസികളെ ബി.ജെ.പി തെറ്റിദ്ധരിപ്പിക്കുന്നു; നിയമം പാസയിട്ടല്ലേയൂള്ളൂ ആരാണ് പ്രതിക്കൂട്ടിലാകുന്നതെന്ന് ദിവസങ്ങള്‍ കഴിയുമ്പോള്‍ അറിയാം; വൈദികന് എതിരായ ആക്രമണത്തില്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പിയും മറുപടി പറയണം.

പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം (04/04/2025)

പറവൂര്‍ (കൊച്ചി) :  എസ്.എഫ്.ഐ.ഒയുടെ അന്വേഷണത്തിന്റെ ഭാഗമായി മകള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയന്‍ അടിയന്തിരമായി രാജിവയ്ക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. ഒരു സേവനവും നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് 2 കോടി 70 ലക്ഷം എത്തിയതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പറയാനുള്ള അവസരം കൂടി നല്‍കിയ ശേഷമാണ് എസ്.എഫ്.ഐ.ഒ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമായി പിണറായി വിജയന് കഴിയില്ല. നേരത്തെ ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നവര്‍ രാജിവച്ച ചരിത്രമാണ് നമ്മുടെ നാട്ടിലും രാജ്യത്തുമുള്ളത്. അതനുസരിച്ച് രാജിവച്ച് പുറത്തു പോകുന്നതാണ് പിണറായിക്ക് ഉത്തമം. രാജിവയ്ക്കാതെ അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടക്കാന്‍ ശ്രമിച്ചാല്‍ ഇനിയുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി കൂടുതല്‍ വഷളാകും. മുഖ്യമന്ത്രിയുടെ രാജിയാണ് ജനങ്ങളും ആഗ്രഹിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ളത് ഇന്‍കം ടാക്‌സ് ട്രൈബ്യൂണലിന്റെ അപ്പലേറ്റ് ബോഡിന്റെ കണ്ടെത്തലാണ്. അല്ലാതെ ഇതൊരു രാഷ്ട്രീയ കേസല്ല. രാഷ്ട്രീയ കേസുകളിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എം നേതാക്കള്‍ക്കും ഒപ്പമാണ്. ലാവലിന്‍ കേസില്‍ വര്‍ഷങ്ങളായിട്ടും ഹാജരാകാന്‍ പോലും സി.ബി.ഐ അഭിഭാഷകര്‍ തയാറായിട്ടില്ല. 35 തവണയാണ് കേസ് മാറ്റിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണവും മുക്കി. സി.എം.ആര്‍.എല്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് സ്റ്റാറ്റിയൂട്ടറി ബോഡിയുടെ കണ്ടെത്തലില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്.എഫ്.ഐ.ഒ മുഖ്യമന്ത്രിയുടെ മകളെയും പ്രതിയാക്കിയത്. വിജിലന്‍സ് കേസ് നിലനില്‍ക്കണമെങ്കില്‍ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് വേണം. എന്നാല്‍ ഇത് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടാണ്. ഇതില്‍ ഏതാണ് നിലനില്‍ക്കുന്നത് എന്നത് നിയമപരമായ ചോദ്യമാണ്. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് കേസ് നില്‍ക്കില്ലെന്ന് മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ കേരള ഹൈക്കോടതി പറഞ്ഞത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് നിലനില്‍ക്കുന്നതു കൊണ്ടാണ് അറ് മുതല്‍ പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടുന്ന സെക്ഷന്‍ 447 അനുസരിച്ച് എസ്.എഫ്.ഐ.ഒ കേസെടുത്ത് പ്രതി ചേര്‍ത്തത്. ഏത് കേസ് വന്നാലും രാഷ്ട്രീ പ്രേരിതമാണെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമായി ഉണ്ടായതല്ല. അതുകൊണ്ടാണ് അന്വേഷിക്കണമെന്ന് യു.ഡി.എഫും ആവശ്യപ്പെട്ടത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് കരുവന്നൂര്‍ കേസ് ഒത്തുതീര്‍പ്പാക്കി തൃശൂരില്‍ ബി.ജെ.പി വിജയിച്ചതു പോലെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ കഴുത്തില്‍ വച്ചിരിക്കുന്ന കത്തിയായി ഈ കേസ് മാറരുത്.

മധുരയില്‍ സി.പി.എമ്മിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെയും മകളെയും സംരക്ഷിച്ച് സംസാരിക്കുന്നുണ്ട്. പണ്ട് യു.പി.എ മന്ത്രിസഭയില്‍ റെയില്‍വെ മന്ത്രിയായിരുന്ന പവന്‍ കുമാര്‍ ബെന്‍സാലിന്റെ ബന്ധു അഴിമതിക്കേസില്‍ പെട്ടപ്പോള്‍ മന്ത്രി രാജി വയ്ക്കണമെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. അത് അകന്ന ബന്ധുവായിരുന്നു പക്ഷെ ഇവിടെ ഇപ്പോള്‍ മകളാണ് അഴിമതി കേസില്‍പ്പെട്ടിരിക്കുന്നത്. കോടിയേരിയുടെ മകന്‍ കേസില്‍പ്പെട്ടപ്പോഴും ഈ നിലപാടല്ലല്ലോ പാര്‍ട്ടി എടുത്തത്? പിന്നെ എന്തിനാണ് ഇപ്പോള്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്നത്. കോടിയേരി ബാലകൃഷ്ണനോടും പിണറായി വിജയനോടും സി.പി.എം എന്തിനാണ് ഇരട്ടത്താപ്പ് കാട്ടുന്നത്. അധികാരത്തില്‍ ഇരിക്കുന്ന പിണറായി വിജയനെ ഭയന്നാണോ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഒപ്പമുള്ളവര്‍ മത്സരിക്കുന്നത്? ഇതിനൊക്കെ സി.പി.എം ഉത്തരം പറയണം.

ഒരു സേവനവും നടത്താതെയാണ് പണം നല്‍കിയത്. ബിസിനസ് നടത്തുന്ന എല്ലാവര്‍ക്കും ആളുകള്‍ വെറുതെ പണം അയയ്ക്കുമോ? പണത്തിന് പകരമായി എന്താണ് ചെയ്തു കൊടുത്തതെന്ന് പിന്നീട് അന്വേഷിക്കേണ്ടി വരും. മറ്റ് ആരെയെങ്കിലും കുറിച്ച് ആക്ഷേപം വന്നാല്‍ ധാര്‍മ്മികമായി തുടരാന്‍ അവകാശമില്ലെന്നു തന്നെയല്ലേ സി.പി.എമ്മും പറയാറുള്ളത്. അതു തന്നെയാണ് ഇപ്പോള്‍ ഞങ്ങളും പറയുന്നത്.

മറ്റു നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുമാണ് ഫണ്ട് വാങ്ങിയത്. ബിസിനസുകാരില്‍ നിന്നും രാഷ്ട്രീയ നേതാക്കള്‍ പണം വാങ്ങുന്നത് എങ്ങനെയാണ് ക്രിമിനല്‍ കുറ്റമാകുന്നത്. 2 കോടി 70 ലക്ഷം പാര്‍ട്ടിയുടെ ഫണ്ടിലേക്കാണ് പിണറായി വിജയന്‍ വാങ്ങിയിരുന്നതെങ്കിലും ഞങ്ങളാരും ആക്ഷേപം ഉന്നയിക്കില്ലായിരുന്നു. തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയില്ലെന്നാണ് സി.പി.എം പറയുന്നത്. പക്ഷെ മറ്റു പാര്‍ട്ടികള്‍ക്ക് ബോണ്ട് നല്‍കിയ അതേ കമ്പനികളില്‍ നിന്നും സി.പി.എം നേരിട്ട് പണം നല്‍കിയതിന് തെളിവുകളുണ്ട്.

കമ്പനിയുടെ അക്കൗണ്ടില്‍ വന്ന പണത്തിനാണ് മുഖ്യമന്ത്രിയുടെ മകള്‍ നികുതി നല്‍കിയത്. അത് സ്വാഭാവികമായും നല്‍കേണ്ടതാണ്. എന്നിട്ട് നികുതി അടച്ച പണമാണെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.? അക്കൗണ്ടില്‍ കൂടി പണം വെളുപ്പിക്കാന്‍ നോക്കിയതു കൊണ്ടാണ് പി.എം.എല്‍ ആക്ട് വന്നത്. ഇ.ഡിയുടെ കൂടി അന്വേഷണ പരിധിയില്‍ വരേണ്ട കേസാണിത്. ഗോകുലം ഗോപാലന്‍ വീട്ടില്‍ ഇ.ഡി കേറാനുള്ള കാരണം ഭക്ഷണം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം.

വഖഫ് ബില്ലിന്റെ പേരില്‍ മുനമ്പം നിവാസികളെ ബി.ജെ.പി തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു മത വിശ്വാസങ്ങളെയും ആചാരങ്ങളെയും മത സ്ഥാപനങ്ങളെയും അധികാരം ഉപയോഗിച്ച് കവര്‍ന്നെടുക്കാന്‍ ശ്രമിക്കരുതെന്നത് കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും നിലപാടാണ്. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ഇക്കാര്യം ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ആ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. നാളെ ചര്‍ച്ച് ബില്‍ വന്നാലും ഇതുതന്നെയാകും ഞങ്ങളുടെ നിലപാട്. ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരുടെ ഉദ്ദേശ്യം രണ്ട് മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വളര്‍ത്തിയെടുക്കലാണ്. അതില്‍ ആരും വീണു പോകരുത്. ഇതേ ബി.ജെ.പിയാണ് ജെബല്‍പൂരില്‍ പൊലീസിന് മുന്നിലിട്ട് വൈദികനെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായി നൂറുകണക്കിന് ആക്രമണങ്ങളാണ് പ്രര്‍ത്ഥനാ കൂട്ടായ്മകള്‍ക്കും ക്രിസ്മസ് ആഘോഷങ്ങള്‍ക്കും എതിരെ ഉണ്ടായത്. ചണ്ഡീഗഢില്‍ ദുഖ വെള്ളിയാഴ്ച പ്രവൃത്തി ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജെബല്‍പൂരിലെ ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് മര്യാദയ്ക്ക് ഇരിക്കാനാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. മര്യാദയ്ക്ക് ഇരിക്കേണ്ടത് മാധ്യമ പ്രവര്‍ത്തകരല്ല, സംഘ്പരിവാറുകാരും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുമാണ്. സിനിമാ താരമെന്ന നിലയിലല്ല കേന്ദ്ര മന്ത്രിയെന്ന നിലയിലാണ് സുരേഷ് ഗോപിയോട് മാധ്യമങ്ങള്‍ ചോദിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വൈദികനാണ് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ആക്രമിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് കാലത്ത് പള്ളിയില്‍ സ്വര്‍ണ്ണ കിരീടവുമായി പോയാല്‍ മാത്രം പോര, ക്രൈസ്തവരെ സംരക്ഷിക്കാനുള്ള ബാധ്യത കൂടി കേന്ദ്ര മന്ത്രിക്കുണ്ട്. വൈദികന് എതിരായ ആക്രമണത്തില്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പിയും മറുപടി പറഞ്ഞേ മതിയാകൂ. വീടുകളില്‍ കേക്കുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ രാജ്യത്ത് ഉടനീളെ പള്ളികള്‍ ആക്രമിക്കും. എത്രയോ വൈദികരാണ് യു.പിയില്‍ ഉള്‍പ്പെടെ ജയിലില്‍ കിടക്കുന്നത്. സ്റ്റാന്‍സാമിയെ ജയിലിലിട്ട് കൊന്നു. സുരേഷ് ഗോപി മന്ത്രിയാണെന്നത് മറക്കാന്‍ പാടില്ല. ചോദ്യങ്ങള്‍ക്ക് മറുപടി പറയണം.

സമസ്ത മുഖപത്രം കോണ്‍ഗ്രസിനെ അഭിനന്ദിച്ചു കൊണ്ടാണ് എഴുതിയിരിക്കുന്നത്. ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്തുക എന്നത് സി.പി.എം അജണ്ടയാണ്. ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ ഒറ്റക്കെട്ടായാണ് ഇന്ത്യ മുന്നണി പാര്‍ലമെന്റില്‍ വഖഫ് ഭേദഗതിയെ എതിര്‍ത്തത്. പാര്‍ലമെന്റില്‍ ചെല്ലുമ്പോഴാണ് ബില്‍ ഏതാണെന്ന് പോലും അറിയുന്നത്. പ്രിയങ്ക ഗാന്ധി പാര്‍ട്ടിയില്‍ നിന്നും നേരത്തെ അനുവാദം വാങ്ങിയാണ് ഏറ്റവും അടുത്ത ആളുടെ കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് പോയത്. ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി നിന്നപ്പോള്‍ സി.പി.എമ്മിന്റെ ഒരു എം.പി ഉള്‍പ്പെടെയുള്ളവരാണ് കഥകള്‍ക്ക് പിന്നില്‍. എല്ലാ ബില്ലുകളിലും പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കാറില്ല. കേരളത്തില്‍ വിദ്യാഭ്യാസ ബില്ലില്‍ ഞാനും പ്രസംഗിച്ചിട്ടില്ല. പാര്‍ട്ടികള്‍ക്ക് കിട്ടുന്ന കുറച്ച് സമയം അംഗങ്ങള്‍ക്ക് വീതിച്ച് നല്‍കും. രണ്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരാണ് സംസാരിച്ചത്. കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും നിലപാട് കെ.സി വേണുഗോപാലും ഗൗരവ് ഗഗോയിയും പറഞ്ഞിട്ടുണ്ട്. മുനമ്പം കൂടി പ്രതിനിധാനം ചെയ്യുന്ന ബൈബി ഈഡനും രാജ്യസഭയില്‍ ജെബി മേത്തറും പ്രസംഗിച്ചു. പ്രതിപക്ഷ പ്രകടനത്തിന്റെ നിറം കെടുത്താനാണ് സി.പി.എം ശ്രമിച്ചത്.

വഖഫ് ബില്‍ പാസായതു കൊണ്ട് മുനമ്പത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകില്ല. നിയമത്തിന് മുന്‍കാല പ്രബല്യം ഇല്ലെന്ന് കേന്ദ്ര മന്ത്രി തന്നെയാണ് പറഞ്ഞത്. ഇക്കാര്യം ദീപിക ദിനപ്പത്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുനമ്പത്തിന്റെ കാര്യത്തില്‍ നല്‍കിയ അമന്റ്‌മെന്റുകള്‍ പോലും പരിഗണിച്ചില്ല. ബില്ല് പാസാക്കിയതു കൊണ്ട് മുനമ്പം വിഷയം എങ്ങനെ പരിഹരിക്കുമെന്നു കൂടി ബി.ജെ.പി നേതാക്കള്‍ പറയണം. മുനമ്പത്തെ നിയമപരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ യു.ഡി.എഫ് പരിശോധിച്ചിട്ടുണ്ട്. മുനമ്പത്ത് ആര് ചെന്നാലും അവരെയൊക്കെ സ്വീകരിക്കും. സഭാ നേതൃത്വത്തെ യു.ഡി.എഫ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. സി.പി.എമ്മാണ് മുനമ്പം വിഷയമുണ്ടാക്കിയത്. വി.എസിന്റെ കാലത്തെ നിസാര്‍ കമ്മീഷനാണ് പ്രശ്‌നമുണ്ടാക്കിയത്. പിന്നീട് യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ? 2019-ല്‍ കരം അടയ്ക്കരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത് ഏത് സര്‍ക്കാരാണ്? സി.പി.എം നിയമിച്ച വഖഫ് ബോര്‍ഡാണ് വഖഫ് ഭൂമിയാണെന്ന വാശി പിടിക്കുന്നത്. പത്ത് മിനിട്ട് കൊണ്ട് സംസ്ഥാന സര്‍ക്കാരിന് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ പത്ത് മിനിട്ട് കൊണ്ട് മുനമ്പത്തെ ഭൂമി പ്രശ്‌നം പരിഹരിക്കും. പ്രശ്‌നപരിഹാരം വൈകിപ്പിച്ച് ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യത്തിന് കേരള സര്‍ക്കാരും സി.പി.എം നേതാക്കളും കുടപിടിച്ചു കൊടുക്കുകയാണ്. മതപരമായ ഭിന്നിപ്പുണ്ടായാല്‍ അതില്‍ ഒരു ലാഭം സി.പി.എമ്മിനും കിട്ടുമെന്നതു കൊണ്ടാണ് തീരുമാനം എടുക്കാതെ വൈകിപ്പിക്കുന്നത്. മുനമ്പം വിഷയത്തില്‍ ഒന്നും രണ്ടും പ്രതികള്‍ സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമാണ്. നിയമം പാസയിട്ടല്ലേയൂള്ളൂ. ദിവസങ്ങള്‍ കഴിയുമ്പോള്‍ ആരാണ് പ്രതിക്കൂട്ടിലാകുന്നതെന്ന് അറിയാം.അവര്‍ പറയുന്നത് ശരിയല്ലെന്ന് കാലം തെളിയിച്ചാലോ.

കടയ്ക്കല്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ പണം എടുത്ത് പുഷ്പനെ അറിയാമോയെന്ന ഗാനമേളയില്‍ ഗായകന്‍ അലോഷിക്കെതിരെ മാത്രമല്ല ക്ഷേത്രോപദേശിക സമിതിക്കെതിരെ കേസെടുക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ക്ഷേത്രോപദേശക സമിതിയിലുള്ള സി.പി.എം നേതാക്കള്‍. സ്റ്റേജിന് പിന്നില്‍ ചെങ്കൊടിയും ഡി.വൈ.എഫ്.ഐ എന്ന് എഴുതിയതും കാണിച്ച് സി.പി.എം അധപതിക്കുകയാണ്. ഭക്തജനങ്ങളോടാണോ പുഷ്പനെ അറിയാമോയെന്നും ലാല്‍സലാം സഖാക്കളെ എന്നു പറയുന്നത്. ക്ഷേത്ര പരിസരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പാടില്ലെന്നതാണ് ഹൈക്കോടതി വിധി. കണ്ണൂരില്‍ തെയ്യം അമ്പലത്തിലേക്ക് കയറിയപ്പോള്‍ സിന്ദാബാദ് വിളിച്ച് സി.പി.എം ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *