‘ലഹരി; മിഠായിയും ചോക്ലേറ്റും അല്ല’ , പ്രകാശനം ചെയ്തു

Spread the love

ലഹരിനിര്‍മ്മാര്‍ജന ബോധവത്കരണത്തിന് സാധ്യമായതെല്ലാം ചെയ്യും: ഗവര്‍ണര്‍

തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നത് അഭിമാനകരമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. മയക്കുമരുന്ന് അടുത്ത തലമുറയെ കൂടി നശിപ്പിക്കും, ഇപ്പോള്‍ ജാഗ്രതയാണ് വേണ്ടത്. നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇന്‍ഡയര്‍ക്റ്റ് ടാക്‌സസ് & നാര്‍ക്കോട്ടിക്‌സ്‌ന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ശ്രീകുമാര്‍ മേനോന്‍ രചിച്ച ‘ഡ്രഗ്‌സ് ആര്‍ നോട്ട്കാന്‍ഡീസ് ആന്‍ഡ് ചോക്ലേറ്റ്‌സ്’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

യുവാക്കള്‍ ലഹരിക്ക് അടിമപ്പെടുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണ വേണം. ഗവര്‍ണര്‍ എന്ന നിലയില്‍ ലഹരിനിര്‍മ്മാര്‍ജന ബോധവത്കരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യമായതെല്ലാം ചെയ്യും, അര്‍ലേക്കര്‍ പറഞ്ഞു.

108 മയക്കുമരുന്ന് വിരുദ്ധ സന്ദേശങ്ങളുടെ ശേഖരമാണ് പുസ്തകം. നിര്‍മിതബുദ്ധിയില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഓരോ സന്ദേശവും രേഖപ്പെടുത്തിയിരിക്കുന്നത്. യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിരുദ്ധ സന്ദേശങ്ങളുടെ ശേഖരമാണിത്. മയക്കുമരുന്ന് വിരുദ്ധ സെമിനാറുകള്‍, പരിപാടികള്‍, വര്‍ക്‌ഷോപ്പുകള്‍, സമ്മേളനങ്ങള്‍ എന്നിവയ്ക്കും ഉപയോഗിക്കാവുന്ന മികച്ച സന്ദേശങ്ങളാണ് ഓരോന്നും. പ്രകാശന ചടങ്ങില്‍ മുന്‍ അംബാസഡര്‍ ടി. പി. ശ്രീനിവാസന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്‍, വിദ്യാഭ്യാസ വിദഗ്ധന്‍ ടി. പി. സേതുമാധവന്‍, കമാന്‍ഡര്‍ വിനോദ് ശങ്കര്‍, കസ്റ്റംസ് സൂപ്രണ്ട് സീതാരാമന്‍, കസ്റ്റംസ് സൂപ്രണ്ട്, അഡ്വ. ഹരി കൃഷ്ണന്‍, റാണി മോഹന്‍ദാസ്, എസ്. ബാബു, രമണി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പുസ്തകത്തിന്റെ മലയാളം, അറബി പതിപ്പുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഡോ. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.’

 

Author

Leave a Reply

Your email address will not be published. Required fields are marked *