മദ്യത്തില്‍ കേരളം നമ്പര്‍ വണ്‍ പിണറായി വിജയന്റെ ബാറുകളോടുള്ള കൂറ് തെളിഞ്ഞെന്ന് കെ സുധാകരന്‍ എംപി

Spread the love

ഡ്രൈഡേ ഒഴിവാക്കി പുതിയ മദ്യനയം നടപ്പാക്കാന്‍ ബാറുടമകള്‍ വ്യാപകമായി പണപ്പിരിവിന് ആഹ്വാനം ചെയ്ത ശബ്ദസന്ദേശം പുറത്തുവന്ന് ഒരു വര്‍ഷമാകും മുമ്പ് അതു നടപ്പാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ബാറുടമകളോടും മദ്യത്തോടുമുള്ള കൂറ് തെളിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തെരഞ്ഞെടുപ്പ് കാലത്ത് ബാര്‍ ഉടമകളില്‍നിന്ന് കോടികള്‍ ബലംപ്രയോഗിച്ച് പിരിച്ചെടുത്തെന്നും പണം നല്കാത്തവരെ കള്ളക്കേില്‍ കുടുക്കിയെന്നും 2024 ഏപ്രില്‍ 12ന് മുഖ്യമന്ത്രിക്ക് ബാര്‍ ഉടമകള്‍ പരാതി നല്കി. തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാണ് കോടികള്‍ പിരിച്ചെടുത്തതെന്നു ബാറുടമകളുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബാര്‍ ഉടമകളില്‍നിന്ന് വീണ്ടും രണ്ടരലക്ഷം രൂപ വീതം പിരിക്കുന്നതു സംബന്ധിച്ച് ഇവരുടെ യോഗത്തില്‍നിന്ന് ശബ്ദസന്ദേശം ചോര്‍ന്നു.

പുതിയ മദ്യനയപ്രകാരം ഡ്രൈഡേയില്‍ മദ്യം, ടൂറിസം കപ്പലുകളില്‍ മദ്യം, ത്രീസ്റ്റാര്‍ റസ്റ്റോറന്റുകളില്‍ കള്ള്, ഐടി പാര്‍ക്കുകളില്‍ ബാര്‍ തുടങ്ങി ബാറുടമകള്‍ ആവശ്യപ്പെട്ടതെല്ലാം പിണറായി സര്‍ക്കാര്‍ അനുവദിച്ചു. ഭസ്മാസുരനു വരം കൊടുത്തതുപോലെ പിണറായി വിജയന്‍ മദ്യമൊഴുക്കി കേരളത്തിന്റെയും സ്വന്തം അധ:പതനത്തിന്റെയും ശവക്കുഴി മാന്തുകയാണ്. ബാറുടമകളില്‍ നിന്നു സമാഹരിച്ച കോടികള്‍ക്കുള്ള പ്രത്യുപകാരമാണ് പുതിയ മദ്യനയം.

ലഹരിക്കെതിരേ ഈ മാസം 16ന് മതമേലധ്യക്ഷന്മാരുടെയു 17ന് സര്‍വകകക്ഷികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ശക്തമായ പ്രചാരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ലഹരിയെപ്പോലെ തന്നെ അത്യന്തം വിനാശകരമായ മദ്യം മറ്റൊരു വശത്തുകൂടി ഒഴുക്കിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രഹസനം നടത്തുന്നത്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്ന ഇടതുമുന്നണിയുടെ പ്രകടന പത്രിക കാറ്റില്‍ പറന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വെറും 29 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രം ഉണ്ടായിരുന്നിടത്തുനിന്ന് പിണറായി സര്‍ക്കാരിന്റെ കാലത്ത് 848 ബാറുകളായി ഉയര്‍ന്നു. 819 ബാറുകളുടെ വര്‍ധന! രാജ്യത്ത് ഏറ്റവുമധികം ബാറുകള്‍ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ തുറന്ന സംസ്ഥാനം കൊച്ചുകേരളമാണ്. കേരളം നമ്പര്‍ വണ്‍ എന്ന സര്‍ക്കാരിന്റെ പ്രചാരണത്തില്‍ ഇക്കാര്യംകൂടി ഉള്‍പ്പെടുത്താവുന്നതാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Author

Leave a Reply

Your email address will not be published. Required fields are marked *